തൃപ്പൂണിത്തുറ
വേമ്പനാട്ട് കായലിലും ചമ്പക്കര കനാലിലും പോളപ്പായൽ നിറഞ്ഞ് മീൻപിടിത്തം തടസ്സപ്പെട്ടതോടെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. ഉദയംപേരൂർ, തെക്കൻ പറവൂർ, എരൂർ, കുണ്ടന്നൂർ, പനങ്ങാട്, ചേപ്പനം തുടങ്ങിയ പ്രദേശങ്ങളിലെ തൊഴിലാളികളാണ് ദുരിതത്തിലായത്.
തീരത്തടക്കം പായൽ നിറഞ്ഞതോടെ തൊഴിലാളികൾക്ക് കായലിലേക്ക് വള്ളമിറക്കാൻപോലും കഴിയാത്തസ്ഥിതിയാണ്. കുട്ടനാടൻ പാടശേഖരങ്ങളിൽനിന്ന് മൺസൂൺ കാലത്തോടെ വേമ്പനാട്ടുകായലിൽ എത്തുന്ന പായൽ കായലിൽ ഉപ്പുവെള്ളം ആകുന്നതോടെ നശിച്ചുപോകാറാണ് പതിവ്. ഇത്തവണ ഇടയ്ക്കിടെ പെയ്യുന്ന മഴമൂലം ഇപ്പോഴും കായലിൽ ശുദ്ധജലമാണ്. ഇതോടെ ഒഴുകിയെത്തിയ പായൽ വേമ്പനാട്ടുകായലിൽ വളർന്നുപടർന്നതും സ്ഥിതി രൂക്ഷമാക്കി. കായലിൽ പായൽ നിറഞ്ഞതോടെ ഒഴുക്കുവല, ഊന്നിവല തുടങ്ങിയവ ഉപയോഗിച്ചുള്ള മീൻപിടിത്തമാണ് പ്രതിസന്ധിയിലായത്. ഉപ്പുവെള്ളമെത്തി പായൽ ചീഞ്ഞുകഴിഞ്ഞാൽ അവശിഷ്ടങ്ങൾ കായലിന്റെ അടിത്തട്ടിലേക്ക് അടിയുന്നതിനാൽ കുറച്ചുകാലത്തേക്ക് തൊഴിലാളികൾക്ക് മീൻപിടിത്തം നടത്താൻകഴിയാത്ത സാഹചര്യമാണുണ്ടാകുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..