16 September Tuesday

അറിവി​ന്റെ വര്‍ണക്കൂടാരമായി 
ഗവ. ബിടിഎസ് എൽപി സ്കൂള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023


കൊച്ചി
ഇടപ്പള്ളി ഗവ. ബിടിഎസ് എൽപി സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾക്ക് മെട്രോ ട്രെയിനിൽ ഇരുന്ന് പഠിക്കാം. സമഗ്രശിക്ഷാ കേരളയുടെ പ്രീ പ്രൈമറി ശാക്തീകരണ സ്‌റ്റാഴ്‌സ്‌ പദ്ധതിയുടെ ഭാഗമായി വാഹനം എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് സ്കൂൾമുറ്റത്ത് കുട്ടികൾക്ക് പഠിക്കാനായി ക്ലാസ്‌മുറി മെട്രോ ട്രെയിൻ മാതൃകയില്‍ നിർമിച്ചത്. കണ്ടും കേട്ടും സ്പർശിച്ചും പഠിക്കാൻ ക്ലാസ്‌മുറികളിലും പുറത്തുമായി 30 തീമുകളാണ് ഒരുക്കിയിട്ടുള്ളത്. സിമ​ന്റിലൊരുക്കിയ ട്രെയിന്‍ ക്ലാസ്‌മുറിയില്‍ ഒരേസമയം 50 കുട്ടികൾക്ക് ഇരുന്ന് പഠിക്കാം. ട്രെയിൻ കാട്ടിലൂടെ സഞ്ചരിക്കുന്ന പശ്ചാത്തലമാണ് ഒരുക്കിയിട്ടുള്ളത്. അതിനായി സ്കൂളിന്റെ പുറംചുവരിൽ മരങ്ങളും മൃഗങ്ങളെയും വരച്ചു.

സ്കൂളിനുമുന്നില്‍ വര്‍ത്തമാനം പറയുന്ന രണ്ടു ജിറാഫുകൾ, ഏറുമാടങ്ങൾ, പഴങ്ങളുടെയും പച്ചക്കറികളുടെയും ആകൃതിയിൽ നിർമിച്ച ഇരിപ്പിടങ്ങൾ, വെള്ളച്ചാട്ടം, പഞ്ചതന്ത്രം കഥയിലെ ഗുഹയും സിംഹവും അണ്ണാനും ജൈവവൈവിധ്യ ഉദ്യാനം, ശലഭോദ്യാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.

സാധാരണ ക്ലാസ്‌മുറികൾ ചിത്രങ്ങളാല്‍ മനോഹരമാക്കി. ഭാഷായിടം, അഭിനയയിടം, ശാസ്ത്രയിടം, നിർമാണയിടം, വായനയിടം, ഗണിതയിടം, സംഗീതയിടം എന്നിങ്ങനെ വിവിധ കോര്‍ണറുകളും ഒരുക്കി. മികച്ച പഠനസൗകര്യങ്ങളാണ് സംസ്ഥാന സർക്കാർ സമഗ്രശിക്ഷാ കേരളയുടെ സ്റ്റാഴ്സ് പദ്ധതിയിൽപ്പെടുത്തി 10 ലക്ഷം രൂപ ചെലവിട്ട് സ്കൂളിലൊരുക്കിയത്. വർണക്കൂട് പ്രീ പ്രൈമറി ശാക്തീകരണ പദ്ധതി സ്കൂളിന്റെ 125–--ാം വാർഷികമായ ചൊവ്വ വൈകിട്ട് നാലിന്‌ മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top