29 March Friday
ദുരിതയാത്രയ്‌ക്ക്‌ പരിഹാരം: അഡ്വ. എ രാജ എംഎൽഎ

ഇടമലക്കുടി റോഡ്‌ 
പുനർനിർമാണത്തിന്‌ 13.70 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022
മൂന്നാർ 
സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള ദുരിതയാത്രയ്ക്ക് പരിഹാരമാകുന്നു. തകർന്നുകിടക്കുന്ന റോഡിന്റെ പുനർനിർമാണത്തിന്‌ 13.70 കോടി രൂപ അനുവദിച്ചതായി അഡ്വ. എ രാജ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. ഇടമലക്കുടി പാക്കേജിൽനിന്ന്‌ 10 കോടിയും നവീകരണ പ്രവർത്തനങ്ങൾക്ക്‌ മുൻവർഷങ്ങളിൽ വനംവകുപ്പിന് നൽകിയ തുകയിൽ ചിലവായ തുക കഴിച്ച് മൂന്നാർ ഡിഎഫ്ഒയുടെ കൈവശമുള്ള 1.27 കോടിയും പട്ടികക്ഷേമ വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽനിന്ന്‌ 2.43 കോടി രൂപയുമാണ് പദ്ധതിക്കായി ചിലവഴിക്കുന്നത്. ഭരണാനുമതിയും ലഭിച്ചു.  പദ്ധതി നടത്തിപ്പിനായി പൊതുമരാമത്ത് വകുപ്പിലെ എൻജിനിയർ ഉൾപ്പെടുന്ന മോണിറ്ററിങ് സമിതി രൂപീകരിക്കും. നടപടി പൂർത്തിയാക്കി നാല് മാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യം. പെട്ടിമുടിയിൽനിന്ന്‌ ഇഡലിപ്പാറ വരെയുള്ള 7.2 കി.മീറ്റർ റോഡാണ് പുനർനിർമിക്കുന്നത്. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത വിധത്തിലും മരങ്ങൾ നശിപ്പിക്കാതെയുമുള്ള നിർമാണ പ്രവർത്തനമായിരിക്കും നടപ്പാക്കുക. മൂന്നാറിൽനിന്ന്‌ 20 കി.മീറ്റർ ദൂരത്താണ് പെട്ടിമുടി. മുമ്പ് അവിടെനിന്ന്‌ 8 കി.മീറ്റർ വനത്തിലൂടെ കാൽനടയായി സഞ്ചരിച്ചാണ് ഇഡലിപ്പാറയിൽ എത്തുന്നത്. 
എൽഡിഎഫ് സർക്കാരാണ്‌ ഇടമലക്കുടിയിലേക്കുള്ള റോഡ് യാഥാർഥ്യമാക്കിയത്. തുടർന്ന് മുൻ വൈദ്യുതി മന്ത്രി എം എം മണി എംഎൽഎയുടെ ശ്രമഫലമായി സമ്പൂർണ വൈദ്യുതീകരണം നടത്തി. മൂന്നാറിൽനിന്ന്‌ പെട്ടിമുടിവരെയും അവിടെനിന്ന് ഇടമലക്കുടി വരെ നെറ്റുവർക്ക് സംവിധാനം ഏർപ്പെടുത്താനും ഹോസ്റ്റൽ സൗകര്യം ഒരുക്കുന്നതിനും അഞ്ച് കോടി രൂപ അനുവദിച്ചതായും അഡ്വ. എ രാജ എംഎൽഎ പറഞ്ഞു. പൊതുമരാമത്ത് ഉദ്യോഗസ്ഥൻ അലൻ സേവ്യർ, ട്രൈബൽ ഡെവലപ്പ്മെന്റെ്‌ ഓഫീസർ എസ് എ നജീം, സിജി ഗോപാലകൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top