25 April Thursday
സംസ്ഥാന ബജറ്റ്‌

ജില്ല പ്രതീക്ഷയിൽ

സ്വന്തം ലേഖകൻUpdated: Friday Feb 3, 2023

 കോട്ടയം

സംസ്ഥാന സർക്കാരിന്റെ ബജറ്റ്‌ വെള്ളിയാഴ്‌ച അവതരിപ്പിക്കാനിരിക്കെ പുത്തൻ പ്രതീക്ഷകളുടെ ചിറകിലാണ്‌ ജില്ല. മുൻവർഷങ്ങളിലേപോലെ ഇത്തവണയും ജില്ലയുടെ സമഗ്ര വികസനത്തിനുതകുന്ന പ്രഖ്യാപനങ്ങളാണ്‌ ജനങ്ങളും ജനപ്രതിനിധികളും പ്രതീക്ഷിക്കുന്നത്‌. 
ജില്ലയുടെ അഭിമാനമായ വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിന്റെ തുടർവികസനത്തിന്‌ ആക്കം പകരുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ ജീവനക്കാർ. പഴയ എച്ച്‌എൻഎൽ സംസ്ഥാന സർക്കാർ ലേലത്തിൽ വാങ്ങി രൂപീകരിച്ച കെപിപിഎല്ലിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കടലാസുൽപാദനം നടക്കുകയാണ്‌. കേരള റബർ ലിമിറ്റഡിലാണ്‌ റബർ കർഷകരുടെ പ്രതീക്ഷ. കേന്ദ്രബജറ്റിൽ കാര്യമായ സഹായമൊന്നും റബർ മേഖലയ്‌ക്ക്‌ ലഭിച്ചില്ല. കെആർഎല്ലിന്റെ തുടർവികസനങ്ങൾ കർഷകർ പ്രതീക്ഷയോടെയാണ്‌ ഉറ്റുനോക്കുന്നത്‌.
 ടൂറിസം ഇടം നേടും 
ഉത്തരവാദിത്ത ടൂറിസത്തിന്‌ സംസ്ഥാന സർക്കാർ നൽകുന്ന പരിഗണന ബജറ്റിലും പ്രതിഫലിക്കും. ന്യൂയോർക്ക്‌ ടൈംസിന്റെ പട്ടികയിൽ ഇടംപിടിച്ച കുമരകത്തിനും മറവൻതുരുത്തിനും വൈക്കത്തിനും അധിക സാമ്പത്തിക സഹായത്തോടെ പുതിയ ഉയരങ്ങളിലെത്താൻ സാധിക്കും. എംസി റോഡിന്റെ സംരക്ഷണത്തിനുള്ള പദ്ധതി നിലവിൽ നടപ്പിലാക്കിവരുന്നുണ്ട്‌. ഇതിന്‌ വേഗംപകരുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നു.
മെഡിക്കൽ കോളേജ്‌ പ്രതീക്ഷയിൽ 
നാട്ടകത്തെ അക്ഷരംമ്യൂസിയം നിർമാണത്തിന്റെ ആദ്യഘട്ടം മേയിൽ പൂർത്തിയാകാനിരിക്കുകയാണ്‌. റെയിൽവേ ഓവർ ബ്രിഡ്‌ജുകളുടെ അപ്രോച്ച്‌ റോഡുകളും ബജറ്റിൽ ഇടംപിടിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. സംസ്ഥാന സർക്കാർ എന്നും പ്രഥമ പരിഗണന നൽകുന്ന കോട്ടയം മെഡിക്കൽ കോളേജ്‌ ബജറ്റിൽ പുതിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുകയാണ്‌. ജില്ലയിൽ തുടക്കമിട്ട എബിസി പദ്ധതിക്ക്‌ കൂടുതൽ സെന്ററുകൾ രൂപീകരിക്കാൻ സഹായം വേണമെന്ന ആവശ്യം വിവിധ നിയോജകമണ്ഡലങ്ങളിൽനിന്ന്‌ ഉയർന്നിട്ടുണ്ട്‌. വന്യമൃഗശല്യം ഒഴിവാക്കാനുള്ള നടപടികളിലാണ്‌ മലയോരമേഖലയിലെ കർഷകരുടെ പ്രതീക്ഷ. വിപുമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന മീനച്ചിലാർ–-മീനന്തറയാർ–-കൊടൂരാർ നദീ പുനർസംയോജന പദ്ധതിയും ബജറ്റിൽ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ്‌ സംഘാടകർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top