18 December Thursday
മൂന്ന് ദിവസത്തില്‍ 365 മില്ലീമീറ്റര്‍

പെയ്‍തിറങ്ങുന്നു തോരാമഴ

സ്വന്തം ലേഖകൻUpdated: Sunday Oct 1, 2023

മഴയിൽ കുഞ്ഞുമായി നടന്നുനീങ്ങുന്ന യുവതി. കട്ടപ്പനയിൽ നിന്നുള്ള ദൃശ്യം

തൊടുപുഴ

ഒരിടവേളയ്‍ക്ക് ശേഷം ജില്ലയിൽ വീണ്ടും തോരാമഴ. അറബിക്കടലിലും ബം​ഗാൾ ഉൾക്കടലിലും രൂപപ്പെട്ട ഇരട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ സംസ്ഥാന വ്യാപകമായി ശക്തമായ മഴ തുടരുകയാണ്. ജില്ലയിലും കഴിഞ്ഞ മൂന്ന് ദിവസമായി പെരുമഴയാണ്. തോട്ടം മേഖലയിലാണ് കൂടുതൽ ശക്തം. മൂന്ന് ദിവസത്തിൽ 365.16 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. 27, 28, 29 തീയതികളിലെ കണക്കുകളാണിത്. മഞ്ഞ അലർട്ടായിരുന്ന ശനിയാഴ്‍ചയും ജില്ലയിൽ പരക്കെ മഴ പെയ്‍തു. പീരുമേട് താലൂക്കിലാണ് കൂടുതൽ മഴ. 152 മില്ലീമീറ്റർ. ഇതിൽ തന്നെ കഴിഞ്ഞ രണ്ട് ദിവസത്തിൽ 143 മില്ലീമീറ്റർ മഴ പെയ്‍തു. 

പീരുമേട് കഴിഞ്ഞാൽ കൂടുതൽ മഴ ലഭിച്ചത് ലോ റേഞ്ചായ തൊടുപുഴ താലൂക്കിലാണ്. 73.36 മില്ലീമീറ്റർ. ദേവികുളത്ത് 66.6, ഇടുക്കിയിൽ 54 മില്ലീമീറ്ററും മഴ ലഭിച്ചു. ഉടുമ്പൻചോല താലൂക്കിലാണ് കുറവ്. 19.2 മില്ലീമീറ്റർ. ഇതിൽ 17.2ഉം കഴിഞ്ഞ രണ്ട് ദിവസത്തിലാണ്. ഇടതടവില്ലാത്ത മഴയാണ് ജില്ലയിൽ ലഭിക്കുന്നത്. രാവിലെ മാത്രം അൽപ്പം തെളിച്ചമൊഴിവാക്കിയാൽ ബാക്കി സമയമെല്ലാം അന്തരീക്ഷം മേഘാവൃതമാണ്. നിലവിൽ നാശനഷ്‍ടങ്ങളൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്‍തിട്ടില്ല. കനത്ത മഴ തുടങ്ങിയ 28ന് രാവിലെ ഏഴിന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 119.40 അടി ആയിരുന്നു. 29ന് 119.45 ആയും ശനിയാഴ്‍ച 119.65 ഉം ആയി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. 142 അടിയാണ് പരമാവധി സംഭരണശേഷി. ഇടുക്കി അണക്കെട്ടിൽ 28ന് രാവിലെ 2338.60 അടിയായിരുന്നു ജലനിരപ്പ്. 29ന് 2339.02, ശനിയാഴ്‍ച 2339.68 അടിയായും ജലനിരപ്പുയർന്നു. 2403 അടിയാണ് പരമാവധി സംഭരണശേഷി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top