20 April Saturday

കളമശേരിയിൽ മാലിന്യം തള്ളാനെത്തിയ മൂന്ന്‌ ലോറി പിടിച്ചു ; ലോറികൾക്ക്‌ 25,000 രൂപവീതം പിഴയിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023


കളമശേരി
ക്ലീൻ കേരളയുടെ മറവിൽ അജൈവമാലിന്യം കളമശേരിയിൽ തള്ളാനെത്തിയ മൂന്ന് ടോറസ് ലോറി നാട്ടുകാർ പിടികൂടി നഗരസഭാ ആരോഗ്യവിഭാഗത്തി​ന്റെ നൈറ്റ് സ്ക്വാഡിന്‌ കൈമാറി. ക്ലീൻ കേരള കമ്പനി ഏറ്റെടുത്ത മാലിന്യം സംസ്‌കരണകേന്ദ്രത്തിൽ എത്തിക്കാൻ കരാറെടുത്ത ഏജൻസിയുടേതാണ് വാഹനങ്ങൾ. പാലക്കാട്ടെ സംസ്‌കരണകേന്ദ്രംവരെ വാഹനം ഓടിക്കാതെ ഡീസൽ തുക ലാഭിക്കുകയായിരുന്നു ലക്ഷ്യം. കൈപ്പടമുകളിൽ എച്ച്എംടി കമ്പനിയുടെ വടക്കുഭാഗത്തെ റോഡിൽ ആളൊഴിഞ്ഞ ഭാഗത്ത് നിർത്തിയിട്ടിരുന്ന ലോറികൾ ശനി പുലര്‍ച്ചെ 1.15നാണ്‌ പിടികൂടിയത്‌.

ഓരോ ലോറിയിലും 25 ടൺ ലെഗസി വേസ്റ്റാണ്‌ (ഭക്ഷ്യമാലിന്യവും പ്ലാസ്റ്റിക് മാലിന്യവും ചേർന്നത്)  ഉണ്ടായിരുന്നത്. ലോറിക്ക്‌ 25,000 രൂപവീതം നഗരസഭ പിഴചുമത്തി. ഡ്രൈവര്‍മാരെയും വാഹനങ്ങളും പൊലീസിന് കൈമാറി.വണ്ടിപ്പെരിയാർ പഞ്ചായത്ത് സെക്രട്ടറിയുടെ കത്തും ഇവരിൽനിന്ന് കണ്ടെടുത്തു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ പഞ്ചായത്തിൽനിന്ന്‌ 13,185 കിലോഗ്രാം അജൈവമാലിന്യം 26ന്‌ കെഎൽ 40 പി 4877 വാഹനത്തിൽ ക്ലീൻ കേരള കമ്പനിക്ക് കൈമാറിയെന്ന് കത്തിലുണ്ട്. മാലിന്യം നീക്കം ചെയ്തതിനുള്ള തുക ഇൻവോയ്സ് സമർപ്പിക്കുന്നമുറയ്ക്ക് കമ്പനിക്ക്‌ നൽകും. കെഎൽ 40 ക്യു 7229, കെഎൽ 40 പി 4877, കെഎൽ 17 യു 6504 എന്നീ നമ്പരിലുള്ള വണ്ടികളാണ് പിടിച്ചത്. ഇടുക്കി സെല്ലിയാമ്പറ തെക്കുംകാട്ടിൽ അഷ്റഫ്, പെരുമ്പാവൂർ വെങ്ങോല പറക്കുന്നത്ത് ജലാൽ, പെരിങ്ങാല കോട്ടലായിൽ കെ എസ് ആസിഫ് എന്നിവരാണ് പിടികൂടിയ വാഹനത്തിലെ ഡ്രൈവർമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top