23 January Saturday

സവിനയം സത്യന്‍.....

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
ചെറുതോണി
ജനങ്ങളെ അറിയുന്ന, ജനങ്ങൾ അറിയുന്ന കെ ജി സത്യൻ പൈനാവ്‌ ഡിവിഷനിൽ ജനവിധി തേടുമ്പോൾ ജില്ലാ ആസ്ഥാനത്ത്‌ ആധികാരിക വിജയമാണ്‌ ഇടതുമുന്നണി ലക്ഷ്യം വയ്‌ക്കുന്നത്‌. സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും ജനക്ഷേമ പദ്ധതികൾ വിശദീകരിച്ചുമാണ് പ്രചാരണ പരിപാടി മുന്നേറുന്നത്. സാമൂഹിക പെൻഷൻ വർധിപ്പിച്ചതും ദുരന്തനാളുകളിൽ ഭക്ഷ്യധാന്യ കിറ്റുകൾ വീടുകളിലെത്തിയതും സാധാരണക്കാരന്റെ നേരനുഭവങ്ങളാണ്. പ്രളയകാലത്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയതും ജനങ്ങൾക്കൊപ്പം നിന്നതുമെല്ലാം പൊതുജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ. ഡിവിഷനിലാകെ സുപരിചിതനായ കെ ജി സത്യൻ‌ പരിചയസമ്പത്തും പോരാട്ടവീര്യവും സമുന്ന്യയിക്കുന്ന കരുത്തനായ സ്ഥാനാർഥിയാണ്. 
വികസനത്തിൻ‌ തേരാളി
വാഴത്തോപ്പ് പഞ്ചായത്ത്‌ പ്രസിഡന്റായിരിക്കെ നടത്തിയിട്ടുള്ള ജനശ്രദ്ധയാകർഷിച്ച പദ്ധതികളും ജനകീയ ഇടപെടലും കെ ജി സത്യന്‌ കരുത്താകുന്നു. പഞ്ചായത്ത് പ്രസിഡന്റായിരിക്കെ മാലിന്യ സംസ്കരണത്തിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു. ശിശു കേന്ദ്രീകൃത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി 15 വർഷങ്ങൾക്ക് മുമ്പേ വാഴത്തോപ്പ് പള്ളിത്താഴെ അങ്കണവാടിയിൽ പഞ്ചായത്ത് ഫണ്ടിൽ ഉൾപെടുത്തി കുട്ടികൾക്ക് കംപ്യൂട്ടർ അനുവധിച്ചു നൽകി. ഒരു ജനപ്രതിനിധിയുടെ ദീർഘവീക്ഷണവും കാഴ്ചപ്പാടും അന്നേ പ്രകടമായിരുന്നു. 
പ്രസിഡന്റായിരുന്ന കെ ജി സത്യന്റെ അഭ്യർഥന മാനിച്ച് കരിമ്പനിൽ ബസ് സ്റ്റാൻഡ്‌ നിർമിക്കാൻ ഇടുക്കി രൂപത 10 സെന്റ് സ്ഥലം സൗജന്യമായി നൽകിയിരുന്നു. സത്യനോടുള്ള പ്രത്യേക വാത്സല്യമാണ് സ്ഥലം അനുവധിച്ചു നൽകാൻ കാരണമെന്ന് കാലംചെയ്‌ത വലിയ പിതാവ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അക്കാലയളവിൽ സൂചിപ്പിച്ചിരുന്നു. സത്യൻ പ്രസിഡന്റായിരിക്കുന്ന സമയത്താണ് ഇടുക്കി രൂപതാ രൂപീകരണവും വാഴത്തോപ്പിൽ ഉദ്ഘാടനവും നടന്നത്. പൈനാവ് ഡിവിഷനിലെ ദളിത് ഗോത്ര ജന വിഭാഗങ്ങളുടെ മുന്നേറ്റത്തിനും സത്യന്റെ വലിയ സംഭാവനകളുണ്ട്. 
പോരാട്ടം തുടരാൻ
മരിയാപുരം, കാമാക്ഷി, ഇരട്ടയാർ, വാഴത്തോപ്പ് പഞ്ചായത്തുകളിലെ പട്ടയ നടപടികൾ വേഗത്തിലാക്കുന്നതിനും വികസന കാര്യങ്ങൾക്ക് കൂടുതൽ ഫണ്ട് കൊണ്ടുവരാൻ സർക്കാരിൽ ഇടപെടാനും സത്യന് കഴിയുമെന്നാണ്‌ ജനങ്ങളുടെ വിശ്വാസം. 1996ൽ നായനാർ സർക്കാർ ജില്ലാ ആസ്ഥാന വികസനത്തിനുവേണ്ടി വിട്ടുകൊടുത്ത 1200 ഏക്കർ ഭൂമിയിൽ പകുതിയിലധികവും ഇപ്പോഴും  ഉപയോഗശൂന്യമായി കിടക്കുകയാണ്. ഈ ഭൂമി ഉപയോഗപ്പെടുത്തി കൂടുതൽ വികസനമുന്നേറ്റം നടത്തുമെന്നും സത്യൻ ജനങ്ങൾക്ക് ഉറപ്പുനൽകുന്നു. ബുധനാഴ്ച ആരംഭിച്ച ഒന്നാംദിന പര്യടനം പിന്നോക്ക പ്രദേശമായ വട്ടമേട്ടിൽ നിന്നായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ റിൻസി സിബി, ആലീസ് വർഗീസ്, ഡിറ്റാജ് ജോസഫ് എന്നിവരും പഞ്ചായത്ത് സ്ഥാനാർഥികളും എൽഡിഎഫ് നേതാക്കളും പര്യടനത്തിൽ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top