25 April Thursday

ചുവപ്പുനാട അഴിഞ്ഞു ; രാജനും രമയ്‌ക്കും വീടുയരും

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023


കാലടി
കാഴ്ചപരിമിതരായ കുറ്റിയാലുക്കൽ രാജനും ഭാര്യ രമയ്‌ക്കും സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ വീടൊരുങ്ങുന്നു. കൂവപ്പടി പഞ്ചായത്തിലാണ് വീട് നിർമിക്കുന്നത്. കാലടി പിരാരൂരിലാണ് ഇവർ താമസിക്കുന്നത്. 2018ൽ കൂവപ്പടി പഞ്ചായത്ത് ഏഴാംവാർഡ് ചെട്ടിനടയിൽ കോച്ചേരിമാലിൽ പ്രദേശത്താണ് ഇവർക്ക് സ്ഥലം ലഭ്യമായത്. സാങ്കേതികപ്രശ്നങ്ങൾകാരണം വീട് നിർമാണം തടസ്സപ്പെട്ടു.

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിജോ ചൊവ്വരാന്റെ നിരന്തര ഇടപെടലിലൂടെ സാങ്കേതികപ്രശ്നങ്ങൾ ഓരോന്നായി പരിഹരിച്ചു. കൂവപ്പടി പഞ്ചായത്തിൽനിന്ന്‌ വീട് നിർമാണ അനുമതിയും ലഭിച്ചു. രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയും ഉൾപ്പെടെ 420 ചതുരശ്ര അടിയിലാണ് വീട് ഒരുങ്ങുന്നത്. ലൈഫ് പദ്ധതിവഴി നാല് ലക്ഷം രൂപ ലഭിക്കും.  കാലടി പഞ്ചായത്തിൽനിന്ന്‌ ഭവനനിർമാണത്തിനുള്ള ആദ്യ ഗഡു 40,000 രൂപ രമയുടെ ബാങ്ക് അക്കൗണ്ടിൽ എത്തി.

ഭൂരഹിത,- ഭവനരഹിതരും പട്ടികജാതി വിഭാഗക്കാരുമായ അന്ധദമ്പതികൾക്ക് 2018-ൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് സെന്റ് ഭൂമി കൂവപ്പടി പഞ്ചായത്തിൽ ലഭ്യമാക്കി. പഞ്ചായത്ത്‌ അംഗമായിരുന്ന സിജോ ചൊവ്വരാന്റെ ഇടപെടലിലാണ്‌ സ്ഥലം ലഭ്യമാക്കിയത്‌. പ്രളയവും കോവിഡ്‌ പ്രതിസന്ധിയുംമൂലം നിർമാണം നീണ്ടു. 2021-ൽ വീണ്ടും പദ്ധതി ആരംഭിച്ചപ്പോഴേക്കും തദ്ദേശഭരണസമിതികൾ മാറി. കാലടി സ്വദേശികളായതിനാൽ കൂവപ്പടി പഞ്ചായത്തിന് ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്ന് അവിടത്തെ സെക്രട്ടറിയും എല്ലാ രേഖകളും കൂവപ്പടി പഞ്ചായത്തിലേക്ക് മാറ്റിയതിനാൽ ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്ന് കാലടി പഞ്ചായത്ത് സെക്രട്ടറിയും നിലപാടെടുത്തു. തുടർന്ന്  കാലടി പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിൽ മുൻഗണനയിലുള്ള ഇവരുടെ അവസ്ഥ വിവരിച്ച് തദ്ദേശസ്വയംഭരണമന്ത്രിക്ക് പരാതി നൽകി. കാലടി പഞ്ചായത്തിൽ താമസിച്ചുവരുന്ന ഇവരുടെ പേരുകൾ റേഷൻ കാർഡിൽ ഉൾപ്പെട്ടിരുന്നതിനാൽ നാല് ലക്ഷം കാലടി പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് കൈമാറാൻ മന്ത്രി നിർദേശിച്ചതോടെയാണ്‌ വീടെന്ന സ്വപ്‌നത്തിന്‌ വഴിതുറന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top