29 March Friday
മുല്ലപ്പെരിയാർ

ക്രമീകരണം സുസജ്ജം; 
20 ക്യാമ്പുകൾ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

വണ്ടിപ്പെരിയാർ കടശിക്കാട് മേഖലയിൽ മന്ത്രി റോഷി അഗസ്റ്റിനും വാഴൂർ സോമൻ എംഎൽഎയും 
സന്ദർശനം നടത്തുന്നു

വണ്ടിപ്പെരിയാർ
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്‌ 142 അടിയിൽ തുടരുന്നതിനാൽ തീരവാസികളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം മുന്നിൽക്കണ്ട്‌ റവന്യു വകുപ്പും വിവിധ പഞ്ചായത്തുകളും ക്രമീകരണങ്ങൾ ഒരുക്കി. 20 ക്യാമ്പുകൾ സജ്ജീകരിച്ചു. പരമാവധി സംഭരണശേഷിയിലാണ്‌ അണക്കെട്ട്‌. ഏത് സമയത്തും സ്പിൽവേയിലൂടെ അധികജലം പുറത്തേക്കൊഴുക്കുമെന്നതിനാൽ പെരിയാറിൽ ജലനിരപ്പ് ഉയരാം. സ്പിൽവേയിലൂടെ അധികജലം പുറത്തേക്കൊഴുക്കുന്നത് സംബന്ധിച്ച്‌ തമിഴ്‌നാട്‌ അധികൃതർ വിവരം നൽകിയാൽ തീരുമാനം തീരവാസികൾക്ക്‌ കൈമാറാനുള്ള നടപടി ജില്ലാ ഭരണസംവിധാനം സ്വീകരിച്ചിട്ടുണ്ട്‌. എന്നാൽ, ഇത്‌ ജനങ്ങൾക്ക്‌ കൈമാറാൻ പരിമിതസമയം മാത്രമാണുള്ളത്‌. ജലം ഒഴുക്കുമ്പോൾ നദിയിലെ ജലനിരപ്പ് ഉയരുന്നതനുസരിച്ച് ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്‌ അധികൃതർ നിർദേശിച്ചു. ക്യാമ്പുകളായി കണ്ടെത്തിയിട്ടുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കുകയും വേണം. ഓരോ ക്യാമ്പുകളിലേക്കും ഉദ്യോഗസ്ഥർക്ക്‌ ചുമതല നിശ്ചയിച്ചുനൽകി. 
    ക്യാമ്പുകൾ: വള്ളക്കടവ് വഞ്ചിവയൽ സർക്കാർ ട്രൈബൽ ഹൈസ്‌കൂൾ, വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്‌കൂൾ, വണ്ടിപ്പെരിയാർ സർക്കാർ യുപി സ്‌കൂൾ, ചന്ദ്രവനം എസ്റ്റേറ്റ് ക്വാർട്ടേഴ്‌സ്, മ്ലാമല ഫാത്തിമ മാതാ ഹൈസ്‌കൂൾ, ഡൈമുക്ക്‌ ലൂതറൻസ് എൽപി സ്‌കൂൾ, വണ്ടിപ്പെരിയാർ സർക്കാർ എൽപി സ്‌കൂൾ, മൂങ്കലാർ പെന്തക്കോസ്ത് പാരിഷ് ഹാൾ, ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹൈസ്‌കൂൾ, ഉപ്പുതറ സെന്റ് മേരീസ് പാരിഷ് ഹാൾ, കരിന്തരുവി ഗവ. യുപി സ്‌കൂൾ, ഹെലിബെറിയ സിഎസ്ഐ പാരിഷ് ഹാൾ, ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂൾ, പരപ്പ് സിഎംഐ ധ്യാനകേന്ദ്രം, കോഴിമല ട്രൈബൽ ഹൈസ്‌കൂൾ, കരിങ്കുളം ഗവ. എൽപി സ്‌കൂൾ, കെ ചപ്പാത്ത് സെന്റ് ജോർജ്‌ പള്ളി, ഹെവൻവാലി സിഎസ്ഐ പള്ളി, പുല്ലുമേട് സർക്കാർ എൽപി സ്‌കൂൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top