27 April Saturday

പതിനായിരം കടന്ന്‌ 
രോഗികൾ ; വ്യാപനം രൂക്ഷം; 
പോരാ ഈ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022


കൊച്ചി
ജില്ലയിൽ ദിവസവുമുള്ള കോവിഡ് കേസുകൾ പതിനായിരത്തിനടുത്ത് റിപ്പോർട്ട്‌ ചെയ്തുവരുന്ന സാഹചര്യത്തിൽ എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഗൃഹപരിചരണത്തിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ജില്ലയിൽ ഇതുവരെ 7,37,636 പേർക്കാണ്‌ രോഗം ബാധിച്ചത്. പരിശോധിക്കുന്ന അഞ്ചിലൊരാൾക്ക് എന്ന കണക്കിൽ രോഗബാധ ഉണ്ടാകുന്നുണ്ട്. രോഗബാധിതർ കൂടുതലും 20നും 60നും ഇടയിൽ പ്രായമുള്ളവരാണ്. നിലവിലുള്ള ആക്റ്റീവ് ക്ലസ്റ്ററുകളുടെ എണ്ണം അറുപതാണ്. സ്‌കൂളുകൾ, കോളേജുകൾ, ഓഫീസുകൾ, ബാങ്കുകൾ എന്നിവിടങ്ങളിലാണ്‌ കൂടുതൽ ക്ലസ്റ്ററുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആക്റ്റീവ് കേസുകളിൽ 96.54 ശതമാനം വീടുകളിലും 3.45 ശതമാനം ആശുപത്രികളിലുമാണ്. അതേസമയം, വളരെ കുറച്ചുപേർക്കുമാത്രമേ ഐസിയു (0.31 ശതമാനം) ആവശ്യമായി വന്നിട്ടുള്ളൂ.

വാക്‌സിൻ എടുക്കാത്തവരിലാണ്‌ കൂടുതൽ മരണങ്ങളും (87.13 ശതമാനം) ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് ആദ്യഡോസ് വാക്സിൻ ഇനിയും എടുക്കാനുള്ളവരും രണ്ടാംഡോസ് എടുക്കാൻ സമയമായവരും കരുതൽഡോസ് വാക്സിന് അർഹരായവരും എത്രയുംവേഗം വാക്‌സിനെടുത്ത്‌ സുരക്ഷിതരാകണം. പ്രമേഹം, രക്താതിസമ്മർദം, ഹൃദ്‌രോഗങ്ങൾ, വൃക്കരോഗങ്ങൾ, കരൾരോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ തുടങ്ങിയ അനുബന്ധ രോഗങ്ങളിലുള്ളവരിലാണ്‌ കൂടുതൽ മരണങ്ങളും (68.6 ശതമാനം) ഉണ്ടായിട്ടുള്ളത്. അതിനാൽ ഇത്തരക്കാർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഗൃഹപരിചരണം സ്വീകരിക്കാവൂ. ഇവർ രോഗം ബാധിച്ചാൽ ഡോക്ടറെ അറിയിക്കണം. അപായസൂചനകൾ ദിവസവും നിരീക്ഷിക്കണം.

ഗൃഹപരിചരണത്തിലുള്ളവർ ഓക്സിജന്റെ അളവ് സ്വയം നിരീക്ഷിക്കണം. രോഗം പകരാതിരിക്കാൻ വായുസഞ്ചാരമുള്ള പ്രത്യേക മുറിയിൽ താമസിക്കണം. പൂർണമായും വാക്സിൻ എടുത്ത, അനുബന്ധരോഗങ്ങൾ ഇല്ലാത്ത ആളായിരിക്കണം പരിചരിക്കേണ്ടത്. രണ്ടുപേരും എൻ 95 മാസ്‌ക് ധരിക്കണം. വിവരങ്ങൾക്ക്‌ ജില്ലാ കൺട്രോൾ റൂം ഫോൺ: 0484–-2368802/2368702.

പതിനായിരം കടന്ന്‌ 
രോഗികൾ
ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണം വീണ്ടും പതിനായിരം കടന്നു. വെള്ളിയാഴ്‌ച 10,571 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 7756 പേർക്ക്‌ സമ്പർക്കം വഴിയാണ്‌ രോഗബാധ.  49 ആരോഗ്യപ്രവർത്തകർക്കും കോവിഡ്‌ സ്ഥിരീകരിച്ചു. 450 പേർ മുക്തി നേടി. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 58,367.

വീടുകളിൽ 15,839 പേരെ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5839 പേരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ 64,189. സർക്കാർ, സ്വകാര്യ മേഖലകളിൽനിന്ന്‌ 20,084 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ജില്ലയിൽ ഇതുവരെ 58.10 ലക്ഷം ഡോസ് വാക്സിൻ നൽകി. 31.8 ലക്ഷം ആദ്യഡോസ് വാക്സിനും 25.63 സെക്കൻഡ്‌ ഡോസ് വാക്സിനും നൽകി.  95,892 കുട്ടികളും വാക്സിൻ സ്വീകരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top