26 April Friday

വിധിയെഴുതുന്നത് 1,96,805 വോട്ടർമാർ

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022


കൊച്ചി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇത്തവണ വിധിയെഴുതുന്നത് 1,96,805 വോട്ടർമാർ. ഇതിൽ 3633 പേർ ആദ്യമായി വോട്ട്‌ ചെയ്യുന്നവരാണ്‌. 95,274 പുരുഷന്മാരും 1,01,530 സ്ത്രീകളും ഒരാൾ ട്രാൻസ്ജെൻഡറുമാണ്.  239 പോളിങ്‌ ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്‌. 75 ഓക്സിലറി ബൂത്തും അ‍ഞ്ചു മാതൃകാ പോളിങ് സ്റ്റേഷനുമാണ് മണ്ഡലത്തിലുള്ളത്.

തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ ഇലക്‌ടറൽ ഐഡന്റിറ്റി കാർഡ്‌, ആധാർ കാർഡ്, ഡ്രൈവിങ്‌ ലൈസൻസ്, പാൻ കാർഡ്, പാസ്‌പോർട്ട്, ഫോട്ടോ പതിച്ച പെൻഷൻരേഖ, കേന്ദ്ര–-സംസ്ഥാന സർക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളും നൽകിയിട്ടുള്ള ഫോട്ടോ പതിച്ച സർവീസ് ഐഡന്റിറ്റി കാർഡ്, എംപിമാരും എംഎൽഎമാരും നൽകിയിട്ടുള്ള ഔദ്യോഗിക ഐഡന്റിറ്റി കാർഡ്, തൊഴിലുറപ്പുപദ്ധതിയുടെ തൊഴിൽകാർഡ്, ബാങ്കുകളോ പോസ്റ്റ് ഓഫീസുകളോ നൽകിയിട്ടുള്ള പാസ് ബുക്ക്, കേന്ദ്ര തൊഴിൽമന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് എന്നിവ തിരിച്ചറിയൽരേഖകളായി പരിഗണിക്കും.

എണ്‍പതിൽ കൂടുതൽ പ്രായമുള്ള വോട്ടർമാർക്ക് ക്യൂ നിൽക്കാതെ നേരിട്ട് വോട്ട്‌ ചെയ്യാം. 239 പ്രിസൈഡിങ്‌ ഓഫീസർമാരും 717 പോളിങ്‌ ഓഫീസർമാരും അടക്കം 956 ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

ഡോ. ജോ. ജോസഫ്- (ചുറ്റിക അരിവാൾ നക്ഷത്രം), ഉമ തോമസ്- (കൈ), എ എൻ രാധാകൃഷ്ണൻ- (താമര), അനിൽ നായർ- (ബാറ്ററി ടോർച്ച്), ജോമോൻ ജോസഫ് സ്രാമ്പിക്കൽ -(കരിമ്പുകർഷകൻ), സി പി ദിലീപ് നായർ -(ടെലിവിഷൻ), ബോസ്കോ ലൂയിസ് -(പൈനാപ്പിൾ), മന്മഥൻ- (ഓട്ടോറിക്ഷ) എന്നിവരാണ്‌ സ്ഥാനാർഥികൾ.

ഒരുക്കങ്ങൾ 
പൂർത്തിയായി
തൃക്കാക്കര മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ‍ പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗൾ, കലക്ടർ ജാഫർ മാലിക് എന്നിവർ പറഞ്ഞു. വോട്ടെണ്ണൽകേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജിലാണ് സ്ട്രോങ്‌ റൂം. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഞായർ വൈകിട്ട് ആറിന് അവസാനിക്കും. പ്രചാരണാർഥം എത്തിയ രാഷ്ട്രീയനേതാക്കൾ, പ്രവർത്തകർ, പ്രതിനിധികൾ തുടങ്ങിയവർ ഞായറാഴ്ചയ്‌ക്കുശേഷം മണ്ഡലത്തിൽ തുടരാൻ പാടില്ല. കല്യാണമണ്ഡപങ്ങൾ, കമ്യൂണിറ്റി ഹാളുകൾ, ലോഡ്‌ജുകൾ, ഗസ്റ്റ് ഹൗസുകൾ എന്നിവയും മണ്ഡലത്തിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങളും പൊലീസ് നിരീക്ഷിക്കും. മണ്ഡലത്തിലെ വോട്ടർമാരായ തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി നൽകും. 31ന് രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ് വോട്ടെടുപ്പ്.

വൻ സുരക്ഷയൊരുക്കി പൊലീസ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിറ്റി പൊലീസ് കമീഷണർ സി നാഗരാജുവിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ വൻ സുരക്ഷയൊരുക്കി പൊലീസ്. ആയിരത്തോളം പൊലീസുകാരെയാണ് അധികമായി മണ്ഡലത്തിൽ വിന്യസിക്കുന്നത്.
അടിയന്തരസാഹചര്യം ഉണ്ടായാൽ രംഗത്തിറക്കാൻ ഒരു കമ്പനി സായുധ പൊലീസും ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ് എന്നിവയുടെ ഓരോ കമ്പനിയും സജ്ജരാണ്.    

എല്ലാ പോളിങ്‌ ബൂത്തിലും വോട്ടെടുപ്പിനു തലേന്നും വോട്ടെടുപ്പുദിവസവും പൊലീസ് ഉണ്ടാകും. അഞ്ചു ബൂത്തുകളിലധികമുള്ള പോളിങ്‌ സ്‌റ്റേഷനുകളിൽ എസ്ഐയും അഞ്ച് പൊലീസുകാരും ഉൾപ്പെട്ട പൊലീസ് പിക്കറ്റ് ഉണ്ടാകും. ഇത്തരം 14 പിക്കറ്റ് പോസ്റ്റുകളാണ് തൃക്കാക്കര മണ്ഡലത്തിലുണ്ടാകുക.

പ്രായമായവരെയും ഭിന്നശേഷിക്കാരെയും സഹായിക്കാൻ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ നിയോഗിക്കും. 10 ബൂത്തുകൾക്കുവീതം ഓരോ ഗ്രൂപ്പ് പട്രോളിങ്‌ സംഘം ഉണ്ടാകും.  മഴക്കെടുതി ഉണ്ടായാൽ നേരിടാൻ ഫയർഫോഴ്‌സ്, സിവിൽ ഡിഫൻസ് എന്നിവയുമായി ചേർന്ന്‌ പ്രവർത്തിക്കും. 24 മണിക്കൂർ കൺട്രോൾ റൂം  പ്രവർത്തിക്കും. പരസ്യപ്രചാരണം അവസാനിക്കുന്ന 29ന് വൈകിട്ട് വൈറ്റില, കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സ് പരിസരം, പാലാരിവട്ടം എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top