19 April Friday

രാഷ്ട്രപതിയെ ഒഴിവാക്കിയതിന് പിന്നിൽ ബിജെപിയുടെ 
സ്ത്രീവിരുദ്ധത: പി കെ ശ്രീമതി

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

ഇടുക്കി മഹോത്സവവുമായി ബന്ധപ്പെട്ട് നടത്തിയ സിമ്പോസിയം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി ഉദ്‌ഘാടനംചെയ്യുന്നു

 ചെറുതോണി

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പാർലമെന്റ് ഉദ്ഘാടനത്തിൽ നിന്ന് മാറ്റിനിർത്തിയതിന് പിന്നിൽ കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും സ്ത്രീ വിരുദ്ധതയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി. ചെറുതോണിയിൽ ഇടുക്കി മഹോത്സവത്തോടനുബന്ധിച്ച് നടന്ന "സ്ത്രീ ജീവിതവും പോരാട്ടങ്ങളും "സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രാഷ്ട്രപതി വിധവയും ആദിവാസി ഗോത്രവിഭാഗത്തിൽ നിന്നുള്ളയാളായതിനാലാണ്‌ അവരെ മാറ്റിനിർത്തിയത്. ഇത്തരം അന്ധവിശ്വാസവും സ്ത്രീവിരുദ്ധതയും വെച്ചുപുലർത്തുന്നവരാണവർ. പഴയ ചരിത്രം വേണ്ടെന്ന നിലപാടുള്ളവരാണ് രാജ്യം ഭരിക്കുന്നത്. അതിന്റെ ഭാഗമായാണ് പുതിയ പാർലമെന്റ് മന്ദിരം. ഹിന്ദുക്കളുടെ രാഷ്ട്രം വേണമെന്ന് ആവർത്തികുകയാണവർ. ആർഎസ്എസ് പ്രത്യയശാസ്ത്രമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. 
ബേഠി ബച്ചാവോ, ബേഠി പഠാവോ എന്ന് പറഞ്ഞവർ പെൺകുട്ടികളുടെ ഉന്നമനത്തിനായി ഒന്നും ചെയ്യുന്നില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഗുസ്തി താരങ്ങളായ പെൺകുട്ടികളോട് കേന്ദ്രസർക്കാർ കാണിക്കുന്നത്. ലൈംഗിക പീഡനത്തിനിരയായെന്ന് ഒരു പെൺകുട്ടി പരാതിപ്പെട്ടാൽ 24 മണിക്കൂറിനകം എഫ്ഐആറിട്ട് കേസെടുത്ത് അറസ്റ്റ് ചെയ്യണം. അതിന് പകരം രാജ്യത്തിനാകെ അപമാനകരമായ നടപടിയാണ് പ്രധാനമന്ത്രി സ്വീകരിച്ചത്‌.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്കൂളുകൾ പൂട്ടുകയാണ്. കൊഴിഞ്ഞു പോക്കാണ് യാഥാർത്ഥ്യത്തിൽ നടക്കുന്നത്. പെൺകുട്ടികൾ സ്കൂളിൽ പോകേണ്ടതില്ലെന്ന് ചിന്തിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കേരള സമൂഹത്തിൽ സ്ത്രീകൾ മെച്ചപ്പെട്ട നിലയിലാണ്. യുപിയിൽ വിധവകളെ ഒറ്റപ്പെടുത്തുമ്പോൾ ഇവിടെ 1600 രൂപ പെൻഷൻ നൽകി ചേർത്ത് പിടിക്കുകയാണെന്ന്‌ അവർ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top