25 April Thursday

ഗൃഹാതുരവർണങ്ങളിൽ ശാന്തിയുടെ ചിത്രങ്ങൾ

സ്വന്തം ലേഖകൻUpdated: Sunday Jan 29, 2023

ചിത്രങ്ങള്‍ക്കൊപ്പം ബിനാലെ വേദിയില്‍ ശാന്തി

കൊച്ചി
കാലക്രമത്തിൽ ജീവിതപരിസരങ്ങളിലുണ്ടായ മാറ്റങ്ങൾ ഗൃഹാതുരവർണങ്ങളിൽ ഓർത്തെടുത്ത രചനകളാണ്‌ കലാധ്യാപികകൂടിയായ ഇ എൻ ശാന്തിയുടേതായി ബിനാലെയിലുള്ളത്‌. ബാല്യകാലസ്മരണകളുടെ കുടുംബവീടും തൊടിയും പഴമ ചോർന്നുപോയ സർപ്പക്കാവുമൊക്കെ ഭാവത്തികവോടെ ആവിഷ്‌കരിച്ച രണ്ടു പരമ്പരകളായാണ് ഫോർട്ട്‌ കൊച്ചി ആസ്പിൻവാൾ ഹൗസിലെ ശാന്തിയുടെ പ്രദർശനത്തിലുള്ളത്‌.
കാവ് കാണാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ആചാരാനുഷ്‌ഠാനങ്ങളുടെ പേരിൽ അതൊക്കെ  പെൺകുട്ടികൾക്ക് വിലക്കിയിരുന്നു. കേട്ടറിഞ്ഞ ആ വിലക്കുകളാണ് ശാന്തി ചിത്രങ്ങളാക്കിയത്. കാലക്രമത്തിൽ പഴയ കാവ്‌ ഇല്ലാതായി. പുതിയ കാവും ചിത്രങ്ങളാക്കാനുള്ള ആഗ്രഹം അങ്ങനെയുണ്ടായതാണെന്ന്‌ ശാന്തി പറഞ്ഞു. കുട്ടിക്കാലത്ത്‌ കൂട്ടുകാരോടൊപ്പം കളിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു. അക്കാല ഓർമകൾ ചെറുചെറു ചിത്രങ്ങളാക്കി. ഓരോന്നിലും ഓരോ പ്രദേശമാണ് വരച്ചത്‌. സ്ത്രീകൾ ഓല മെടയുന്നത്, കൂട്ടുകാരോടൊപ്പം സ്‌കൂളിൽ പോകുന്നത്, പൂക്കളിറുക്കുന്നത്, പായ വിൽക്കാൻ കൊണ്ടുപോകുന്നത്, സ്ത്രീകളൊരുമിച്ച് കിണർവെള്ളം കോരുന്നത് എല്ലാം. പോസ്റ്റർ കളർ, അക്രിലിക്, വാട്ടർ കളർ എന്നിവയിലാണ് രചനകൾ. ഇരിങ്ങാലക്കുട സ്വദേശിയായ ശാന്തി തൃശൂർ ജവഹർ ബാലഭവനിലെ കലാധ്യാപികയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top