26 April Friday

ഒടുവിൽ കൊച്ചിക്കും 
സിറ്റി ഗ്യാസ്‌ ; കുന്നുംപുറത്തെ വീടുകൾ ഇന്നുമുതൽ സിറ്റി ഗ്യാസിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023


കൊച്ചി
ഒടുവിൽ കൊച്ചി നഗരത്തിലെ വീടുകളിലും പാചകാവശ്യത്തിനുള്ള സിറ്റി ഗ്യാസ്‌ എത്തുന്നു. നഗരം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതി പൈപ്പ്‌ സ്ഥാപിക്കുന്നതിലെ തടസ്സങ്ങൾമൂലം വർഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. എൽഡിഎഫ്‌ കൗൺസിൽ നടത്തിയ ഇടപെടലുകളാണ്‌ പദ്ധതി യാഥാർഥ്യമാക്കുന്നത്‌. ഇടപ്പള്ളി മേഖലയിലെ കുന്നുംപുറം ഡിവിഷനിൽ 350 കണക്‌ഷനുകൾ നൽകിയാണ്‌ പദ്ധതി തുടങ്ങുന്നത്‌. വെള്ളി രാവിലെ 9.30ന്‌ കുന്നുംപുറം ജങ്ഷനിൽ മേയർ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്യും.

ഇടപ്പള്ളിയിലെ നാലും വൈറ്റിലയിലെ അഞ്ചും ഡിവിഷനുകളിലായി 16,000 കണക്‌ഷനുകൾ നൽകാനുള്ള നെറ്റ്‌വർക് തയ്യാറാണെന്ന്‌ പദ്ധതിയുടെ ചുമതലയുള്ള ഇന്ത്യൻ ഓയിൽ–-അദാനി ഗ്യാസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ അസോസിയറ്റ്‌ ജനറൽ മാനേജർ അജയ്‌ പിള്ള പറഞ്ഞു. പോണേക്കര, പൊന്നുരുന്നി, പൊന്നുരുന്നി ഈസ്‌റ്റ്‌, തമ്മനം, വെണ്ണല, പാലാരിവട്ടം, പാടിവട്ടം, ചക്കരപ്പറമ്പ്‌, ചളിക്കവട്ടം എന്നീ ഡിവിഷനിലാണ്‌ പൈപ്പിടൽ പൂർത്തിയാക്കി വീടുകളിൽ നെറ്റ്‌വർക് എത്തിച്ചിട്ടുള്ളത്‌. ഇതിൽ നാലായിരത്തോളം വീടുകളിൽ കണക്‌ഷന്‌ പണമടച്ചു. അവർക്കും ഉടൻ കണക്‌ഷൻ നൽകാനാകും. കുന്നുംപുറം ഡിവിഷനിലെ വീടുകളിൽ കണക്‌ഷൻ നൽകി ട്രയൽ വിജയകരമായി പൂർത്തിയാക്കി.

കൊച്ചി നഗരത്തെ സംബന്ധിച്ച്‌ സിറ്റി ഗ്യാസ്‌ ശൃംഖലയുടെ ഭാഗമാകുന്നത്‌ വലിയ നേട്ടമാണെന്ന്‌ മേയർ എം അനിൽകുമാർ പ്രതികരിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ നൽകിയ പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നാണിത്‌. എൽഎൻജി പദ്ധതിയുടെ സമീപപ്രദേശമെന്ന നിലയിൽ കൊച്ചിക്ക്‌ ആദ്യം കണക്‌ഷൻ ലഭിക്കേണ്ടതായിരുന്നു. എന്നാൽ കളമശേരി, തൃക്കാക്കര നഗരസഭകളിൽ സിറ്റി ഗ്യാസ്‌ എത്തിയിട്ടും കൊച്ചിക്ക്‌ ലഭിച്ചില്ല. മുൻ യുഡിഎഫ്‌ കൗൺസിലുകളുടെ കാലത്ത്‌ പൈപ്പിടൽ ജോലികൾക്കുള്ള നടപടി തടസ്സപ്പെട്ടതാണ്‌ കാരണം. നിസ്സാര കാരണങ്ങളുടെ പേരിലായിരുന്നു അദാനി ഗ്യാസുമായുള്ള തർക്കം. സംസ്ഥാന സർക്കാർ ഇടപെട്ട്‌ പരിഹാരത്തിന്‌ ശ്രമിച്ചെങ്കിലും നഗരസഭ നിസ്സഹകരണത്തിലായിരുന്നു. എൽഡിഎഫ്‌ കൗൺസിൽ വന്നശേഷം നടത്തിയ ഇടപെടലിന്റെ ഭാഗമായി മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന്‌ തടസ്സങ്ങൾ നീക്കി. സമയബന്ധിത നടപടികൾക്കായി കലക്‌ടറെയും ചുമതലപ്പെടുത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top