25 April Thursday
മോട്ടോർ മോഷണശ്രമം പാളി

ആ 50 രൂപ ചതിച്ചാശാനെ...

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023
 
നെടുങ്കണ്ടം
മദ്യലഹരിയിൽ 50 രൂപയ്ക്കുവേണ്ടി മോഷ്ടാവ് മോഷണ പദ്ധതി തുറന്നുപറഞ്ഞു. ഇതോടെ നാലംഗ സംഘത്തിന്റെ പദ്ധതി പൊളിഞ്ഞു. നെടുങ്കണ്ടം 17–--ാം വാർഡിലെ ജലനിധിയുടെ ശുദ്ധജല ടാങ്കിൽ ഘടിപ്പിച്ചിരിക്കുന്ന രണ്ട്‌ ലക്ഷം രൂപയുടെ മോട്ടോറും ലക്ഷക്കണക്കിന് രൂപയുടെ പൈപ്പും മോഷ്ടിക്കാനായിരുന്നു പദ്ധതി. സംഭവം പുറത്തായതോടെ പ്രദേശത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിർമിച്ച തടയണയിലെ മോട്ടോർ മോഷണ ശ്രമത്തിലും തുമ്പുണ്ടായി. ഒന്നരക്കോടി രൂപ മുടക്കി ജലനിധി പ്രദേശത്തെ 180 കുടുംബങ്ങൾക്കായി സ്ഥാപിച്ച ലക്ഷങ്ങൾ വിലവരുന്ന മോട്ടോർ മോഷ്ടിക്കാൻ കഴിഞ്ഞ ദിവസം മുതൽ ശ്രമം നടന്നിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം വാർഡംഗം ഷിബു ചെരികുന്നേലിനെ അറിയിച്ചു.  നെടുങ്കണ്ടം ടൗണിൽവച്ച്‌ മോഷണസംഘത്തിലെ ഒരാൾ ഷിബുവിന്റെ പക്കൽ നിന്ന്‌  50 രൂപ ആവശ്യപ്പെട്ടു. രൂപ നൽകിയതോടെ, മദ്യലഹരിയിലായിരുന്ന യുവാവ് മോട്ടർ മോഷ്ടിക്കാൻ പദ്ധതിയിട്ടതും മദ്യപിച്ചതിനാൽ മോഷ്ടിക്കാൻ പറ്റിയില്ലെന്നും വെളിപ്പെടുത്തി. കാര്യങ്ങൾ തുറന്നുപറഞ്ഞതോടെ  ഷിബുവും നാട്ടുകാരും ടാങ്ക് പരിശോധിച്ചപ്പോൾ കോൺക്രീറ്റ് ആവരണം തകർത്ത നിലയിലും പൈപ്പുകൾ അഴിച്ച നിലയിലും കണ്ടെത്തി. കൂറ്റൻ മോട്ടോറിന്റെ നട്ടുകൾ ഊരിമാറ്റിയിരുന്നു. ഏതാനും ദിവസങ്ങൾ കൊണ്ടാണ് ഇവർ മോട്ടോർ നട്ടുകൾ അഴിച്ചുമാറ്റിയത്. മോട്ടോർ നന്നാക്കി ജലവിതരണം പുനഃസ്ഥാപിക്കണമെങ്കിൽ 20,000 രൂപ ജലവിതരണ കമ്മിറ്റി ചെലവഴിക്കേണ്ടി വരും. 
കൂടാതെ സമീപത്തെ മോട്ടോർപ്പുര തകർക്കാനും ശ്രമം നടന്നു. ഇതോടെ ജലനിധി കമ്മിറ്റി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടെ, പ്രദേശവാസി വരകുകാലായിൽ കരുണാകരൻ മോട്ടോർ നഷ്ടപ്പെട്ടതായി ഒരാഴ്ച മുമ്പ്‌ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top