കോതമംഗലം
ഐഎസ്എൽ ബൂട്ടണിയാൻ കോതമംഗലം എംഎ കോളേജിൽനിന്ന് ഒരുതാരംകൂടി. ശനിയാഴ്ച നടക്കുന്ന ഹൈദരാബാദ്–-ഈസ്റ്റ് ബംഗാൾ മത്സരത്തിൽ കോളേജിലെ മൂന്നാംവർഷ ബിഎ ഹിസ്റ്ററി വിദ്യാർഥി മുഹമ്മദ് റാഫിയാണ് ഹൈദരാബാദ് എഫ്സിക്കായി ബൂട്ടണിയുന്നത്. എംഎ കോളേജിൽനിന്ന് ഐഎസ്എല്ലിൽ എത്തുന്ന നാലാമത്തെ താരമാണ് മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് റാഫി.
കഴിഞ്ഞവർഷം സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ എംജി സർവകലാശാലയ്ക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ റാഫിക്കായി. ഖേലോ ഇന്ത്യ നാഷണൽ ചാമ്പ്യൻഷിപ്പിൽ എംജി സർവകലാശാല മൂന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ ടീമിൽ റാഫിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. മഷൂർ ശരീഫ് തങ്കളകത്ത്, അലക്സ് സജി, എമിൽ ബെന്നി എന്നിവർ മുമ്പ് എംഎ കോളേജിൽനിന്ന് ഐഎസ്എൽ ക്ലബ്ബുകളിൽ ഇടം നേടിയിട്ടുണ്ട്. ഒരുവ്യാഴവട്ട കാലയളവിൽ ഏഴുതാരങ്ങളാണ് എംഎ കോളേജിൽനിന്ന് സന്തോഷ് ട്രോഫിയിലും ഇടം നേടിയതെന്ന് പരിശീലകൻ ഹാരി ബെന്നിയും അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..