27 April Saturday

ബ്രഹ്മപുരത്ത് ആരോഗ്യസേവനങ്ങള്‍ തുടരും: മന്ത്രി വീണാ ജോര്‍ജ്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023


കൊച്ചി
ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച കരുതൽനടപടികൾ തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ബ്രഹ്മപുരത്തിനുസമീപം വടവുകോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഐപി സൗകര്യം തുടരും. സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ നിശ്ചിതദിവസങ്ങളിൽ ലഭ്യമാക്കും. പൾമണോളജിസ്റ്റ് ഉൾപ്പെടെയുള്ള വിദഗ്ധരുടെ സേവനങ്ങൾ കൃത്യമായ ദിവസങ്ങളിൽ ഉണ്ടാകും. 24 മണിക്കൂർ ആംബുലൻസ് സേവനം തുടരും. ആരോഗ്യസർവേ തുടരുകയാണ്. സർവേ പൂർത്തിയാക്കി വിശകലനം നടത്തും. തീപിടിത്തവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങൾ വിലയിരുത്താൻ സംസ്ഥാനതല വിദഗ്ധസമിതി രൂപീകരണപ്രവർത്തനങ്ങൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ബ്രഹ്മപുരം തീപിടിത്തത്തെതുടർന്ന് നിലവിലെ ആരോഗ്യ സാഹചര്യം മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. മറ്റു ജില്ലകളിൽനിന്ന് തീ അണയ്ക്കാനെത്തിയ അഗ്‌നി രക്ഷാസേനാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് മെഡിക്കൽ പരിശോധന കൃത്യമായ ഇടവേളകളിൽ നടത്തും. ആവശ്യമെങ്കിൽ ചികിത്സയും ലഭ്യമാക്കും.

കോവിഡ്‌ ജാഗ്രത 
പാലിക്കണം
കോവിഡ് വർധിക്കുന്ന  സാഹചര്യത്തിൽ ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളിലെ ക്രമീകരണം, മഴക്കാലപൂർവ ശുചീകരണം,- ആരോഗ്യജാഗ്രതാ കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ ആരോഗ്യമന്ത്രി വീണാ ജോർജ് വിലയിരുത്തി. ജില്ലയിൽ 406 കോവിഡ് കേസുകളാണുള്ളത്. 13 പേർ ഐസിയുവിൽ ചികിത്സയിലാണ്. ഇവർക്ക് മറ്റു രോഗങ്ങളും വാർധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ട്. കോവിഡ് വർധിച്ചാൽ ഉപയോഗിക്കാൻ ഐസിയു കിടക്ക ഉൾപ്പെടെ എല്ലാ സൗകര്യവും സജ്ജമാണ്‌. ഗർഭിണികൾ, കുട്ടികൾ, മുതിർന്നവർ, മറ്റു ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ, ആശുപത്രിയിൽ ജോലിയുള്ളവർ എന്നിവർ മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ കലക്ടർ എൻ എസ് കെ ഉമേഷ്, ഡിഎംഒ ഡോ. എസ് ശ്രീദേവി, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നിഖിലേഷ് മേനോൻ, എറണാകുളം മെഡിക്കൽ കോളജ് സൂപ്രണ്ട് ഗണേഷ് മോഹൻ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top