20 April Saturday

അന്പോ! 
നമ്മുടെ പള്ളിക്കൂടം

എ എസ്‌ ജിബിനUpdated: Friday May 27, 2022

ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം


കൊച്ചി
ഇടിഞ്ഞുവീഴാറായ ക്ലാസ്‌ മുറികൾ, ആസ്ബസ്‌റ്റോസ് ഷീറ്റും ഓടും മേഞ്ഞ മേൽക്കൂരകൾ, പഠനസാമ​ഗ്രികളോ ഉപകരണങ്ങളോ ഇല്ലാത്ത ലാബ്, പേരിനുമാത്രം പാചകപ്പുര, വൃത്തിയില്ലാത്ത ശുചിമുറി... എൽഡിഎഫ് സർക്കാർ വന്നതോടെ ഇതെല്ലാം പൊതുവിദ്യാലയങ്ങളെക്കുറിച്ചുള്ള പഴങ്കഥകളായി. പരിമിതമായ അടിസ്ഥാന സൗകര്യങ്ങളിൽ പരുങ്ങിനിന്ന സ്കൂളുകൾ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നു. കെട്ടിടങ്ങൾ കോൺക്രീറ്റായി, ക്ലാസ്‌ മുറികൾ സ്മാർട്ടായി, പ്രായോ​ഗികപഠനത്തിന് ആധുനിക ലാബുകൾ സജ്ജമായി. പാചകത്തിന്‌ ആധുനികഅടുക്കള, കഴിക്കാൻ വിശാലമായ സൗകര്യമുള്ള ഡൈനിങ് ഹാൾ, ആധുനികസൗകര്യങ്ങളോടെ വൃത്തിയുള്ള ശുചിമുറി, ഭിന്നശേഷിസൗഹൃദ അന്തരീക്ഷം... ഹൈടെക് മാറ്റത്തിലൂടെ അവസരങ്ങളുടെ വിശാലലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുകയാണ് പൊതുവിദ്യാലയങ്ങൾ.
സ്കൂളുകൾ അതിവേ​ഗം സ്മാർട്ടായതിന്റെ അമ്പരപ്പിലാണ് കുട്ടികൾ. പണച്ചെലവില്ലാതെ അന്താരാഷ്ട്ര നിലവാരത്തിൽ കുട്ടികൾക്ക് പഠിക്കാനാകുന്നതിന്റെ സന്തോഷത്തിൽ മാതാപിതാക്കൾ. സ്കൂൾ ഹൈടെക്കായതോടെ, കുട്ടികളുടെ എണ്ണംകൂടിയ ആത്മവിശ്വാസത്തിൽ അധ്യാപകർ. നാട്ടിലെ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്ന സന്തോഷം നാട്ടുകാരിലും പ്രകടം.

യുഡിഎഫ് 
മുഖംതിരിച്ചിട്ടും 
സ്കൂളുകൾ ഹൈടെക്
എൽഡിഎഫ് സർക്കാരിന്റെ വികസനമുന്നേറ്റത്തോട് യുഡിഎഫ് മുഖംതിരിച്ചപ്പോഴും സർക്കാരിനൊരു ലക്ഷ്യമുണ്ടായിരുന്നു–-- മികച്ച അടിസ്ഥാനസൗകര്യങ്ങളോടെ ​ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക. ആ ലക്ഷ്യത്തിലൂന്നിയാണ് പൊതുവിദ്യാലയങ്ങൾക്ക് ഹൈടെക് മുഖം കൈവന്നത്.

ഇടപ്പള്ളി ​ഗവ. ഹയർ സെക്കൻഡറി സ്കൂളാണ് തൃക്കാക്കര മണ്ഡലത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്ന ആദ്യ സ്കൂൾ. കിഫ്ബിയുടെ അഞ്ചുകോടി ഉപയോ​ഗിച്ച്‌ ഹൈടെക്കാക്കിയ സ്കൂൾ, കഴിഞ്ഞ സെപ്തംബർ 14ന്‌ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി സ്കൂളിന് 10 ഹൈടെക്‌ ക്ലാസ്‌ മുറിയും ഹൈസ്കൂളിന് അഞ്ച് സ്മാർട്ട് ക്ലാസ്‌ മുറിയും നിർമിച്ചു. ആധുനിക സംവിധാനങ്ങളോടെ നാല്‌ ലാബാണ് ഒരുക്കിയത്. ഭക്ഷണം കഴിക്കാൻ മനോഹരമായ മുറിയും സജ്ജമാക്കി. മികവിന്റെ കേന്ദ്രമായതോടെ കുട്ടികളുടെ എണ്ണം ഉയർന്നു. ഹയർ സെക്കൻഡറിയിൽ 260 വിദ്യാർഥികളും ഹൈസ്കൂളിൽ 138 വിദ്യാർഥികളും ഇവിടെ പഠിക്കുന്നു.

കിഫ്ബിയുടെ മൂന്നുകോടി ഉപയോ​ഗിച്ച് ഹൈടെക്കായിമാറിയ വെണ്ണല ​ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഉദ്ഘാടനത്തിന് കാത്തിരിക്കുകയാണ്. ഹയർ സെക്കൻഡറി വിഭാഗത്തിനായി മൂന്നുനിലയുള്ള കെട്ടിടമാണ് നിർമിച്ചിരിക്കുന്നത്.

നാല്‌ ക്ലാസ് മുറി, പ്രിൻസിപ്പലിന്റെ മുറി, ഓഫീസ് മുറി, സ്റ്റാഫ് റൂം, ബോട്ടണി, കംപ്യൂട്ടർ ലാബുകളാണ് കെട്ടിടത്തിലുള്ളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം ശുചിമുറികൾ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായ കെട്ടിടം. നിലവിൽ 225 കുട്ടികളാണ്‌ പഠിക്കുന്നത്. യുപി വിഭാ​ഗത്തിനായുള്ള മൂന്നുനില കെട്ടിടത്തിന്റെ ഉദ്ഘാടനം 2021 സെപ്‌തംബറിൽ നടന്നു. ഒമ്പത്‌ ക്ലാസ്‌ മുറി, അഞ്ച് ശുചിമുറി, അധ്യാപകർക്കുള്ള വിശ്രമമുറി എന്നിവയാണ് ഒരുക്കിയത്. സർക്കാരിന്റെ ഒരുകോടി പ്ലാൻ ഫണ്ട് ഉപയോ​ഗിച്ചായിരുന്നു നിർമാണം. സർക്കാരിന്റെ 1.44 കോടിയുടെ പ്ലാൻ ഫണ്ട് ഉപയോ​ഗിച്ച് പൊന്നുരുന്നി ​ഗവ. എൽപി സ്കൂൾ ഉടൻ സ്മാർട്ടാകും. നിർമാണ പ്രവർത്തനം പുരോ​ഗമിക്കുകയാണ്.

കിഫ്ബിയാണ് 
താരം
വിദ്യാകിരണമായി മാറിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 15 സ്‌കൂളുകൾക്ക് കിഫ്ബി അഞ്ചുകോടിയും ഒമ്പത് സ്‌കൂളുകൾക്ക് മൂന്നുകോടിയും 11 സ്‌കൂളുകൾക്ക് ഒരുകോടിയും അനുവദിച്ചു. ആറ് സ്‌കൂളുകൾക്ക് നബാർഡിന്റെ രണ്ടുകോടി ലഭിച്ചു. ഒരുകോടി പ്ലാൻ ഫണ്ട് 31 സ്കൂളുകൾക്കാണ് ലഭിച്ചത്. കഴിഞ്ഞവർഷം സെപ്തംബറോടെ കിഫ്ബി ജില്ലയിൽ അഞ്ചുകോടി അനുവദിച്ച 15 സ്‌കൂളും മികവിന്റെ കേന്ദ്രങ്ങളായി. മൂന്നുകോടി അനുവദിച്ച നാല് സ്കൂളിന്റെ ഉദ്ഘാടനം കഴിഞ്ഞു. മൂന്ന് സ്കൂളുകൾ ഉദ്ഘാടനത്തിന് സജ്ജമായി. എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ടെൻഡർ നടപടിയിലേക്ക് കടക്കുകയാണ്. ഒരുകോടി അനുവദിച്ച ആറ് സ്കൂളുകളുടെ നിർമാണപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. അഞ്ച് സ്കൂളുകളുടെ നിർമാണം ഉടൻ ആരംഭിക്കും.

നബാർഡ് രണ്ടുകോടി അനുവദിച്ച രണ്ട് സ്കൂളുകൾ ഉദ്ഘാടനത്തിന് സജ്ജമാണ്. നാല് സ്കൂളുകളിൽ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒരുകോടി പ്ലാൻ ഫണ്ട് അനുവദിച്ച 21 സ്കൂളുകളുടെ ഉദ്ഘാടനം കഴിഞ്ഞു. മൂന്ന് സ്കൂളുകൾ ഉദ്ഘാടനത്തിന് സജ്ജമാണ്. ഏഴ് സ്കൂളുകളുടെ നിർമാണം പുരോ​ഗമിക്കുന്നു.

എട്ട് സ്കൂളുകൾകൂടി 
മികവിന്റെ 
കേന്ദ്രങ്ങൾ
ജില്ലയിൽ എട്ട് സ്കൂളുകൾകൂടി മികവിന്റെ കേന്ദ്രങ്ങളാകും. കിഫ്ബി, നബാർഡ്, പ്ലാൻ ഫണ്ട് എന്നിവ ഉപയോ​ഗിച്ച് നിർമാണം പൂർത്തിയാക്കിയ സ്കൂളുകളാണ് ഹൈടെക്കാകുന്നത്. കല്ലിൽ മേതല ​ഗവ. ഹൈസ്കൂൾ, വെണ്ണല ജിഎച്ച്എസ്എസ്, കുട്ടമശേരി ​ഗവ. ഹയർ സെക്കൻഡറി സ്കൂൾ (കിഫ്ബി, മൂന്നുകോടി), നൊച്ചിമ ജിഎച്ച്എസ്എസ്, നൊച്ചിമ ജിഎച്ച്എസ്എസ് (നബാർഡ്‌, രണ്ടുകോടി), കൂത്താട്ടുകുളം ജിയുപിഎസ്, ജിഎൽപിഎസ് ചേരാനല്ലൂർ, സൗത്ത് മാറാടി ജിയുപിഎസ് (ഒരുകോടി പ്ലാൻ ഫണ്ട്) എന്നിവയാണവ. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ 30ന് മറ്റു ജില്ലയിലെ സ്കൂളുകൾക്കൊപ്പം എറണാകുളത്ത് ഉദ്ഘാടനച്ചടങ്ങ് നടക്കില്ല. തെരഞ്ഞെടുപ്പിനുശേഷമാകും ഉദ്ഘാടനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top