09 May Thursday

വൈപ്പിന്‌ ഇരട്ടി ആഹ്ലാദം; 
യാഥാർഥ്യമാകുന്നു ‘നഗരപ്രവേശം’

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023


വൈപ്പിൻ
വൈപ്പിനിൽനിന്ന്‌ നാല്‌ കെഎസ്‌ആർടിസി ബസ്‌ സർവീസുകളുടെ ഫ്ലാഗ്ഓഫ്‌ നാടിന്‌ സമ്മാനിച്ചത്‌ ഇരട്ടി ആഹ്ലാദം. പുതിയ കെഎസ്‌ആർടിസി സർവീസുകൾക്കുപുറമെ സ്വകാര്യ ബസുകളുടെ നഗരപ്രവേശം മൂന്ന്‌ മാസത്തിനുള്ളിൽ യാഥാർഥ്യമാകുമെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രഖ്യാപനമാണ്‌ സന്തോഷം കൂട്ടിയത്‌. നിലവിലുള്ള ഉത്തരവുകളിലും നിയമങ്ങളിലും ഭേദഗതിവരുത്തി സ്വകാര്യബസുകളുടെ നഗരപ്രവേശം എത്രയുംവേഗം സാധ്യമാക്കുകയാണ് സർക്കാർലക്ഷ്യം.

കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ നിശ്ചയദാർഢ്യത്തോടെ നടത്തിയ പ്രവർത്തനങ്ങളാണ്‌ ഫലം കാണുന്നത്‌. എൽഡിഎഫ്‌ സർക്കാരിന്റെ അനുകൂലനിലപാടും കരുത്തായി.വൈപ്പിൻ ദ്വീപ് ഗ്രാമീണമേഖലയിലായതിനാൽ മൊഫ്യൂസൽ എന്ന കാറ്റഗറിയിലാണ് ബസ്‌ പെർമിറ്റ്‌. അത് സിറ്റി പെർമിറ്റായാലെ വൈപ്പിനിലെ ബസുകൾക്ക് നഗരത്തിലേക്ക് സർവീസ് നടത്താനാകൂ.

ആദ്യപടിയായി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട്‌ അതോറിറ്റിയുടെ യോഗം വിഷയം ചർച്ചയ്‌ക്കെടുത്തിരുന്നു. നാറ്റ്പാകിനെക്കൊണ്ട് പഠനം നടത്താനും തീരുമാനിച്ചു. പഠനറിപ്പോർട്ട്‌ സ്വകാര്യ ബസുകളുടെ നഗരപ്രവേശത്തിന് അനുകൂലമായിരുന്നു. റിപ്പോർട്ട്‌ സർക്കാർ അനുഭാവപൂർവം പരിഗണിച്ചു. റൂട്ട്‌ ഭേദഗതികൾക്കായി വിജ്ഞാപനം ഇറക്കാനും നിയമഭേദഗതികൾക്കുമായുള്ള നടപടികൾ പുരോഗമിക്കുകയാണ്‌. സ്വകാര്യ ബസുകളുടെ നഗരപ്രവേശന വിഷയത്തിൽ 31ന് മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരും. തുടർന്ന് തിരുവനന്തപുരത്ത് ഫെബ്രുവരി ഒമ്പതിന് മന്ത്രി പങ്കെടുക്കുന്ന മറ്റൊരു യോഗവുമുണ്ട്‌. അതിനുശേഷമാകും നിയമഭേദഗതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top