24 April Wednesday

സണ്ണി പാടി; 
തുടിപ്പാണ്‌ ജോ

ജോബിന്‍സ് ഐസക്Updated: Saturday May 28, 2022

എല്‍‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന് പൊന്നുരുന്നി നീലമുറിയില്‍ നല്‍കിയ സ്വീകരണം


തൃക്കാക്കര
രണ്ടാംജന്മത്തിലേക്ക് മിഴി തുറന്നതുമുതൽ സണ്ണിയുടെ ഹൃദയത്തിലുണ്ട് ഡോ. ജോ. ഇരുമ്പുപാലത്തിനടുത്ത്‌ ഡോക്ടറെ കണ്ടപ്പോൾ വാരിപ്പുണർന്ന് നെറുകയിൽ ചുംബിച്ചു. ‘ജയിച്ചു വാ’ എന്ന് ആശംസിച്ചു. ക്ഷണം സ്വീകരിച്ച് തുറന്ന ജീപ്പിൽ കയറി. പാട്ടു പാടി. ‘എന്തിന്നധീരത’... ചെപ്പിലടച്ച മുത്തുപോലെ ഒരു ഹൃദയം ദൂരവേഗങ്ങളെ തോൽപ്പിച്ച് തന്റെ ജീവനിൽ തുന്നിപ്പിടിപ്പിച്ച വൈദ്യസംഘത്തിലെ ജോ ജോസഫിനും സഹപ്രവർത്തകരോടും അത്രയ്ക്കുണ്ട് സ്നേഹം.

സുഹൃത്ത് ജോയിയുടെ വീട്ടിൽ കാത്തുനിൽക്കുകയായിരുന്നു സണ്ണി. ജോയിയുടെ അമ്മ മറിയാമ്മയും ഡോക്ടറെ അനുഗ്രഹിച്ചു. എയർ ആംബുലൻസിൽ തിരുവനന്തപുരത്തുനിന്ന്‌ കൊച്ചിയിലെത്തിയ ഹൃദയമടങ്ങിയ പെട്ടി തൂക്കി ആശുപത്രിയിലേക്ക്‌ പായുന്ന ഡോ. ജോ ജോസഫിന്റെ ചിത്രം ഇന്ന്‌ കേരളത്തിന്റെ മനസ്സിലുണ്ട്‌. ആ പ്രതിബദ്ധതയുടെ സദ്‌ഫലമാണ്‌ സണ്ണി തോമസ്‌. തന്നേപ്പോലെ ഹൃദയം തുന്നിച്ചേർത്ത 25 പേരുടെ ആഗ്രഹമാണ്‌ സണ്ണി പങ്കിട്ടത്. ആർക്കെങ്കിലും സഹായം ചെയ്യാൻ കിട്ടുന്ന ഒരവസരവും അദ്ദേഹം പാഴാക്കില്ല–- സണ്ണിയുടെ ഉറപ്പ്‌. മസ്‌തിഷ്‌കമരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി അനുജിത്തിന്റെ ഹൃദയമാണ്‌ സണ്ണി എം തോമസിന്‌ ജീവത്തുടിപ്പായത്‌. കൊച്ചിയിൽ ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ  ശസ്‌ത്രക്രിയ പൂർത്തിയാകുന്നതുവരെ മുന്നണിയിൽ ജോ ഉണ്ടായിരുന്നു. 

തൃക്കാക്കരയുടെ മനസ്സിൽ എന്താണ് സ്ഥാനമെന്ന് തെളിയിച്ച ജനാവേശത്തോടെയാണ് സ്ഥാനാർഥിയുടെ പര്യടനം പൂർത്തിയായത്. പൊന്നുരുന്നി താനത്ത് ലെയ്നിൽ ആരംഭിച്ച പര്യടനം ചമ്പക്കരയിൽ എത്തിയപ്പോൾ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയിൽ വരവേൽപ്പ്‌ റോഡ്‌ ഷോയായി മാറി. വീഥികൾ ജനസഞ്ചയത്താൽ വീർപ്പുമുട്ടി. വളപ്പിക്കടവിൽ കമ്പിത്തിരിയും മത്താപ്പൂവും പുഞ്ചിരി തൂകി. 

അവസാന ലാപ്പിലും എൽഡിഎഫ്‌ ബഹുദൂരം മുന്നേറുമ്പോൾ തുടക്കംമുതൽ വിവാദങ്ങളെ ആശ്രയിച്ച യുഡിഎഫ്‌ ക്യാമ്പ്‌ തന്ത്രങ്ങൾ ചീറ്റിയതിന്റെ അങ്കലാപ്പിലാണ്‌. സ്ഥാനാർഥിക്കെതിരെ സകല പരിധിയുംവിട്ട അപവാദപ്രചാരണം കക്ഷി രാഷ്‌ട്രീയത്തിനതീതമായ പ്രതിഷേധത്തിനിടയാക്കി.  മണ്ഡലത്തിലെത്തിയ എ കെ ആന്റണിയും പ്രതിരോധത്തിലായി. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത റാലികൾ പൂർത്തിയായി. പാലാരിവട്ടത്തും ഇടപ്പള്ളിയിലും അദ്ദേഹം സംസാരിച്ചു.  ഉമ്മൻചാണ്ടിയുടെയും എം എം ഹസന്റെയും നേതൃത്വത്തിലായിരുന്നു യുഡിഎഫ്‌ സ്ഥാനാർഥി ഉമ തോമസിന്റെ പര്യടനം. എൻഡിഎ സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ ജലയാത്രയോടെ പര്യടനം തുടങ്ങി. കുടുംബയോഗത്തിലും പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top