29 March Wednesday
യുഡിഎഫ്‌ സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി

ആനവിലാസത്തിന്റെ കുരുക്കഴിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് അഭിനന്ദനം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023
 
ചെറുതോണി
ആനവിലാസം വില്ലേജിലെ ജനജീവിതത്തെ വരിഞ്ഞുമുറുക്കിയ കോൺഗ്രസ് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി, കർഷക ജനതയ്‌ക്ക് ആശ്വാസം പകർന്ന എൽഡിഎഫ് സർക്കാരിനെ അഭിവാദ്യംചെയ്യുന്നതായി സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റ്  വാർത്താക്കുറിപ്പിൽ പറഞ്ഞു.
 ഹൈക്കോടതി ഉത്തരവിന്റെ മറവിൽ മൂന്നാറിലെ നിർമാണങ്ങൾ നിയന്ത്രിക്കാനെന്ന പേരിൽ ഇറക്കിയ ഉത്തരവിലാണ് ആനവിലാസത്തേയും ഉൾപ്പെടുത്തിയത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും അടൂർ പ്രകാശ് റവന്യു മന്ത്രിയുമായിരിക്കെ 2016 ഏപ്രിൽ 22 നാണ് ആനവിലാസം ഉൾപ്പെടെ എട്ട് വില്ലേജുകളിൽ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിട്ടത്.  ജില്ലയ്ക്ക് പുറത്തുനിന്നുള്ളവർ ടൂറിസം ഉപയോഗപ്പെടുത്തി മൂന്നാറിൽ നടത്തുന്ന വൻകിടനിർമാണങ്ങൾ നിയന്ത്രണവിധേയമാക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ മറവിലാണ് ആനവിലാസത്തെ ജനജീവിതത്തേയും കുരുക്കിൽപ്പെടുത്തിയത്. 
മൂന്നാറിൽനിന്ന് 90 കിലോമീറ്റർ അകലെയുള്ള ടൂറിസവുമായി ഒരുബന്ധവുമില്ലാത്ത കർഷകരും തൊഴിലാളികളും മാത്രം തിങ്ങിപ്പാർക്കുന്ന ആനവിലാസത്തെ ഉൾപ്പെടുത്തിയത് അശാസ്ത്രീയവും അന്യായവുമാണെന്ന് അന്ന്  സിപിഐ എം ചൂണ്ടിക്കാണിച്ചിരുന്നു. ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളെയും അവരുടെ ജീവിത ചുറ്റുപാടുകളേയും  കുരുക്കിലാക്കിയ കോൺഗ്രസിന്റെ തെറ്റായ തീരുമാനമാണ് ഇച്ഛാശക്തിയോടുകൂടി പിണറായി സർക്കാർ മാറ്റിയെഴുതിയത്. ആനവിലാസത്തെ അനാവശ്യമായ നിയന്ത്രണം പിൻവലിക്കണമെന്ന് സിപിഐ എമ്മും എൽഡിഎഫും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
 ഇടുക്കിയിലെ ജനങ്ങളെ കുരുക്കിൽപ്പെടുത്തിയത് മാറി മാറിവന്ന കോൺഗ്രസ് മന്ത്രിസഭകളാണ്. ജനങ്ങളെ ദുരിതത്തിലാക്കി ഇവർ കൊണ്ടുവന്ന നിയമങ്ങളും ഉത്തരവുകളും ഒന്നൊന്നായി മാറ്റിക്കൊണ്ട് പിണറായി സർക്കാർ സംരക്ഷിക്കുന്ന കാഴ്ചയാണ് ആനവിലാസത്തെ മോചിപ്പിച്ചതിലൂടെയും വ്യക്തമാകുന്നത്. ബഫർസോൺ 12 കിലോമീറ്ററാക്കിയ ഉമ്മൻചാണ്ടി സർക്കാരിന്റെ ഉത്തരവ് മാറ്റിയതും എൽഡിഎഫ് സർക്കാരാണ്.  കടലാസിന്റെ വിലപോലുമില്ലാത്ത 16 ഉപാധികളുള്ള പട്ടയമാണ് ഉമ്മൻചാണ്ടി സർക്കാർ നൽകിയത്.
 ഒരേക്കറിന് മാത്രമേ പട്ടയം നൽകാൻ പാടുള്ളുവെന്നും പതിച്ചു കിട്ടുന്ന ഭൂമി കൈമാറ്റം ചെയ്യാൻ പാടില്ലെന്നും ഒരു ലക്ഷത്തിന് മുകളിൽ വരുമാനം ഉള്ളവർക്ക് പട്ടയം കൊടുക്കാൻ പാടില്ലെന്നുമായിരുന്നു വ്യവസ്ഥകൾ. 
ഈ വ്യവസ്ഥകളില്ലാതാക്കിയ എൽഡിഎഫ് സർക്കാർ ഇരട്ടയാറിലെ പത്തുചെയിൻ മേഖലയിലുൾപ്പെടെ ഉപാധിരഹിതപട്ടയമാണ് നൽകിയത്. കോൺഗ്രസ് കൊണ്ടുവന്ന ഗാഡ്ഗിൽ– കസ്തൂരിരംഗൻ ഉൾപ്പെടെ എല്ലാ നിയമ കുരുക്കുകളും അഴിച്ച് മാറ്റി സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ഇടുക്കിക്കാർക്ക് പകർന്ന് നൽകിയത് പിണറായി സർക്കാരാണ്. 
1964 ലും 1993 ലും കോൺഗ്രസ് നേതാക്കളായ ആർ ശങ്കറും കെ കരുണാകരനും നടപ്പാക്കിയ കൃഷിഭൂമിയിലെ നിർമാണങ്ങൾ തടഞ്ഞുകൊണ്ടുള്ള  ഭൂമിപതിവ് നിയമം ഈ നിയമസഭാ സമ്മേളന കാലയളവിൽതന്നെ ഭേദഗതി ചെയ്യുന്നതിലൂടെ ഇടുക്കി ജില്ലക്ക് മേൽ കോൺഗ്രസ് ഭരണകാലത്ത് അടിച്ചേൽപ്പിച്ച കുരുക്കുകൾ നീക്കി  ജനജീവിതം പൂർണസ്വതന്ത്രമായി മാറുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top