കൊച്ചി
നിർമാണപ്പിഴവുമൂലം പാലാരിവട്ടം പാലം തകർന്ന സമയത്താണ് കെ ജി ജോർജ് സംവിധാനം ചെയ്‌ത പഞ്ചവടിപ്പാലം സിനിമ വീണ്ടും ചർച്ചകളിൽ നിറഞ്ഞത്. അഴിമതിക്കാരായ ദുശ്ശാസനക്കുറുപ്പും യൂദാസ് കുഞ്ഞും ബറാബാസുമൊക്കെ തകർത്താടിയ സിനിമാ സന്ദർഭങ്ങൾ ചേർത്തായിരുന്നു സോഷ്യൽ മീഡിയ ട്രോളുകൾ. പാലാരിവട്ടം പാലം സിനിമയിലെ പഞ്ചവടിപ്പാലംപോലെ നിലംപൊത്തുംമുമ്പ് പുനർനിർമാണത്തിനായി പൊളിക്കാൻ ആരംഭിച്ചത് 2020 സെപ്‌തംബർ 28നാണ്. എട്ടുമാസത്തിനുള്ളിൽ പുനർനിർമിച്ച പാലം 100 വർഷത്തെ ആയുസോടെ 2021 മേയിൽ വീണ്ടും ഗതാഗതത്തിന് തുറന്നു.
2014ൽ നിർമാണമാരംഭിച്ച് 2016ൽ ഉദ്‌ഘാടനം ചെയ്‌ത ആദ്യപാലം മൂന്നുവർഷം തികയുംമുമ്പെ തകരുകയായിരുന്നു. 42 കോടി രൂപ ചെലവാക്കിയതാണ്. റോഡും സ്ലാബുകളും പൊളിഞ്ഞാണ് തുടക്കം. തൂണുകളിലും ഗർഡറുകളിലും വിള്ളൽ വീണതോടെ ‘പാലം അപകടത്തിൽ’ എന്ന പഞ്ചവടിപ്പാലം മോഡൽ മുറവിളി ഉയർന്നു. പിന്നാലെ നിർമാണ മേൽനോട്ടം വഹിച്ച ആർബിഡിസികെ വിദഗ്‌ധപിശോധന തുടങ്ങി. മദ്രാസ് ഐഐടിയുടെ പഠനത്തോടെ കുഴപ്പം സ്ഥിരീകരിച്ചു. കമ്പിയും സിമന്റും ഇല്ലാതെയും ഗുണനിലവാര പരിശോധന കൂടാതെയും നിർമിച്ച പാലത്തിലൂടെ ഗതാഗതം തുടരാനാകില്ലെന്നും ഐഐടി നിർദേശിച്ചു. 2019 മേയിൽ പാലം അടച്ചു. പാലം നിർമാണത്തിലെ അഴിമതി കണ്ടെത്താൻ വിജിലൻസ് അന്വേഷണവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിഗദ്‌ധസമിതിയും പുനർനിർമാണംതന്നെ ശുപാർശചെയ്‌തു. പാലം പൊളിച്ചുപണിയുന്നതിനെ എതിർത്ത് യുഡിഎഫ് പിന്തുണയോടെ കരാറുകാരുടെ സംഘടന കോടതിയെ സമീപിച്ചത് തുടർനടപടികൾ വൈകിച്ചു. എന്നാൽ, വിധി എതിരായിരുന്നു. തുടർന്ന് 18.71 കോടി രൂപ ചെലവിൽ പുനർനിർമാണത്തിന് സർക്കാർ തീരുമാനിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്കായിരുന്നു കരാർ. 19 സ്‌പാനുകളിൽ 17 എണ്ണവും 18 പിയർ ക്യാപ്പിൽ 16 എണ്ണവും മാറ്റി തൂണുകൾ ബലപ്പെടുത്തി. 17.4 കോടി രൂപ ചെലവിട്ട് പാലം പുനർനിർമിച്ചു.
പാലം അഴിമതിയുടെ പേരിൽ, യുഡിഎഫ് സർക്കാരിൽ മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിനെ അഞ്ചാംപ്രതിയായി 17 പേർക്കെതിരെ കേസെടുത്തു. അഴിമതിയിലൂടെ സമ്പാദിച്ച 100 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസും ഇബ്രാഹിംകുഞ്ഞിനെതിരെയുണ്ട്.
പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയാൻ ചെലവായ 24.52 കോടി രൂപ കരാറുകാരായ ആർഡിഎസ് പ്രോജക്ട്‌സിൽനിന്ന് തിരികെ പിടിക്കാൻ സർക്കാർ നിയമനടപടിയിലാണ്. കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയതിനെ ആർഡിഎസ് ചോദ്യം ചെയ്‌തെങ്കിലും ഹൈക്കോടതി അനുവദിച്ചില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..