പിറവം
ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാംസീസണിലെ നാലാംമത്സരത്തിന് പിറവം ഒരുങ്ങി. ശനിയാഴ്‌ച നടക്കുന്ന മത്സരത്തിൽ ചുണ്ടൻവള്ളങ്ങളും പ്രാദേശിക വള്ളംകളിയിൽ ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളും തുഴയെറിയും. മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പിബിസി തുഴയുന്ന വീയപുരം ചുണ്ടനാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ചുണ്ടൻവള്ളങ്ങളിൽ ട്രോപ്പിക്കല്‍ ടൈറ്റന്‍സ് (വീയപുരം) പിബിസി, കോസ്റ്റ് ഡോമിനേറ്റേഴ്സ് (നടുഭാഗം) യുബിസി, മൈറ്റി ഓര്‍സ് (നിരണം) എന്‍സിഡിസി, ബാക്ക് വാട്ടര്‍ വാരിയേഴ്സ് (ചമ്പക്കുളം) കുമരകം ടൗണ്‍ ബോട്ട് ക്ലബ്, റേജിങ് റോവേഴ്സ് (മഹാദേവിക്കാട്) പൊലീസ് ബോട്ട് ക്ലബ്, തണ്ടര്‍ ഓര്‍സ് (പായിപ്പാടന്‍) കെബിസി/എസ്എഫ്ബിസി, റിപ്പിള്‍ ബ്രേക്കേഴ്സ് (കാരിച്ചാല്‍) പുന്നമട ബോട്ട് ക്ലബ്, ബാക്ക് വാട്ടര്‍ കിങ്‌സ് (സെന്റ് പയസ്) നിരണം ബോട്ട് ക്ലബ്, പ്രൈഡ് ചേസേഴ്സ് (ആയാപറമ്പ് പാണ്ടി) വിബിസി എന്നിവയാണ് മത്സരിക്കുന്നത്.
പ്രാദേശിക വള്ളംകളിയിൽ പിറവം റോഡ് കടവ് ബോട്ട് ക്ലബ്ബിന്റെ വെണ്ണക്കലമ്മ, വലിയപണ്ഡിതൻ, പുത്തൻപറമ്പിൽ, പിറവം ബോട്ട് ക്ലബ്ബിന്റെ താണിയൻ, ആർകെ ടീമിന്റെ പൊഞ്ഞനത്തമ്മ, മുളക്കുളം ബോട്ട് ക്ലബ്ബിന്റെ ശ്രീഗുരുവായൂരപ്പൻ, മുളക്കുളം ശ്രീലക്ഷ്മണ ബോട്ട് ക്ലബ്ബിന്റെ ശരവണൻ, കക്കാട് കൈരളി ബോട്ട് ക്ലബ്ബിന്റെ സെന്റ് ജോസഫ്, പിറവം ത്രീകിങ്‌സ് ബോട്ട് ക്ലബ്ബിന്റെ ശ്രീമുത്തപ്പൻ എന്നീ ഇരുട്ടുകുത്തിവള്ളങ്ങളും മത്സരിക്കും.
ശനി പകൽ 1.30ന് പിറവം കുട്ടികളുടെ പാർക്കിനുസമീപം നടക്കുന്ന യോഗത്തിൽ വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷനാകും. വാർത്താസമ്മേളനത്തിൽ നഗരസഭാ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ്, കെ പി സലിം, പി കെ പ്രസാദ്, ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്, അജേഷ് മനോഹർ, പി ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..