08 August Monday
എ കെ ജി സെന്ററിന് നേരെ ബോംബാക്രമണം

ജില്ലയില്‍ നാളെ രണ്ടുലക്ഷം പേര്‍ 
പ്രതിഷേധത്തില്‍ പങ്കെടുക്കും: സി വി വര്‍ഗീസ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
ചെറുതോണി
പാവങ്ങളുടെ പടത്തലവനായ ഏകെജിയുടെ നാമധേയത്തിലുളള പാർടി ആസ്ഥാനത്തിന് നേരെ  കോൺഗ്രസ് കാപാലികകൂട്ടം ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച് ജില്ലയിൽ ഞായറാഴ്ച രണ്ടുലക്ഷം പേരുടെ  പ്രകടനവും  പൊതുയോഗങ്ങളും സംഘടിപ്പിക്കുമെന്ന്  സിപിഐ എം  ജില്ലാ സെക്രട്ടറി സി വി വർഗീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.  
    കേരളത്തിലെ  ലക്ഷോപലക്ഷം വരുന്ന സാധാരണ ജനങ്ങളുടെ ആശ്വാസകേന്ദ്രമാണ് എ കെ ജി സെന്റർ. കോൺഗ്രസ്–  ബിജെപി  ക്രിമിനലുകൾ സംസ്ഥാനത്ത് സംഘമായി നടത്തുന്ന  ആക്രമങ്ങളുടെ തുടർച്ചയാണിത്. മുഖ്യമന്ത്രിയെ വിമാനത്തിനുളളിൽ  ആക്രമിച്ചു, നേതൃത്വത്തിന്റെ അറിവോടെയാണ്  ആക്രമപരമ്പര  അരങ്ങേറുന്നത്. ധീരജിനെ കൊലപ്പെടുത്തിയവരെ എംപിയുൾപ്പെടെയുള്ളവർ ചേർന്ന് മാലയിട്ടു സ്വീകരിച്ചു. മുഖ്യമന്ത്രിയെ ആക്രമിച്ച കൊടുംക്രിമിനലുകൾക്കും കോൺഗ്രസ് സ്വീകരണമൊരുക്കി. കൊലപാതകത്തിനും  അക്രമത്തിനും കോൺഗ്രസ് നൽകുന്ന പിന്തുണയാണ്പ്രവർത്തകർ  അഴിഞ്ഞാടാൻ കാരണം. സംഘപരിവാറിന്റെ  ഒത്താശയോടെയാണ്   കോൺഗ്രസ്  ആക്രമണങ്ങൾ നടത്തുന്നത് .  സമാധാനം തകർക്കാനും കലാപം സൃഷ്ടിക്കാനുമുളള ഗൂഢാലോചനയുടെ ഭാഗമാണ് എ കെ ജി സെന്ററിന് നേരെയുണ്ടായ ആക്രമണം. രണ്ടാം പിണറായി സർക്കാർ  വന്നതു മുതൽ കോൺഗ്രസ് കെ സുധാകരന്റെ  നേതൃത്വത്തിൽ ആക്രമണങ്ങൾക്ക് പദ്ധതി തയ്യാറാക്കിയതാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.   കൽപ്പറ്റയിലെ ദേശാഭിമാനി ഓഫീസ് അക്രമിച്ചു നിരവധി പാർടി ഓഫീസുകൾ തകർത്തു  സംയമനം  ദൗർബല്യമായി കോൺഗ്രസും ബി.ജെപിയും കാണരുതെന്നും സി വി വർഗീസ് പറഞ്ഞു. 
   ബഹുജനങ്ങളെ അണിനിരത്തി സമാധാന പൂർവമായ പ്രതിഷേധത്തിനാണ് സിപിഐ എം മുൻകയ്യെടുക്കുന്നത്. ഞായറാഴ്ച 2010 ബ്രാഞ്ചുകളിലാണ് പ്രവർത്തകർ പ്രതിഷേധസമരത്തിനായി അണിനിരക്കുന്നത്.  ഒരു ബ്രാഞ്ചിൽ 100 പേർ വീതം രണ്ടു ലക്ഷം പേർ സമരത്തിൽ പങ്കെടുക്കും.ബഫർസോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ തയ്യാറായ മുഖ്യമന്ത്രിയേയും സർക്കാരിനേയും  അഭിനന്ദിക്കുന്നതായും സി വി വർഗീസ് പറഞ്ഞു.  
   ജനവാസകേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കി പൂജ്യം ബഫർസോണായി കേരളത്തിലെ സംരക്ഷിത വനപ്രദേശങ്ങളെ മാറ്റുന്നതിനുളള തീരുമാനമാണ് വ്യാഴാഴ്ച  ചേർന്ന ഉന്നതതല  യോഗത്തിൽ ഉണ്ടായിട്ടുളളത്. 2011 ൽ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ജയറാം രമേശിന്റെ നേതൃത്വത്തിൽ തീരുമാനിച്ച 10 കിലോമീറ്റർ  ബഫർസോൺ എന്ന കിരാത ഉത്തരവിൽ നിന്നും കേരള ജനതയെ മോചിപ്പിക്കുന്നതിനാണ്  സർക്കാർ പ്രതിജ്ഞാബദ്ധമായ നടപടികൾ സ്വീകരിക്കുന്നതെന്നും  സി വി വർഗീസ്  പറഞ്ഞു. ഞായറാഴ്ചത്തെ സമരത്തിൽ എം എം മണി എംഎൽഎ ഗാന്ധിനഗർ കോളനിയിലും കെ കെ ജയചന്ദ്രൻ ചെറുതോണിയിലും  സി വി വർഗീസ് പൈനാവിലും കെ പി മേരി  കരിപ്പിലങ്ങാടും  പങ്കെടുക്കും.  ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ  പി എസ് രാജൻ– കക്കാട്ടുകട,  കെ വി ശശി–  താഴെപതിനാറാംകണ്ടം,  കെ എസ് മോഹനൻ– വെളളക്കയം, ആർ  തിലകൻ–  കാൽവരിമൗണ്ട്, വി വി മത്തായി– കുളമാവ്, വി എൻ മോഹനൻ– കാരിത്തോട്, റോമിയോ സെബാസ്റ്റ്യൻ–  ഇടുക്കി, ഷൈലജാ സുരേന്ദ്രൻ– ചേലച്ചുവട് എം ജെ മാത്യു– താന്നിക്കണ്ടം എന്നിവിടങ്ങളിലും പങ്കെടുക്കും.  വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ജെ മാത്യു,  ഇടുക്കി ഏരിയാ സെക്രട്ടറി പി ബി സബീഷ് എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top