20 April Saturday

തളിർക്കുന്നു തോട്ടംതൊഴിലാളികളുടെ ജീവിതം; അടിസ്ഥാന ശമ്പളം വർധിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
വണ്ടൻമേട് / മൂന്നാർ > തോട്ടം തൊഴിലാളികളുടെ അടിസ്ഥാന ശമ്പളത്തിൽ 41 രൂപയുടെ വർധനവ് ഉണ്ടാകും. തിരുവനന്തപുരത്ത് നടന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിലാണ് തീരുമാനം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തോട്ടം ഉടമ പ്രതിനിധികളും ട്രേഡ് യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തുകയും 52 രൂപ വർധിപ്പിക്കുകയും ചെയ്‌തിരുന്നു.
 
പിന്നീട് മൂന്നു വർഷം പിന്നിട്ടിട്ടും ശമ്പള പരിഷ്‌കരണത്തിന് ഉടമകളുടെ പ്രതിനിധികൾ പിഎൽസിയിൽ തോട്ടം മേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി കൂലിവർധനവിന് വഴങ്ങിയിരുന്നില്ല. നിരന്തരമായ ചർച്ചകൾക്കൊടുവിൽ സംസ്ഥാന സർക്കാരിന്റെയും തൊഴിൽ വകുപ്പിന്റെയും കൂടി ഇടപെടലുകളിലുടെയാണ് വെള്ളിയാഴ്‌ച തിരുവനന്തപുരത്ത്  മന്ത്രി വി ശിവൻകുട്ടിയുടെ കൂടി സാന്നിധ്യത്തിൽ നടന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ 41 രൂപ അടിസ്ഥാന ശമ്പളത്തിൽ വർധനവ്‌ വരുത്താൻ തീരുമാനമായത്.
 
വർധിച്ച തുക ജനുവരി 2023 മുതലുള്ള ആറുമാസ മുൻ കാല പ്രാബല്യത്തോടെ നൽകും. ഇതോടെ ഏലം മേഖലയിലെ തൊഴിലാളികളുടെ ശമ്പളം 501 രൂപയും 62 പൈസയായി ഉയരും. ഇതോടൊപ്പം ഒരു മാസത്തെ കുടിശ്ശിക തുക ജൂൺ 30നകം നൽകാനും , ബാക്കി കുടിശ്ശിക സെപ്‌തംബർ 30നകം നൽകുവാനും തീരുമാനമായി. തൊഴിലാളികളുടെ സർവീസ് വെയിറ്റേജിലും വർധനവുണ്ട്.
അഞ്ച്‌വർഷം മുതൽ 10 വർഷം വരെ ജോലി ചെയ്‌തുവരുന്ന തൊഴിലാളിക്ക് 70 പൈസയായിരുന്നത് 1.25 രൂപയാക്കി ഉയർത്തി. 10 മുതൽ 15 വർഷം വരെ ജോലി ചെയ്‌ത‌‌വർക്ക്  ഒരുരൂപയായിരുനത് 1.75 രൂപയായും , 15 മുതൽ 20 വരെ വർഷം ജോലി ചെയ്‌തു വരുന്നവർക്ക് 1.30 രൂപയിൽ നിന്നും 2.30 രൂപയാക്കിയും ഉയർത്തിയിട്ടുണ്ട്. 20 വർഷത്തിനു മുകളിൽ ജോലി ചെയ്‌തു വരുന്ന തൊഴിലാളികൾക്ക് 1. 65 രൂപ എന്നത് 2. രൂപ 80 പൈസയാക്കി ഉയർത്തുവാനും തീരുമാനമായി.
 
സിഐടിയു ഉൾപ്പെടെ ട്രേഡ് യൂണിയൻ സംഘടനകൾ ആവശ്യപ്പെട്ട ശമ്പളപരിഷ്കരണത്തിനു പുറമെയുള്ള മറ്റ് ആവശ്യങ്ങൾ ലേബർ കമീഷ്‌ണർ അധ്യക്ഷനായി. പിഎൽസി സബ് കമ്മിറ്റി ചേർന്ന് ചർച്ച നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. തൊഴിൽ സംഘടനകളെ പ്രതിനിധീകരിച്ച് കെ വി ശശി(സിഐടിയു) എം വൈ ഔസേഫ് (എഐടിയുസി) എ കെ മണി (ഐഎൻടിയുസി) കമ്പിനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ശമ്പളവർധന നടപ്പാക്കുവാൻ  മുൻ കൈ എടുത്ത സംസ്ഥാന സർക്കാരിനും തൊഴിൽ മന്ത്രിക്കും അഭിവാദ്യമർപ്പിച്ച് മലനാട് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ(സിഐടിയു) നേതൃത്വത്തിൽ ബ്രാഞ്ച് കേന്ദ്രങ്ങളിൽ തൊഴിലാളികൾ പ്രകടനം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top