18 December Thursday
30,17,105 രൂപയുടെ വരുമാനം

റിവേഴ്‌സ് ഗിയറിടാതെ ഹിറ്റായി 
കെഎസ്ആർടിസി ബജറ്റ് ടൂറിസം

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2023
ഇടുക്കി
മലയിടുക്കുകളിലൂടെയും കൊടും വനങ്ങളിലൂടെയും പ്രകൃതിഭംഗി ആസ്വദിച്ച് മൃഗങ്ങളെയും പക്ഷികളെയുമൊക്കെ കണ്ടറിഞ്ഞ്‌ കോടമഞ്ഞിന്റെ തണുപ്പിലൂടെ ഒരു യാത്ര ഏത്‌ സഞ്ചാരിയെയാണ്‌ ആകർഷിക്കാത്തത്‌. ആനവണ്ടിയിലെ യാത്ര സാധാരണക്കാരായ മലയാളികൾക്ക് എന്നും പ്രിയതരമാണ്. അവധി ദിവസങ്ങളിൽ ഒറ്റയ്ക്ക് ഒരു യാത്ര പോകണമെന്ന് ചിന്തിക്കാറുണ്ടോ, അല്ലെങ്കിൽ കൂട്ടുകാരുടെയോ വീട്ടുകാരുടെയോ ഒപ്പം ഒരു ട്രിപ്പ്, കെഎസ്ആർടിസി തൊടുപുഴ ഒപ്പമുണ്ട്.  സാധാരണക്കാരുടെ പോക്കറ്റ് കാലിയാകാതെ ദൂരയാത്രയ്ക്ക് കെഎസ്ആർടിസിയെ അവർതന്നെ നെഞ്ചോട് ചേർക്കുന്നു. തൊടുപുഴ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പാക്കേജുകൾ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. 2021 ൽ ആരംഭിച്ച ബജറ്റ് ടൂറിസം യാത്രാപാക്കേജുകളിലൂടെ ഇതുവരെ 30,17,105 രൂപയുടെ വരുമാനമാണ് സ്വന്തമാക്കിയത്.
2021 ജൂലൈ 10 ന് തൊടുപുഴയിൽനിന്നും ഇടുക്കി ഡാം അഞ്ചുരുളി വാഗമൺ സർവീസ് ആരംഭിച്ചതിൽ പിന്നെ തൊടുപുഴ
കെഎസ്ആർടിസിക്ക്‌ റിവേഴ്‌സ് ഗിയർ ഇടേണ്ടിവന്നിട്ടില്ല. ആദ്യദിനം 37 യാത്രക്കാരെയും കൂട്ടിയാണ് വണ്ടി സ്റ്റാർട്ടുചെയ്തത്. തുടർന്ന് നിരവധി സാധാരണക്കാരുടെ യാത്രാസ്വപ്നങ്ങൾക്ക് ചിറകേകി ആകെ 75 യാത്രകൾ.
10 കേന്ദ്രങ്ങൾ 
തൊട്ടറിഞ്ഞ്‌ യാത്ര
മലക്കപ്പാറ, ചതുരംഗപ്പാറ, ഗവി, വയനാട് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ യാത്രകളും തൊടുപുഴയിലെ ആനവണ്ടി സഞ്ചാരികളെയുംകൂട്ടി പോയിട്ടുള്ളത്. കൂടാതെ നെഫർറ്റിറ്റി എന്ന ആഡംബര കപ്പൽയാത്രയും കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ നടത്തിവരുന്നുണ്ട്. നിലവിൽ വാഗമൺ, മൂന്നാർ ജംഗിൾ സഫാരി, മൺറോ തുരുത്ത്, ആലപ്പുഴ, പഞ്ചപാണ്ഡവ ക്ഷേത്രം തുടങ്ങി ആകെ പത്തോളം സ്ഥലങ്ങളിലേക്ക് തൊടുപുഴയിൽനിന്ന്‌ യാത്രകൾപോകാം. കൂടാതെ പുതിയ മൂന്ന് യാത്രകൾക്കുള്ള അനുമതിക്കായി ബിടിസിയിലേക്ക് കത്ത് അയയ്‌ച്ചിട്ടുണ്ടെന്ന്‌ ജില്ലാ കോഓർഡിനേറ്റർ എൻ ആർ രാജീവ്, യൂണിറ്റ് ഓഫീസർ കെ പി രാധാകൃഷ്ണൻ, യൂണിറ്റ് കോഓർഡിനേറ്റർ എം എസ് വിനുരാജ് എന്നിവർ അറിയിച്ചു. യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9400262204 എന്ന നമ്പറിൽ ബന്ധപ്പെടാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top