25 April Thursday
ജില്ലാ പ്രവേശനോത്സവം എറണാകുളം ഗവ. ഗേൾസ്‌ 
 എച്ച്‌എസ്‌എസിൽ

പ്രവേശനോത്സവത്തിന്‌ 
ഒരുങ്ങി സ്കൂളുകൾ

സ്വന്തം ലേഖികUpdated: Saturday May 27, 2023

പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ വരവേൽക്കുന്നതിനൊരുങ്ങുന്ന 
എറണാകുളം ഗവ. ഗേൾസ് എൽപി സ്കൂളിലെ ക്ലാസ് മുറിയിൽ പെയിന്റിങ് 
ജോലികൾ പുരോഗമിക്കുന്നു



കൊച്ചി
പ്രവേശനോത്സവത്തിനുമുന്നോടിയായി ജില്ലയിലെ സ്കൂളുകളിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ജില്ലാ പ്രവേശനോത്സവം ജൂൺ ഒന്നിന്‌ എറണാകുളം ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസിൽ നടക്കും. രാവിലെ 10.30ന് വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്റെ സംഘാടകസമിതി യോഗം കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ വി എ ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ചേർന്നു. ഡിഡിഇ ഹണി ജി അലക്‌സാണ്ടർ, എസ്‌എസ്‌കെ ജില്ലാ പ്രോജക്ട്‌ കോ–-ഓർഡിനേറ്റർ ബിനോയ്‌ കെ ജോസഫ്‌, ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസ്‌ പ്രിൻസിപ്പൽ മിനി റാം, ഹൈസ്കൂൾ വിഭാഗം ഹെഡ്‌മിസ്‌ട്രസ്‌ ലതിക പണിക്കർ, യുപി വിഭാഗം ഹെഡ്‌മിസ്‌ട്രസ്‌ കെ ജയ, എൽപി വിഭാഗം ഹെഡ്‌മാസ്റ്റർ സാബു ജേക്കബ്‌ തുടങ്ങിയവർ പങ്കെടുത്തു. 

ജില്ലയിൽ സ്കൂൾ കെട്ടിടങ്ങളുടെയും ക്ലാസ്‌മുറികൾ, ശുചിമുറി തുടങ്ങിയവയുടെയും അറ്റകുറ്റപ്പണികൾ അവസാനഘട്ടത്തിലാണ്‌. ക്ലാസ്‌മുറികളുടെ പെയിന്റിങ്, ഉപകരണങ്ങളുടെ കേടുപാടുകൾ തീർക്കൽ എന്നിവയും നടക്കുന്നു. ശനിയാഴ്‌ചയ്‌ക്കകം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. സ്കൂളുകൾ തുറക്കുന്നതിനുമുന്നോടിയായി സമ്പൂർണ ശുചീകരണം നടത്തണമെന്നും പൊതുവിദ്യാഭ്യാസവകുപ്പ്‌ നിർദേശിച്ചിരുന്നു. സ്കൂളും പരിസരവും, ക്ലാസ്‌മുറികൾ, ശുചിമുറി, കുട്ടികൾ പെരുമാറുന്ന മറ്റ് സ്ഥലങ്ങൾ തുടങ്ങിയവ വൃത്തിയാക്കുകയും മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ നടത്തുകയും വേണം. കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റു ജലസ്രോതസ്സുകൾ എന്നിവ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും വേണം.

കുടിവെള്ള സാമ്പിൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിർദേശമുണ്ടായിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെകൂടി പിന്തുണയോടെയാണ്‌ പ്രവർത്തനങ്ങൾ. വിദ്യാഭ്യാസ ജില്ല, ഉപജില്ലാ തലങ്ങളിൽ യോഗങ്ങൾ ചേർന്നാണ്‌ ഒരുക്കപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top