20 April Saturday

കൊച്ചി മെട്രോ പാർക്കിങ് കേന്ദ്രങ്ങൾ കാലി ; 
നിരക്ക്‌ കുറയ്‌ക്കാതെ കെഎംആർഎൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

തിങ്കൾ രാവിലെ 10ന് പേട്ട മെട്രോ പാർക്കിങ് കേന്ദ്രം പാതി ഒഴിഞ്ഞനിലയിൽ


കൊച്ചി
മെട്രോ സ്‌റ്റേഷനുകളിലെ സ്വകാര്യവാഹന പാർക്കിങ് കേന്ദ്രങ്ങൾ പകുതിയും കാലിയായിട്ടും നിരക്കുവർധന പുനഃപരിശോധിക്കാതെ കെഎംആർഎൽ. പാർക്കിങ് നിരക്ക്‌ കുത്തനെ കൂട്ടിയശേഷം തിരക്കുള്ള സമയങ്ങളിൽ മെട്രോയാത്രികരുടെ എണ്ണത്തിലും വൻ ഇടിവ്‌. ഡിസംബർ 20 മുതലാണ്‌ രാജ്യത്തെ ഏറ്റവും ഉയർന്ന പാർക്കിങ് നിരക്ക്‌ കൊച്ചി മെട്രോ നടപ്പാക്കിയത്‌.

പേട്ട, തൈക്കൂടം, വൈറ്റില സ്‌റ്റേഷനുകളിൽ 20നുശേഷം കാർ, ബൈക്ക്‌ പാർക്കിങ് പകുതിയിലേറെ കുറഞ്ഞതായി കരാറുകാർ പറഞ്ഞു. പതിവായി മെട്രോ ഉപയോഗിച്ചിരുന്ന പലരും സ്വന്തം വാഹനങ്ങളിലാക്കി യാത്ര. പുതുതായി പാർക്കിങ്ങിന്‌ വരുന്നവർ നിരക്ക്‌ കേൾക്കുമ്പോൾ വാഹനമെടുത്ത്‌ പോകുന്നു. കുറഞ്ഞ സമയത്തേക്ക്‌ വാഹനമിടുന്നവർമാത്രമാണ്‌ ഇപ്പോൾ പാർക്കിങ്ങിൽ എത്തുന്നതെന്നും കരാറുകാർ പറഞ്ഞു. പേട്ടയിലെ പാർക്കിങ്ങിൽ പണംപിരിക്കാൻ ഇപ്പോൾ ഒരാൾമാത്രമാണുള്ളത്‌. നേരത്തേ മൂന്നുപേരുണ്ടായിരുന്നു. വാഹനത്തിരക്ക്‌ കുറഞ്ഞതോടെ മറ്റുള്ളവർക്ക്‌ പണിയില്ലാതായി. സ്ഥിരം യാത്രികർ കൂടുതലുണ്ടായിരുന്ന ആലുവ, കുസാറ്റ്‌ സ്‌റ്റേഷനുകളിലെ പാർക്കിങ് കേന്ദ്രങ്ങളും പകുതിയോളം കാലിയാണ്‌. അഞ്ഞൂറോളം കാറുകളും ഇരുനൂറോളം ബൈക്കുകളും പാർക്ക്‌ ചെയ്‌തിരുന്ന ആലുവയിൽ ഇപ്പോൾ എത്തുന്നത്‌ ഉദ്ദേശം 150 കാറുകളും എഴുപത്തഞ്ചോളം ബൈക്കുകളും മാത്രമാണ്‌.

പാർക്കിങ് ഫീസ്‌ ഉയർത്തിയശേഷം രാവിലെ 10.30 വരെയുള്ള മെട്രോ യാത്രികരുടെ എണ്ണത്തിലുണ്ടായ കുറവ്‌ പ്രകടമാണ്‌. എസ്‌എൻ ജങ്ഷനിൽനിന്ന്‌ ആരംഭിക്കുന്ന ട്രെയിനുകൾ രണ്ടാമത്തെ സ്‌റ്റേഷനായ വടക്കേകോട്ടയിൽ എത്തുമ്പോൾത്തന്നെ യാത്രികർ നിറയാറുണ്ട്‌. ഇപ്പോൾ പേട്ട പിന്നിടുമ്പോൾ സീറ്റുകളിൽ ഇരിക്കാൻമാത്രമുള്ള യാത്രികരേയുള്ളൂ. 

നാലുചക്രവാഹനത്തിന്‌ 10 രൂപയും ബൈക്കിന്‌ അഞ്ചു രൂപയുമായിരുന്നു പഴയ ഫീസ്‌. ഇപ്പോൾ കാറുകൾക്ക്‌ ആദ്യ രണ്ടുമണിക്കൂർ 15 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും അഞ്ചു രൂപവീതവും നൽകണം. ബൈക്കിന്‌ ഓരോ രണ്ടുമണിക്കൂറിനും അഞ്ചു രൂപവീതം നൽകണം.
ചെന്നൈ, ബംഗളൂരു, ജയ്‌പുർ തുടങ്ങിയ വൻകിടനഗരങ്ങളിലെ മെട്രോകളിലുള്ളതിനെക്കാൾ ഉയർന്ന നിരക്കാണ്‌ കൊച്ചിയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top