24 April Wednesday
യൂത്ത് കോൺഗ്രസ്–ലഹരിമാഫിയയുടെ ആക്രമണം: 5 പേർക്ക് പരിക്ക്

ഡിവൈഎഫ്‌ഐ സംസ്ഥാന 
കമ്മിറ്റിയംഗത്തിനുനേരെ വധശ്രമം

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
ഏലപ്പാറ
യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരായ ലഹരിമാഫിയ സംഘം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം  ബി അനൂപിനെ ക്രൂരമായി മർദ്ദിച്ച്‌ പരിക്കേൽപ്പിച്ചു. സിപിഐ എം ചെമ്മണ്ണ് ലോക്കൽ സെക്രട്ടറി എസ് അനിൽകുമാർ, ചെമ്മണ്ണ് ലോക്കൽ കമ്മിറ്റിയംഗം എം ആർ അജേഷ്, വാകക്കാട് ബ്രാഞ്ച് സെക്രട്ടറി ആർ പ്രദീപ്, സിഐടിയു പ്രവർത്തകൻ ഡേവിഡ്സ് എന്നിവർക്കുനേരെയും ആക്രമണമുണ്ടായി. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഏലപ്പാറ  സ്വദേശികളായ  കൊല്ലംപറമ്പിൽ സിനാൻ ഷാജി, കുറ്റിക്കൽ സെബാഗ് നവാസ്, എൻ നൗഫൽ എന്നിവർക്കെതിരെ പീരുമേട് പൊലീസ് കേസെടുത്തു. ശനി രാത്രി 11 ഓടെ  ഏലപ്പാറ ബസ്‌സ്‌റ്റാൻഡിലാണ് യൂത്ത് കോൺഗ്രസ് അക്രമികൾ അഴിഞ്ഞാടിയത്. സംഘടിച്ചെത്തിയ ഇവർ അനിൽകുമാറിനെ മർദിക്കുകയായിരുന്നു. അനിൽകുമാറിനെ രക്ഷിക്കാനെത്തിയപ്പോഴായിരുന്നു  ബി  അനൂപിനെ തലയ്‌ക്ക്‌ കമ്പിവടികൊണ്ട് അടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചത്. അനിൽകുമാറിന്റെ കൈയ്‌ക്കും കമ്പിവടിക്കുള്ള അടിയിൽ പരിക്കേറ്റിട്ടുണ്ട്‌. അനൂപിനെ പീരുമേട്‌ താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇവരിൽ പലരും നിരോധിത വർഗീയ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നവർ കൂടിയാണ്‌. ഏലപ്പാറയിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന്‌ എത്തിച്ചുനൽകുന്ന മാഫിയകളുമായി ഇവർക്ക്‌ ബന്ധമുണ്ട്‌. ഏലപ്പാറ ടൗണിൽ ശനിയാഴ്ച വൈകിട്ട്‌ വാഹനത്തിന്‌ സെെഡ് നൽകുന്നതിനെചൊല്ലി ഓട്ടോറിക്ഷതൊഴിലാളിയും യൂത്ത് കോൺഗ്രസ് ക്രിമിനലുമായ സിനാൻ ഷാജിയും തമ്മിലുണ്ടായ തർക്കമാണ്‌ സംഭവത്തിന്‌ തുടക്കം. വാക്കേറ്റവും ഉന്തുംതള്ളമുണ്ടായപ്പോൾ, ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ച എം ആർ അജേഷിനെ  സിനാൻ ഷാജി പിടിച്ചുതള്ളുകയും റോഡിൽ നിന്ന് കരിങ്കല്ലെടുത്ത്  തലയ്ക്കടിക്കുകയും ചെയ്തു. ഇതിനിടെയാണ് പ്രദീപിനും ഡേവിഡ്സിനും മർദനമേറ്റത്.  സിപിഐ എം ചെമ്മണ്ണ് ലോക്കൽ സെക്രട്ടറി എസ് അനിൽ കുമാറും പാർടി പ്രവർത്തകരും ചേർന്നാണ് അജേഷിനെ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഏലപ്പാറ ടൗണിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ എടുക്കാനെത്തിയപ്പോഴാണ് അനിൽകുമാറിനെ സംഘം വളഞ്ഞാക്രമിച്ചത്. ഇതിനിടെയാണ്‌ ബി അനൂപിനുനേരെ ആക്രമണമുണ്ടായത്‌. പീരുമേട്‌ താലൂക്ക്‌ ആശുപത്രിയിൽ ചികിത്സയിലുള്ള അനൂപിനെ ഞായറാഴ്‌ച സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌,  ജില്ലാ സെക്രട്ടറിയറ്റംഗം പി എസ്‌ രാജൻ, പീരുമേട്‌ ഏരിയ സെക്രട്ടറി എസ്‌ സാബു, ജില്ലാകമ്മിറ്റിയംഗം നിശാന്ത്‌ വി ചന്ദ്രൻ, ഏലപ്പാറ ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ, ഡിവൈഎഫ്‌ ജില്ലാ സെക്രട്ടറി രമേഷ്‌കൃഷ്‌ണൻ, പ്രസിഡന്റ്‌ എസ്‌ സുധീഷ്‌, എന്നിവർ സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top