തേഞ്ഞിപ്പലം
നൂൽമഴയിൽ ചോരാത്ത പോരാട്ടവീര്യവുമായി ആനന്ദ് കൃഷ്ണ ഓടിക്കയറിയത് ചരിത്രത്തിലേക്ക്.അഞ്ച് പതിറ്റാണ്ടുമുമ്പ് ആ ട്രാക്കിൽ പതിഞ്ഞ അടയാളം തിരുത്തുന്നതായിരുന്നു ഓരോ ചുവടും. 14 മിനിട്ട് 29.40 സെക്കൻഡിൽ ലക്ഷ്യത്തിലെത്തി. 5000 മീറ്ററിലെ റെക്കോഡ്. സംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റിലെ ഏറ്റവും പഴക്കംചെന്ന റെക്കോഡാണ് ഈ മഞ്ചേരിക്കാരൻ മാറ്റിയെഴുതിയത്. 1973ൽ തിരുവനന്തപുരത്തിനായി ശശിധരൻ നേടിയ 14 മിനിട്ട് 46.40 സെക്കൻഡാണ് ചരിത്രമായത്.
കഴിഞ്ഞ ദിവസം നടന്ന 1500 മീറ്ററും മീറ്റ് റെക്കോഡോടെയാണ് പൂർത്തിയാക്കിയത്. കോതമംഗലം എംഎ കോളേജിൽ പിജി സോഷ്യോളജി വിദ്യാർഥിയായ ആനന്ദ് എറണാകുളത്തിന് വേണ്ടിയാണ് മത്സരത്തിനിറങ്ങിയത്. 2021ൽ 5000 മീറ്ററിലും 10,000 മീറ്ററിലും സ്വർണമെഡൽ നേടി. പരിക്കുകാരണം 2022ൽ മത്സരത്തിനിറങ്ങാൻ കഴിഞ്ഞില്ല. ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി മീറ്റിൽ 5000 മീറ്ററിലും സ്വർണം നേടിയിട്ടുണ്ട്. ഡോ. ജോർജ് ഇമ്മാനുവൽ ആണ് പരിശീലകൻ. മഞ്ചേരിയിൽ ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണന്റെയും സുനിതയുടെയും മകനാണ്. മേഘ്നയാണ് സഹോദരി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..