01 December Friday
ബജറ്റിൽ ജില്ലയ്ക്ക് 940 കോടി

എയർസ്ട്രിപ്പും ടൂറിസം ഇടനാഴിയും 
സുവർണജൂബിലി സമ്മാനം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023
ചെറുതോണി
സംസ്ഥാന ബജറ്റ് ഇടുക്കിയിൽ വൻ വികസന മുന്നേറ്റത്തിന് കുതിപ്പേകുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു. 940 കോടി രൂപയാണ് വിവിധ വികസന പദ്ധതികൾക്കായി വകയിരുത്തിയിട്ടുള്ളത്. എയർസ്ട്രിപ്പും നഴ്സിങ് കോളേജും 50 കോടിയുടെ മൂന്നാർ ടൂറിസം ഇടനാഴിയും ജില്ലയ്ക്ക് ലഭിച്ച സുവർണജൂബിലി സമ്മാനമാണ്. പശ്ചാത്തല വികസനരംഗത്തും അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണത്തിനും ശക്തിപകരുന്ന ബജറ്റ് 50 വർഷം പൂർത്തീകരിച്ച ജില്ലക്ക് അഭിമാനമായ വളർച്ചക്ക് അടിത്തറപാകും. 
പുതിയ റോഡുകൾ, പാലങ്ങൾ, താലൂക്ക് ഓഫീസുകൾ, സ്മാർട്ട് വില്ലേജ് ഓഫീസുകൾ, മെഡിക്കൽ കോളേജിന്റെ രണ്ടാംഘട്ട നിർമാണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഇടുക്കിയുടെ പ്രാദേശിക സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടുള്ള സംയോജിത വികസന മുന്നേറ്റത്തിന് കരുത്ത് പകരും. എയർസ്ട്രിപ്പ് ആരംഭിക്കുന്നതിലൂടെ അന്തർദ്ദേശീയ വിനോദസഞ്ചാരികൾ ജില്ലയിലേക്കെത്തും. മൂന്നാർ ടൂറിസം ഇടനാഴിയും വാഗമൺ റോപ്കാർ പദ്ധതികൾകൂടി പ്രാവർത്തികമാകുന്നതിലൂടെ ടൂറിസം ജില്ലയുടെ മുഖ്യവരുമാന സ്രോതസ്സും ജനങ്ങളുടെ ജീവനോപാധിയുമായി മാറും. 
ഇടുക്കി മെഡിക്കൽ കോളേജും ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളേജും എൻജിനിയറിങ്, ആർട്സ് കോളേജുകളും ആവശ്യാനുസരണമുള്ള ജില്ലയിൽ നഴ്സിങ് കോളേജുകൂടി വരുന്നതോടെ ഇടുക്കിയും വിദ്യാഭ്യാസ ഹബ്ബായി മാറും. 
 ജില്ലാ ആസ്ഥാനത്ത് കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ എന്നത് നാടിന്റെ ചിരകാല സ്വപ്നമായിരുന്നു.പഠനത്തിനും ജോലിക്കുമായി അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്കെല്ലാം വലിയ സൗകര്യം പ്രദാനം ചെയ്യുന്നതാണ് കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ. ഹൈറേഞ്ചിലേക്കുള്ള പ്രവേശന കേന്ദ്രമായ കാഞ്ഞാർപാലത്തിന് ഇരുവശത്തും നടപ്പാത നിർമിക്കാൻ ബജറ്റിൽ പണമനുവദിച്ചതും ശ്രദ്ധേയമായി.  
 ഉടുമ്പൻചോല ആയൂർവേദ മെഡിക്കൽകോളേജിന് 15 കോടിയും മുട്ടം സ്പൈസസ് പാർക്കിന് ഫണ്ടനുവദിച്ചതും ഏറെഗുണം ചെയ്യും. തോട്ടം ലയങ്ങളുടെ നവീകരണത്തിന് 10 കോടിയും കണ്ണംപടി ട്രൈബൽ സ്കൂളിന് കെട്ടിടം പണിയാൻ 7.5 കോടി അനുവദിച്ചതുമെല്ലാം ജില്ലയുടെ സമസ്ത മേഖലകളെയും പരിഗണിച്ചുള്ള സമഗ്ര ബജറ്റാണെന്ന് വ്യക്തമാക്കുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഗ്രാമീണ റോഡ് നിർമാണം, ഭവനപദ്ധതികൾ, ചെറുകിട വ്യവസായ സംരംഭങ്ങൾ എന്നിവയിലൂടെ സംയോജിത വികസന പദ്ധതിയായി നടപ്പിലാക്കി വരുന്ന ഇടുക്കി പാക്കേജിന് 75 കോടി കൂടി അനുവദിച്ചത് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ശക്തി പകരും. തുടർന്നുവരുന്ന മൂന്ന് വർഷങ്ങൾകൊണ്ട് ഇടുക്കി പാക്കേജ് നടപ്പാക്കാനാണ് പദ്ധതി.
ഇടതുപക്ഷ സർക്കാരുകൾ അതീവ ശ്രദ്ധയോടെ കൂടുതൽ ഫണ്ടുകൾ നൽകി ഇടുക്കിയെ രൂപപ്പെടുത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 
ജില്ലയുടെ ആരോഗ്യ-–-വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം, ദേശീയ നിലവാരത്തിലുള്ള റോഡുകൾ, ഗതാഗതരംഗത്തെ വളർച്ച, സാമൂഹ്യമുന്നേറ്റം എന്നിവയിലെല്ലാം ഇടതുപക്ഷം സ്വീകരിച്ച നയങ്ങളുടെ തുടർച്ചയായാണ് 940 കോടി രൂപ ബജറ്റിലും ഇടുക്കിയ്ക്കായി വകയിരുത്തിയതിലൂടെ വ്യക്തമാകുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top