06 December Wednesday
ഭൂ പ്രശ്‌നങ്ങളുടെ കുരുക്കഴിച്ച്‌ സർക്കാർ

3000 പട്ടയങ്ങളുടെ വിതരണം ഉടൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023
ഇടുക്കി
ജില്ലയിലെ ഭൂമി പ്രശ്നങ്ങൾ സമഗ്രമായി പരിഹരിക്കാൻ എൽഡിഎഫ്‌ സർക്കാർ നിർണായകമായ ഇടപെടൽ നടത്തി. 2021 ൽ  പിണറായി സർക്കാർ തുടർഭരണത്തിൽ ജില്ലയിൽ 6458 പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞു. 3000 പട്ടയങ്ങൾകൂടി ഉടൻ വിതരണം ചെയ്യും. പൊൻമുടി അണക്കെട്ടിന്റെ 10 ചെയിനിന്‌ പുറത്തുള്ള കൈവശക്കാർക്കാണ്‌ പട്ടയം അനുവദിക്കുന്നത്‌. കൈവശക്കാരുടെ ഭൂമി സർവേ പൂർത്തീകരിച്ച്‌ പതിവ് ആരംഭിക്കും. കട്ടപ്പന ടൗൺഷിപ്പിൽ പട്ടയം അനുവദിക്കുന്നതിന്‌ പ്രത്യേക  സർവേ ടീമിനെ നിയോഗിച്ചു. ഒക്ടോബർ ആദ്യവാരം സർവേ നടപടികൾ ആരംഭിക്കും.
പട്ടികവർഗ 
കോളനികൾക്ക്‌ പട്ടയം
പട്ടികവർഗ കോളനികളായ ആടുവിളുന്താൻകുടി, കോമാളികുടി, ചേമ്പളം പട്ടികവർഗ സങ്കേതം എന്നിവിടങ്ങളിൽ പട്ടയം അനുവദിക്കും. ഇവിടെ ഒക്ടോബർ ആദ്യവാരം സർവേ നടപടികൾ ആരംഭിക്കും. കാന്തിപ്പാറ വില്ലേജിൽ പട്ടയനടപടികൾ സ്വീകരിക്കുന്നതിന്റെ  ഭാഗമായി വ്യക്തിഗത സർവേ ചെയ്ത് റിക്കാർഡുകൾ പൂർത്തിയായി. ഇടുക്കി അണക്കെട്ടിന്റെ മൂന്ന്‌ ചെയിൻ പ്രദേശം, കല്ലാർകുട്ടി, ചെങ്കുളം അണക്കെട്ടുകളുടെ 10 ചെയിൻ പ്രദേശം, എന്നിവിടങ്ങളിൽ സെക്രട്ടറിതലത്തിൽ തീരുമാനമെടുക്കാൻ റവന്യു, വൈദ്യുതി, മന്ത്രിമാരുടെ സംയുക്തയോഗം നിർദേശം നൽകി.  ഇരട്ടയാർ അണക്കെട്ടിന്റെ 10 ചെയിൻ പ്രദേശത്തെ കട്ടപ്പന നഗരസഭയിൽ ഉൾപ്പെടുന്ന സ്ഥലത്ത് പട്ടയം അനുവദിക്കും. 
ഇടമലക്കുടിക്ക്‌ 
വനാവകാശരേഖ
ഇടമലക്കുടി നിവാസികൾക്ക് വനാവകാശരേഖ അനുവദിക്കും. ഇവിടെ 38 വനാവകാശരേഖകൾ വിതരണത്തിന് തയ്യാറായി. മറയൂർ വില്ലേജിലെ ഒള്ളവയൽ, മാങ്ങാപ്പാറ എന്നീ കുടികളിലെ 102 പേർക്ക് വനാവകാശരേഖ നൽകും. വാഗമൺ, ഏലപ്പാറ എന്നീ വില്ലേജുകളിലെ പട്ടയനടപടി പുനരാംഭിച്ചിട്ടുണ്ട്. ഇവിടെ 500 പട്ടയങ്ങൾ അനുവദിക്കുന്നതിനുള്ള നടപടി പൂർത്തിയായി.  ചിന്നക്കനാൽ വില്ലേജിലെ 4000 ത്തോളം അപേക്ഷ പരിശോധിക്കും. കരിമണ്ണൂർ ഭൂമി പതിവ് ഓഫീ‍സിനു കീഴിലുള്ള പ്രദേശങ്ങളിലും ഇടുക്കി താലൂക്കിലെ ഇടുക്കി, കഞ്ഞിക്കുഴി എന്നീ പ്രദേശങ്ങളിലും പട്ടയം അനുവദിക്കുന്നതിന്‌ വനംവകുപ്പിന്റെ തടസ്സമൊഴിവാക്കി  ഭേദഗതി ശുപാർശ സർക്കാരിന് സമർപ്പിച്ചു. ഈ പ്രദേശങ്ങളിൽ പട്ടയം നൽകുന്നതിന് 2000 ഫയലുകളിൽ നടപടി പൂർത്തീകരിച്ചു. സർവേ ടീമുകളെ നിയോഗിച്ചു. ഇടുക്കി കഞ്ഞിക്കുഴി വില്ലേജിലെ പട്ടികവർഗ കോളനികളിൽ പട്ടയം അനുവദിക്കുന്നതിന് 410 അപേക്ഷകളിൽ പ്രത്യേക പ്രാധാന്യം നൽകി സർവേ നടപടികൾ പൂർത്തീകരിക്കുകയും പട്ടയം അനുവദിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു.
കുറ്റ്യാർവാലിയിൽ  
ഭൂരഹിതർക്ക്‌ പട്ടയം
കുറ്റ്യാർ വാലിയിൽ ഭൂരഹിതരായ 2300 പേർക്ക് പട്ടയം നൽകും. നിശ്ചിത സമയപരിധിക്കുള്ളിൽ തറവില അടയ്‌ക്കാൻ സമയം നൽകിയിട്ടുണ്ട്‌. ഇതിനായി 350 അപേക്ഷകർക്ക് അവസരം നൽകി. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്ത് പുതിയ പട്ടയങ്ങൾ അനുവദിക്കും. 264 പുതിയ അപേക്ഷകൾ ലഭിച്ചതിൽ 65 പട്ടയങ്ങൾ വിതരണം ചെയ്തു. 60 അപേക്ഷകളിൽ നടപടികൾ പൂർത്തീകരിച്ചിട്ടുള്ളതും 139 കേസുകൾ നടപടിയിലാണ്‌. ദേവികുളം താലൂക്കിൽ ഇനിയും ശേഷിക്കുന്ന പതിവ് അപേക്ഷകൾ ഉടൻ  തീർപ്പാക്കാൻ പ്രത്യേകടീമുകളെ നിയോഗിച്ചതായി കലക്ടർ ഷീബാ ജോർജ്‌ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top