29 March Friday

ആവേശക്കടലിരമ്പമായി 
ഡോ. ജോ

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022


തൃക്കാക്കര
ജീവനാഡിയിൽതൊട്ട്‌ രോഗികളുടെ ജീവന്റെ തുടിപ്പറിയുന്നതുപോലെ തൃക്കാക്കരയുടെ ഹൃദയസ്‌പന്ദനം ഒപ്പിയെടുക്കുകയായിരുന്നു എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫ്‌. അഞ്ചുദിവസംനീണ്ട പര്യടനത്തിന്റെ ആലസ്യമില്ലാതെ മണ്ഡലത്തിലൂടെ അവസാനവട്ട ഓട്ടപ്രദക്ഷിണത്തിനെത്തിയ ഡോ. ജോയെ എവിടെയും കാത്തിരുന്നത്‌ സ്‌നേഹസൗഹൃദങ്ങൾ. ചിരപരിചിതനെപ്പോലെ സ്വീകരണം.
തമ്മനത്തെ കോളനികളും വീടുകളും ഫ്ലാറ്റുകളുമാണ്‌ ആദ്യം സന്ദർശിച്ചത്‌. പാലാരിവട്ടത്ത് തുറന്ന വാഹനത്തിൽ പര്യടനം. ബാലസംഘം കലാജാഥാസംഘം പാട്ടുപാടിയും നൃത്തം ചെയ്തും ഡോ. ജോയെ വരവേറ്റു. പാലാരിവട്ടത്തെ പര്യടനത്തിൽ ഇടവഴികളിലേക്കിറങ്ങി വീടുകളും സന്ദർശിച്ചു.

പര്യടനത്തിനിടെ എളംകുളം ഫാത്തിമമാതാ പള്ളിക്കുകിഴക്ക് വീടുകളിലെത്തിയ ഡോ. ജോയെ കണ്ടവർക്ക് അത്ഭുതം. വർഷങ്ങൾക്കിപ്പുറം ആദ്യമായാണ് ഒരു സ്ഥാനാർഥി പിന്തുണതേടി എത്തുന്നതെന്ന് ശാന്തയും ലിജിയുമടങ്ങുന്ന സംഘം പറഞ്ഞു.  എംഎൽഎയോ എംപിയോ ഇവിടം കണ്ടിട്ടുപോലുമില്ലെന്ന്‌ അവർ കുറ്റപ്പെടുത്തി. തമ്മനം, പാലാരിവട്ടം, കടവന്ത്ര, വാഴക്കാല, കാക്കനാട്, തുതിയൂർ തുടങ്ങി മണ്ഡലത്തിലെ  പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി ഡോ. ജോ പിന്തുണ അഭ്യർഥിച്ചു. മരണവീടുകളിൽ ആശ്വാസമായെത്തി. കാക്കനാട് സെസിലെ വിവിധ കമ്പനികൾ സന്ദർശിച്ചു. 

പ്രചാരണം ഞായറാഴ്‌ച കൊട്ടിക്കലാശിക്കുമ്പോൾ അങ്കലാപ്പിലാണ്‌ യുഡിഎഫ്‌ ക്യാമ്പ്‌. എൽഡിഎഫ്‌ സ്ഥാനാർഥിക്കെതിരായ വ്യാജ വീഡിയോ പ്രചാരണത്തിനെതിരെ വനിതാ നേതാക്കളായ പത്മജ വേണുഗോപാലും സിമ്മി റോസ്‌ബെൽ ജോണുമൊക്കെ രംഗത്തെത്തിയത്‌ നേതൃത്വത്തെ വെട്ടിലാക്കി. തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി വിജയഹരി എൽഡിഎഫ്‌ വേദിയിലെത്തി കോൺഗ്രസ്‌ വിടുന്നുവെന്ന പ്രഖ്യാപനം നടത്തി.
യുഡിഎഫ്‌ സ്ഥാനാർഥി ഉമ തോമസിനായി തൃക്കാക്കരയിൽ റാലി നടത്തി. യുഡിഎഫിനായി ജിഗ്നേഷ് മേവാനി പ്രചാരണത്തിനെത്തി. പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ, രമേശ്‌ ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവർ പങ്കെടുത്തു. ചളിക്കവട്ടം, വെണ്ണല പ്രദേശങ്ങൾ സന്ദർശിച്ചു.
എൻഡിഎ സ്ഥാനാർഥി എ എൻ രാധാകൃഷ്‌ണനായി നടൻ സുരേഷ്‌ ഗോപി  പ്രചാരണത്തിനിറങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top