20 April Saturday

അഴിമതിയും ക്രമക്കേടും നിറഞ്ഞ് തൃക്കാക്കര നഗരസഭ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

വിജിലന്‍സിന്റെ പിടിവീണു; 
അനധികൃത ജീവനക്കാരെ പുറത്താക്കി
തൃക്കാക്കര നഗരസഭയില്‍ വിജിലൻസ് നടത്തിയ പരിശോധനയില്‍ ന​ഗരസഭയില്‍ അനധികൃതമായി ജോലി ചെയ്തിരുന്ന രണ്ടുപേരെ എൻജിനിയറിങ് സെക്‌ഷനിൽനിന്ന് പുറത്താക്കി. ജൂൺ 24ന് വിജിലൻസ് എൻജിനിയറിങ് സെക്‌ഷനിൽ നടത്തിയ പരിശോധനയിലാണ് നഗരസഭ നിയമിക്കാത്ത രണ്ടുപേർ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത് കണ്ടെത്തിയത്. മറ്റ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റി, സ്വന്തം ഇരിപ്പിടവും ഒരുക്കി സെക്‌ഷൻ ഉദ്യോഗസ്ഥർക്കൊപ്പം കഴിഞ്ഞ ഒന്നരവർഷമായി ഇവർ ജോലി ചെയ്യുകയാണ്. വിജിലൻസ് വിവരം അറിയിച്ചയുടൻ ഇവരെ നീക്കം ചെയ്തതായി നഗരസഭ അറിയിച്ചു.

തൃക്കാക്കര ന​ഗരസഭയെക്കുറിച്ച് നിരന്തരം അഴിമതിയാരോപണവും പരാതിയും ഉയരുന്നതിനാല്‍ നിരവധി വിജിലൻസ് പരിശോധനകള്‍ നടക്കുന്നുണ്ട്. എൻജിനിയറിങ് വിഭാഗത്തെക്കുറിച്ചാണ് കൂടുതൽ പരാതി. കഴിഞ്ഞ ഫെബ്രുവരിയിൽ വിജിലൻസ് നടത്തിയ മിന്നൽപ്പരിശോധനയിൽ 78 ഫയലുകൾ കസ്റ്റഡിയിലെടുത്തിരുന്നു. അപേക്ഷകളിൽ അനുമതി കൊടുക്കാൻ ഉദ്യോഗസ്ഥർ കാലതാമസം വരുത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഈ ഫയലുകള്‍ പരിശോധിച്ചപ്പോഴാണ് അനധികൃതമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തിയത്.

നഗരസഭയിലെ താൽക്കാലിക ജീവനക്കാരുടെ വിവരങ്ങളും അവർ ഓഫീസിൽ ചെയ്യുന്ന ജോലിയുടെ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകര്‍ അപേക്ഷിച്ചെങ്കിലും രേഖകൾ നൽകാൻ നഗരസഭ തയ്യാറായിട്ടില്ല. തൃക്കാക്കര നഗരസഭയില്‍ യഥേഷ്ടം അഴിമതി നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് എം കെ ചന്ദ്രബാബു പറഞ്ഞു.

ഉപാധ്യക്ഷന്‌ കുടിശ്ശിക അടയ്‌ക്കാൻ നോട്ടീസ്‌; ക്ലർക്കിന്‌ സ്ഥലംമാറ്റം
തൃക്കാക്കര നഗരസഭയുടെ കടമുറികളിൽ വാടക കുടിശ്ശികയുള്ള കൗൺസിലർമാർക്ക് നോട്ടീസ് അയക്കാൻ ഫയൽ തയ്യാറാക്കിയ ഓഫീസ് ക്ലർക്കിനെ സ്ഥലംമാറ്റി. നഗരസഭയുടെ കെട്ടിടങ്ങളിൽ 72 മുറികളിൽനിന്ന്‌ 62 ലക്ഷം രൂപ വാടകയിനത്തിൽ കുടിശ്ശികയുണ്ട്. 22ന്‌ ചേർന്ന നഗരസഭാ കൗൺസിൽ വാടകകുടിശ്ശിക എത്രയുംവേഗം പിരിച്ചെടുക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉടമകൾക്ക് നോട്ടീസ് അയക്കാൻ സെക്‌ഷൻ ക്ലർക്ക് ഫയൽ തയ്യാറാക്കിയത്.

നഗരസഭാ ഉപാധ്യക്ഷനും സ്ഥിരംസമിതി അധ്യക്ഷനുമടക്കം മൂന്ന് യുഡിഎഫ് കൗൺസിലർമാർ വാടകയിനത്തിൽ കുടിശ്ശിക അടയ്‌ക്കാനുണ്ട്‌. നോട്ടീസ് തയ്യാറാക്കിയ ഓഫീസ് ക്ലർക്കിനെ രണ്ടുദിവസത്തിനകം റവന്യു സെക്‌ഷനിൽനിന്ന്‌ ലൈഫ് മിഷനിലേക്ക് മാറ്റി. കുടിശ്ശിക പിരിച്ചെടുക്കാൻ ചുമതലയുള്ള ധനകാര്യ സ്ഥിരംസമിതിയുടെ അധ്യക്ഷനാണ്‌ നഗരസഭാ വൈസ് ചെയർമാൻ. ലീഗിന്റെ വനിതാ കൗൺസിലറുടെ ഭർത്താവിന്റെ പേരിലും മറ്റൊരു കൗൺസിലറുടെ അമ്മയുടെ പേരിലും  ലക്ഷങ്ങൾ കുടിശ്ശികയുണ്ട്.
കുടിശ്ശിക വരുത്തിയ ഭൂരിഭാഗം കച്ചവടസ്ഥാപനങ്ങളും നഗരസഭയിലെ ഭരണപക്ഷ കൗൺസിലർമാരുടെ ബിനാമി ഇടപാടുകാരാണെന്നും പലരും ഒന്നിലധികം സ്ഥാപനങ്ങൾ നടത്തുന്നുണ്ടെന്നും കഴിഞ്ഞദിവസം ചേർന്ന ധനകാര്യ കമ്മിറ്റി കണ്ടെത്തിയിരുന്നു. കുടിശ്ശിക വരുത്തിയ എല്ലാ കച്ചവടക്കാർക്കും നോട്ടീസ് അയച്ച് വാടക പിരിച്ചെടുത്താൽ ബിനാമി ഇടപാടുകാരിൽനിന്ന്‌ യഥാർഥ ഉടമസ്ഥനെ കണ്ടെത്താൻ കഴിയുമെന്ന് പ്രതിപക്ഷനേതാവ് എം കെ ചന്ദ്രബാബു പറഞ്ഞു. അഴിമതിക്കാരെ സംരക്ഷിച്ചാണ്‌ യുഡിഎഫ് ഭരണം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top