കൊച്ചി
കോളനി നിവാസികളുടെ പുനരധിവാസത്തിനായി അവധിദിവസവും വില്ലേജ് ഓഫീസ് തുറന്നുപ്രവർത്തിപ്പിച്ച് ജീവനക്കാര്‍. ഗാന്ധിനഗർ പി ആന്‍ഡ് ടി കോളനി പുറമ്പോക്കിലെ 83 കുടുംബങ്ങളുടെ പുനരധിവാസ സാക്ഷ്യപത്രം തയ്യാറാക്കുന്നതിനാണ് എളംകുളം വില്ലേജ് ഓഫീസ് ഞായറാഴ്ച തുറന്നത്.
മറ്റൊരിടത്തും സ്ഥലവും വീടും ഇല്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസില്‍നിന്ന് ഹാജരാക്കണമെന്ന് ശനി ഉച്ചയ്ക്കുശേഷമാണ് നഗരസഭയുടെ അറിയിപ്പ് പുറമ്പോക്ക് നിവാസികള്‍ക്ക് ലഭിച്ചത്. സാക്ഷ്യപത്രം ഹാജരാക്കിയില്ലെങ്കില്‍ ഫ്ലാറ്റ് ലഭിക്കാൻ വൈകും. തിങ്കൾ പകൽ 11നകം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നഗരസഭാ അധികൃതരുടെ അറിയിപ്പിലുണ്ടായിരുന്നത്.
കോളനി നിവാസികളുടെ കിടപ്പാടത്തിനായി തുടക്കംമുതല്‍ പരിശ്രമിക്കുന്ന ഡിവിഷന്‍ കൗണ്‍സിലര്‍ ബിന്ദു ശിവന്‍ വില്ലേജ് ഓഫീസര്‍ സി കെ സുനിലിനെ സമീപിച്ചതോടെയാണ് പ്രശ്‌നപരിഹാരത്തിന് വഴികണ്ടത്. വില്ലേജ് ഓഫീസറുടെ നിര്‍ദേശപ്രകാരം ഞായർ രാവിലെ എത്തിയ ജീവനക്കാര്‍ ഓഫീസ് സമയം കഴിഞ്ഞും ജോലി ചെയ്താണ് എല്ലാ കുടുംബങ്ങള്‍ക്കും സാക്ഷ്യപത്രം തയ്യാറാക്കിയത്. തിങ്കൾ രാവിലെ എല്ലാ കുടുംബങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് നൽകി. വോട്ടര്‍പട്ടികാ പരിശോധനയുള്‍പ്പെടെ നിരവധി അടിയന്തര ജോലികള്‍ക്കിടയാണ് കോളനി നിവാസികൾക്കായി ജീവനക്കാര്‍ കൈകോര്‍ത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..