18 April Thursday

ഒക്കച്ചങ്ങായിമാരല്ലേ, ഒക്കാതിരിക്കാനാകുമോ...

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020

 ഇടുക്കി

‘‘കൈപ്പത്തി മാറി താമരയാകുന്ന കാലമാണ്‌... ഒരു ദിവസംകൊണ്ട്‌ കോൺഗ്രസ്‌ സ്ഥാനാർഥി ബിജെപി കുപ്പായത്തിൽ വോട്ടുതേടുന്നതു വരെ ഈ തെരഞ്ഞെടുപ്പു കാലത്ത്‌ കേരളക്കര കണ്ടുകഴിഞ്ഞു. അപ്പോൾ ഒക്കച്ചങ്ങായിമാരായ കോൺഗ്രസിന്‌ തിരിച്ചും സഹായം ചെയ്യണമെന്ന്‌ ബിജെപി തീരുമാനിച്ചാൽ കുറ്റം പറയാനൊക്കുവോ...’’– ഇടുക്കിയിലെ സ്ഥാനാർഥി പട്ടിക വിശദമായി കണ്ടാൽ ആരും ഇങ്ങനെ പറഞ്ഞുപോകും. ജില്ലയിലെ ഇടതുപക്ഷത്തിന്റെ മുന്നേറ്റംകണ്ട്‌ വിറളിപൂണ്ടിരിക്കുകയാണ്‌ യുഡിഎഫും എൻഡിഎയും. ഇത്തവണ മലയോരമണ്ണിൽ എൽഡിഎഫിനെ‌ അധികാരത്തിലേറ്റാതിരിക്കാൻ ബിജെപി പരസ്യമായി കോൺഗ്രസിനെ പിന്തുണയ്‌ക്കുന്ന കാഴ്ചയാണ് മിക്കയിടത്തും‌. ജില്ലയിലാകെ 231 സീറ്റിലാണ്‌ ബിജെപിക്ക്‌ സ്ഥാനാർഥി ഇല്ലാത്തത്‌.
 ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 104 സീറ്റിൽ 83 ഇടത്ത് മാത്രമാണ് ബിജെപിക്ക്‌ സ്ഥാനാർഥിയുള്ളത്. എട്ട്‌ ബ്ലോക്ക്‌ പഞ്ചായത്തുകളിൽ നെടുങ്കണ്ടത്ത്‌‌ മാത്രമാണ്‌ മുഴുവൻ സീറ്റിലും ബിജെപി മത്സരിക്കുന്നത്‌. ദേവികുളം ബ്ലോക്കിൽ 13 സീറ്റിൽ അഞ്ചിടത്ത്‌ എൻഡിഎയ്‌ക്ക്‌ സ്ഥാനാർഥിയില്ല. കട്ടപ്പനയിൽ ഒന്ന്‌, തൊടുപുഴയിൽ നാല്‌, ഇളംദേശം രണ്ട്‌, അഴുത മൂന്ന്‌, ഇടുക്കി രണ്ട്‌, അടിമാലി നാല്‌ എന്നിങ്ങനെ സീറ്റുകളിൽ എൻഡിഎ കാഴ്ചക്കാർ മാത്രമാണ്‌‌. കട്ടപ്പന, തൊടുപുഴ നഗരസഭകളിലായി ആകെയുള്ള 69 സീറ്റിൽ ഏഴിടത്ത് എൻഡിഎയ്ക്ക് സ്ഥാനാർഥിയില്ല. തൊടുപുഴയിൽ അഞ്ചിടത്തും കട്ടപ്പനയിൽ രണ്ടിടത്തും.
 പഞ്ചായത്തുകളിൽ ആകെ സീറ്റ് 792 ആണെന്നിരിക്കെ എൻഡിഎ 589 ഇടത്ത് മാത്രമാണ് മത്സരിക്കുന്നത്.  പകരം കോൺഗ്രസ്‌ സഹായം ബിജെപിക്കുമുണ്ട്‌. പല സീറ്റിലും ദുർബലരായ സ്ഥാനാർഥികളെ നിർത്തിയത്‌ എൻഡിഎയ്‌ക്ക്‌ വോട്ട്‌ മറിക്കാനാണെന്ന ആരോപണവും ശക്തമാണ്‌. ഘടകകക്ഷികൾക്ക്‌ പോലും നൽകാത്ത പരിഗണന ബിജെപിക്ക്‌ ചില പഞ്ചായത്തുകളിൽ കോൺഗ്രസ്‌ നൽകുന്നത്‌ അണികൾക്കിടയിലും പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്‌. ജോസ്‌ കെ മാണി കൂടി ഇടതുപക്ഷത്ത്‌ എത്തിയതോടെ തീർത്തും ദുർബലരായിരിക്കുകയാണ്‌ യുഡിഎഫ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top