06 December Wednesday

കാക്കൂർ കൊലപാതകം : പ്രതിയുമായി തെളിവെടുപ്പ് നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023


കൂത്താട്ടുകുളം
കാക്കൂർ ലക്ഷംവീട് കോളനിയിൽ, അയൽവാസിയായ യുവാവിനെ വീടുകയറി കൊലപ്പെടുത്തിയ കേസിലെ പ്രതി കാക്കൂർ മണക്കാട്ടുതാഴം മഹേഷിനെ (44) പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ പ്രതി കിടക്കയ്ക്കുതാഴെ ഒളിപ്പിച്ച, കുത്താനുപയോഗിച്ച കത്തി പൊലീസിന് എടുത്തുനൽകി. പത്തുവർഷങ്ങൾക്കുമുമ്പ് മൂത്തമകൻ സലിമിനെ നഷ്ടപ്പെട്ട കല്ലുവളവിങ്കൽ സണ്ണി വർക്കി–-മോളി ദമ്പതികൾ ഇളയപുത്രന്റെ കൊലപാതകിയെ നിർവികാരതയോടെ നോക്കിനിന്നു. തിങ്കൾ രാത്രി ഏഴോടെയാണ്‌ സണ്ണിയുടെ മകൻ സോണി (32) കൊല്ലപ്പെട്ടത്. പണി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടിൽനിന്ന്‌ വിളിച്ചിറക്കി കുത്തുകയായിരുന്നു. തലയ്ക്കും നെഞ്ചിനും കുത്തേറ്റ് മുറ്റത്തേക്ക് വീണ സോണിയെ അയൽക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്വന്തം വീട്ടിൽ വാതിലടച്ചിരുന്ന പ്രതിയെ അരമണിക്കൂറിനുള്ളിൽ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

കൂത്താട്ടുകുളം സർക്കിൾ ഇൻസ്പെക്ടർ പി ജെ നോബിൾ, സബ് ഇൻസ്പെക്ടർമാരായ കെ ആർ സുനിൽകുമാർ, വി രാജേഷ്, രാജേഷ് തങ്കപ്പൻ എന്നിവരുടെ നേതൃത്വത്തിൽ വിരലടയാളവിദഗ്‌ധരും പരിശോധന നടത്തി. പ്രതിയെ റിമാൻഡ്‌ ചെയ്തു. ഭാര്യയുമായി പിരിഞ്ഞുകഴിയുന്ന മഹേഷ് സമീപവാസികളായ സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്നതായി പറയുന്നു. പാലച്ചുവട് കവലമുതൽ വെള്ളേലി ചെക്ക്ഡാംവരെയുള്ള ഭാഗത്ത് ലഹരി ഉപയോഗവും വ്യാപകമാണ്. സാധാരണക്കാർക്കുനേരെയുള്ള അക്രമസംഭവങ്ങളും ലഹരി വിൽപ്പനക്കാർ തമ്മിലുള്ള ഏറ്റുമുട്ടലും പ്രദേശത്ത് നടന്നിട്ടുണ്ട്. യുഡിഎഫ് നേതാക്കളാണ് വിവിധ സന്ദർഭങ്ങളിൽ ഇത്തരക്കാർക്ക് ഒത്താശ ചെയ്തതെന്ന് നാട്ടുകാർ പറഞ്ഞു. സോണിയുടെ സംസ്കാരം ബുധൻ പകൽ 11ന് കാക്കൂർ സെന്റ് ജോസഫ് കത്തോലിക്കാ തീർഥാടനപ്പള്ളി സെമിത്തേരിയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top