20 April Saturday
കൃഷിസ്ഥലത്ത്‌ അതിക്രമിച്ച്‌ കയറിയത്‌ ചോദ്യം ചെയ്‌തു

കുടുംബത്തിന്‌ നേരെ കോൺഗ്രസ്‌ നേതാവിന്റെ 
നേതൃത്വത്തിൽ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022
 
മൂന്നാർ
കോടതി വിധി മറികടന്ന് കൃഷി സ്ഥലത്ത് അതിക്രമിച്ച് കയറി നാശനഷ്ടം വരുത്താൻ ശ്രമിച്ചവരെ ചോദ്യം ചെയ്ത കുടുംബത്തിന്‌ നേരെ ആക്രമണം. വട്ടവട പഴത്തോട്ടം സ്വദേശികളായ മുരുകൻ(64), ഭാര്യ റീത്ത (48), മകൻ സതീഷ് (31) എന്നിവർക്ക്‌ നേരെയാണ്‌ ആക്രമണമുണ്ടായത്‌. വട്ടവട പഞ്ചായത്ത് പഴത്തോട്ടം വാർഡംഗവും പ്രാദേശിക കോൺഗ്രസ്‌ നേതാവുമായ മനോഹരന്റെ നേതൃത്വത്തിൽ രമേശ്, ഭാര്യ സെൽവി, അമ്മ ജാനകി, മൂന്നാർ സ്വദേശി അശോക് എന്നിവർ ചേർന്നാണ് ആക്രമിച്ചത്. പരിക്കേറ്റവർ മൂന്നാർ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്‌. ഇതിൽ മുരുകന്റെയും സതീഷിന്റെയും നില ഗുരുതരമാണ്.  
ബുധൻ പകൽ 2.30 ഓടെയാണ് സംഭവം. സ്ഥലം സംബന്ധിച്ച തർക്കത്തെ തുടർന്ന് കോടതിയിൽ കേസ് നടക്കുകയും 2016ൽ മുരുകന് അനുകൂലമായി ദേവികുളം മുൻസിഫ് കോടതി വിധി പറഞ്ഞതുമാണ്‌. തുടർന്ന് സ്ഥലവുമായി ബന്ധപ്പെട്ട് മുരുകന്റെ കുടുംബത്തെ വാർഡംഗം ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇത് സംബന്ധിച്ച് കലക്ടർക്കും പഞ്ചായത്ത് പ്രസിഡന്റിനും പരാതി നൽകിയിട്ടുണ്ട്‌. ഇതിന്‌ പിന്നാലെ കഴിഞ്ഞ ദിവസം സ്ഥലത്ത് മണ്ണുമാന്തി യന്ത്രം എത്തിച്ച് മുരുകന്റെ കൃഷിസ്ഥലത്ത് പ്രവേശിച്ച് വഴിവെട്ടുകയും മരങ്ങൾ പിഴുതുമാറ്റുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മാരകായുധങ്ങൾ ഉപയോഗിച്ച് മുരുകനെയും കുടുംബത്തെയും ആക്രമിച്ചത്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top