20 April Saturday
പൂർത്തിയായത് 1052 കണക്ഷനുകൾ

കെ- ഫോൺ റേഞ്ചിൽ ജില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

ചെറുതോണി ടൗൺഹാളിൽ കെ ഫോൺ ഇടുക്കി നിയോജക മണ്ഡലതലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
കെ ടി ബിനു ഉദ്ഘാടനം ചെയ്യുന്നു

 ഇടുക്കി

എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ- ഫോൺ പദ്ധതിയുടെ ഇടുക്കി നിയോജക മണ്ഡലതലം ചെറുതോണി ടൗൺഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്ഘാടനം ചെയ്‌തു. കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ ഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച നാടിന് സമർപ്പിക്കുന്ന ചടങ്ങിനോടനുബന്ധിച്ചാണ് നിയോജക മണ്ഡല ഉദ്ഘാടന ചടങ്ങ് നടത്തിയത്.  
കെഎസ്ഇബിയും കെഎസ്ഐറ്റിഐഎല്ലും ചേർന്നുള്ള സംരംഭമായ പദ്ധതി കെ ഫോൺ ലിമിറ്റഡ് വഴിയാണ് നടപ്പാക്കുന്നത്. ജില്ലയിൽ ആദ്യഘട്ടത്തിൽ 1396 ഇന്റർനെറ്റ് കണക്ഷനുകളാണ് നൽകുന്നത്. ഇതിൽ 1052 എണ്ണം പൂർത്തിയായി. ഇടുക്കി മണ്ഡലത്തിൽ വാഴത്തോപ്പ്, മരിയാപുരം, വാത്തിക്കുടി, കാമാക്ഷി, അറക്കുളം കഞ്ഞിക്കുഴി, കൊന്നത്തടി, കുടയത്തൂർ, കാഞ്ഞാർ എന്നീ പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലുമായി ആദ്യഘട്ടത്തിൽ 123 കുടുംബങ്ങളിലാണ് കെ ഫോൺ ഇന്റർനെറ്റ് എത്തുക.ജില്ലാ കലക്ടർ ഷീബാ ജോർജ് അധ്യക്ഷയായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ഹൗസിംഗ് ബോർഡ് ഡയറക്ടർ ഷാജി കാഞ്ഞമല, വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ ജി സത്യൻ, ഡിറ്റാജ് ജോസഫ്, നിമ്മി ജയൻ, രാജു കല്ലറയ്ക്കൽ, ടി ഇ നൗഷാദ്, ഇടുക്കി ഭുരേഖ തഹസിൽദാർ മിനി കെ ജോൺ, കേരള വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് എം കെ ജോർജ് എന്നിവർ പങ്കെടുത്തു.
ഡിജിറ്റൽ അടിസ്ഥാന
സൗകര്യം കാര്യക്ഷമമാകും
സംസ്ഥാനത്തെ ഡിജിറ്റൽ അടിസ്ഥാന സൗകര്യം ശക്തവും കാര്യക്ഷമവുമാക്കുന്നതിനായി സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കെ ഫോൺ. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ച് ഒരു നിയോജക മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 14,000 കുടുംബങ്ങളിലേക്കും 30,000 ൽപരം ഓഫീസുകളിലേക്കും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ എത്തിക്കുകയാണ് ഒന്നാം ഘട്ടം. മാത്രമല്ല കെ ഫോൺ പദ്ധതി വഴി എല്ലാവർക്കും ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനവുമായി കേരളം മാറുകയുമാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്കു സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും കെ ഫോൺ വഴി ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
നിലവിൽ 17,412 സർക്കാർ സ്ഥാപനങ്ങളിൽ കെ -ഫോൺ കണക്ഷൻ ലഭ്യമാക്കിക്കഴിഞ്ഞിട്ടുണ്ട്. 9,000 ത്തിലധികം വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള കേബിൾ വലിച്ചിട്ടുണ്ട്. 2,105 വീടുകൾക്ക് കണക്ഷൻ നൽകുകയും ചെയ്തിട്ടുണ്ട്. 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ കഴിയുന്ന ഐടി അടിസ്ഥാന സൗകര്യങ്ങൾ കെ- ഫോൺ ഇതിനോടകം സജ്ജമാക്കി. ഇതിനായി 2519 കി.മീറ്റർ ഒപിജിഡബ്ല്യു കേബിളിങ്ങും 19118 കിലോമീറ്റർ എഡിഎസ്എസ് കേബിളിങ്ങും പൂർത്തിയാക്കി. കൊച്ചി ഇൻഫോപാർക്ക് കേന്ദ്രീകരിച്ചാണ് കെ-ഫോണിന്റെ ഓപ്പറേറ്റിങ് സെന്റർ പ്രവർത്തിക്കുന്നത്. പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ കാറ്റഗറി ഒന്ന്‌ ലൈസൻസും ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ(ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസും നേരത്തെ ലഭ്യമായിരുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top