18 April Thursday
മൊബൈല്‍ ടവർ നിര്‍മാണം വനംവകുപ്പ് തടഞ്ഞു

ആദിവാസിക്കുടികളില്‍ കുട്ടികളുടെ പ്രതിഷേധം

സ്വന്തം ലേഖകൻUpdated: Wednesday Aug 4, 2021

ഓൺലൈൻ വിദ്യാഭ്യാസത്തിനായി മൊബൈൽ ടവർ സ്ഥാപിക്കുന്നത് തടഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആദിവാസി കുടികളിൽ വിദ്യാർഥികൾ നടത്തിയ സമരം

 മറയൂർ

മൊബൈൽ ഫോണിന്‌ റേഞ്ച്‌ ഇല്ലാതെ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ലക്ഷ്യമിട്ടുള്ള മൊബൈൽ ടവറിന്റെ നിർമാണം തടഞ്ഞ്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ. വട്ടവട പഞ്ചായത്തിലെ ആദിവാസി കുട്ടികളെ ലക്ഷ്യമിട്ടുള്ള ടവറിന്റെ നിർമാണമാണ്‌ തടഞ്ഞത്‌. ഈ മേഖലയിലെ കുട്ടികൾക്ക്‌ മൊബൈൽ റേഞ്ച്‌ ഇല്ലാത്തതിനാൽ പഠനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ഊരുകൂട്ടങ്ങളിൽ വിദ്യാർഥികൾ സൂചനാസമരം നടത്തി. 
  ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെയും കലക്ടറുടെയും നേതൃത്വത്തിൽ മൊബൈൽ സേവനദാതാക്കളുമായി കൂടിയാലോചിച്ചാണ്‌ മൊബൈൽ ടവർ നിർമാണം ആരംഭിച്ചത്‌. എന്നാൽ, മൂന്നാർ വന്യജീവി ഡിവിഷന്റെ നേതൃത്വത്തിൽ ഇതിന്‌ തടസ്സം സൃഷ്ടിച്ചു. 
സാമിയാറളകുടി, വത്സപ്പെട്ടികുടി, വയൽതറ, കൂടല്ലാർകുടി, മൂലവള്ളം ആദിവാസി ഊരുകളിലെ 120 സ്കൂൾ വിദ്യാർഥികളും ചിലന്തിയാർ മേഖലയിലെ നൂറ്റമ്പതിലധികം വിദ്യാർഥികളുമാണ്‌ മൊബൈൽ റേഞ്ച്‌ പരിധിക്ക്‌ പുറത്തുള്ളത്‌. ഉപയോക്താക്കളുടെ എണ്ണം കുറവായതിനാൽ മൊബൈൽ ഫോൺ കമ്പനികൾ ടവർ നിർമാണത്തിൽനിന്ന്‌ പിന്നോക്കം പോയിരുന്നു. 
   വിദ്യാർഥികളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞാണ്‌ കലക്ടറുടെയും മന്ത്രിയുടെയും സാന്നിധ്യത്തിൽ സേവനദാതാക്കളുടെ യോഗം വിളിച്ച്‌ ചർച്ചചെയ്‌തത്‌. ജിയോ കമ്പനി ടവർ സ്ഥാപിക്കാൻ സന്നദ്ധരായതോടെ വിദ്യാർഥികൾ പ്രതീക്ഷയിലായിരുന്നു. ടവർ സ്ഥാപിക്കാൻ പഞ്ചായത്ത് അനുമതിപത്രവും നൽകി. മുന്നൊരുക്കങ്ങൾക്കിടെയാണ് വനംവകുപ്പ് തടഞ്ഞത്. 
നിയമത്തിന്റെ നൂലാമാലകൾ ഉന്നയിച്ച് ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസഭാവി തകർക്കരുതെന്ന്‌ അഭ്യർഥിച്ചിട്ടും വനംവകുപ്പ് പിന്മാറിയില്ല. ഇതിൽ പ്രതിഷേധിച്ചാണ്‌ ഊരുകൂട്ടങ്ങളുടെ നേതൃത്വത്തിൽ ഒന്നാംക്ലാസ് മുതൽ ബിരുദ വിദ്യാർഥികൾ വരെയുള്ളവർ പ്രതിഷേധം സംഘടിപ്പിച്ചത്. തീരുമാനത്തിൽനിന്ന്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ പിന്മാറിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ആദിവാസി ഊരുകളിലെ രക്ഷിതാക്കൾ വ്യക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top