25 April Thursday

സ്ഥാനാർഥി ‘ഹൈ’ റേഞ്ചിലാ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020

 മറയൂർ

പുലർച്ചെ പാടങ്ങളിലേക്കുപോകുന്ന കർഷകരോടും കർഷകത്തൊഴിലാളികളോടും ഉയരത്തിൽനിന്ന് ഒരു വോട്ട് അഭ്യർഥന. സുപരിചിതമായ ശബ്ദംകേട്ട് നോക്കുമ്പോൾ തെങ്ങിൻമുകളിൽ എൽഡിഎഫ് സ്ഥാനാർഥിയായ ബാബു എന്ന്‌ വിളിക്കുന്ന കുട്ടിരാജിനെ കാണാം. മറയൂരിലെ ഏറ്റവും വലിയ കാർഷികപ്രദേശമായ ആനക്കാൽപ്പെട്ടി കവുങ്ങുകളും തെങ്ങുകളും നിറഞ്ഞ ഗ്രാമമാണ്. പുലർച്ചെ അഞ്ചരയ്‌ക്ക് എഴുന്നേറ്റ് തെങ്ങുചെത്തുന്നതിനോടൊപ്പം കുട്ടിരാജ് പാൽവിതരണത്തിന് പോകുന്നവരോടും കരിമ്പ് കർഷകരോടും വോട്ടുതേടുകയാണ്. കാന്തല്ലൂർ പഞ്ചായത്തിലെ തെങ്ങുകളും കുട്ടിരാജ് ചെത്തുന്നുണ്ട്. അവിടുത്തെ ഇടതുപക്ഷ സ്ഥാനാർഥികൾക്കുവേണ്ടിയും ബാബു തൊഴിലിനിടെ വോട്ട് ചോദിക്കുന്നു. മറയൂർ പഞ്ചായത്തിലെ ആനക്കാൽപ്പെട്ടി വാർഡിലെ കള്ളുചെത്ത്‌ തൊഴിലാളിയായ ബാബുവിനെ എൽഡിഎഫ് സ്ഥാനാർഥിയാക്കിയത് നാട്ടുകാരുടെ ആവശ്യപ്രകാരമാണ്. ചെറുപ്പം മുതൽ അധ്വാനിച്ച് ജീവിക്കുന്ന കുട്ടിരാജ് രാവിലെ ചെത്തിയെടുത്ത കള്ള് പയസ് നഗറിൽ എത്തിച്ചശേഷം നാട്ടുകാരുടെ ചെറിയ ആവശ്യങ്ങൾക്കുപോലും ഒപ്പമുണ്ടാകും. കോവിഡിനെത്തുടർന്ന്‌ കാർഷികമേഖല പ്രതിസന്ധിയിലായതോടെ സർക്കാർ നൽകിയ സൗജന്യ അരിയും കിറ്റുമാണ് പട്ടിണി അകറ്റിയത്. സുഭിക്ഷ കേരളത്തിൽ പച്ചക്കറി കൃഷിയിലും ആരംഭിക്കാൻ കഴിഞ്ഞു.
  സർക്കാർ നിരവധി പദ്ധതികൾ അനുവദിക്കുന്നുണ്ടെങ്കിലും കാലങ്ങളായുള്ള കോൺഗ്രസ് ഭരണത്തിൽ ആനക്കാൽപ്പെട്ടി മേഖലയ്‌ക്ക് അവഗണന മാത്രമാണുള്ളത്. യുഡിഎഫ് ഭരണത്തിൽ തകർന്ന റോഡുകളും കനാലുകളും മാത്രമാണ് ബാക്കി. ഇതിനൊരു മാറ്റം വരുത്തണമെന്ന ഗ്രാമീണരുടെ തീരുമാനമാണ് കുട്ടിരാജിലൂടെ പ്രതിഫലിക്കുന്നത്. ആനക്കാൽപ്പെട്ടിയിലെ കർഷകത്തൊഴിലാളികളായ ചുടലയുടെയും ബാലമ്മയുടെയും മകനാണ് കുട്ടിരാജ്. സുധയാണ് ഭാര്യ. മക്കൾ: ദുർഗ, ധരൂൺ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top