25 April Thursday

ബ്രഹ്മപുരത്ത്‌ വീണ്ടും തീപിടിച്ചു; അണച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023


കൊച്ചി
ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ ഞായർ വൈകിട്ടോടെ വീണ്ടും തീപിടിത്തം. സെക്ടർ ഏഴിലെ മാലിന്യക്കൂമ്പാരത്തിനാണ് നാലരയോടെ തീ പിടിച്ചത്‌. അഗ്നി രക്ഷാസേനയുടെയും ബിപിസിഎല്ലിന്റെയും 12 അഗ്നിരക്ഷാ യൂണിറ്റുകൾ മൂന്നുമണിക്കൂറിലേറെ ശ്രമിച്ച്‌ രാത്രി എട്ടോടെ തീ നിയന്ത്രണവിധേയമാക്കി.  മാലിന്യത്തിൽനിന്നുള്ള മീഥെയ്‌ൻ വാതകമാണ്‌ തീപിടിത്തത്തിന്‌ കാരണമെന്ന്‌ അഗ്നി രക്ഷാസേന അറിയിച്ചു. മാർച്ച്‌ രണ്ടിലെ തീപിടിത്തത്തിനുശേഷം അഗ്നിരക്ഷാസേനയുടെ രണ്ട്‌ യൂണിറ്റുകൾ സ്ഥലത്തുണ്ട്‌. തുടർ തീപിടിത്ത സാധ്യതയിൽ നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു.

കൂനയായ മാലിന്യത്തിൽനിന്ന്‌ പുക ഉയർന്നതോടെ തീപിടിത്തം ശ്രദ്ധയിൽപ്പെട്ടു. മണ്ണുമാന്തി യന്ത്രങ്ങളും അഗ്നിരക്ഷായൂണിറ്റുകളും ഉടൻ സ്ഥലത്തെത്തി. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ മാലിന്യം കോരിമാറ്റി വെള്ളം ഒഴിച്ച്‌ തീയണയ്ക്കാൻ തുടങ്ങി. അതിശക്തമായി പുക ഉയർന്നതോടെ കൂടുതൽ അഗ്നിരക്ഷാ യൂണിറ്റുകളുടെ സഹായംതേടി. കാക്കനാട്‌, ഗാന്ധിനഗർ എന്നിവിടങ്ങളിൽനിന്ന്‌ കൂടുതൽ യൂണിറ്റുകളെത്തി. മേയർ എം അനിൽകുമാർ ഇടപെട്ട്‌ ബിപിസിഎൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്ന്‌ കൂടുതൽ അഗ്നിരക്ഷാ യൂണിറ്റുകളെയും നിയോഗിച്ചു.

പെട്ടെന്ന്‌ തീയണയ്ക്കാനായത്‌ നിതാന്ത ജാഗ്രതയാൽ
ബ്രഹ്മപുരത്ത്‌ മാലിന്യക്കൂമ്പാരത്തിൽ പടർന്ന തീ പെട്ടെന്ന്‌ നിയന്ത്രിക്കാൻ കഴിഞ്ഞത്‌ നിതാന്ത ജാഗ്രത പുലർത്തിയതിനാൽ. നേരത്തേയുണ്ടായ തീപിടിത്തത്തെത്തുടർന്ന്‌ അഗ്നി രക്ഷാസേനയുടെ രണ്ട്‌ യൂണിറ്റ്‌ സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്‌തിരുന്നു. അഗ്നിബാധ ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ ജോലി തുടങ്ങി. ഏലൂർ, പട്ടിമറ്റം, ഗാന്ധിനഗർ, മുളന്തുരുത്തി, തൃക്കാക്കര, തൃപ്പൂണിത്തുറ സ്‌റ്റേഷനുകളിൽനിന്നായി അഗ്നി രക്ഷാസേനയുടെ 12 യൂണിറ്റ്‌ സ്ഥലത്തെത്തി.

മാലിന്യം ഇളക്കിമറിക്കാനായി മണ്ണുമാന്തി യന്ത്രങ്ങളും സജ്ജീകരിച്ചിരുന്നു. സന്ധ്യയോടെ അഗ്നിബാധ പൂർണമായും നിയന്ത്രണവിധേയമായി. രാത്രി എട്ടോടെ പുകയും ശമിച്ചു. മേയർ എം അനിൽകുമാർ, പി വി ശ്രീനിജിൻ എംഎൽഎ, കലക്ടർ എൻ എസ്‌ കെ ഉമേഷ്‌, സബ്‌ കലക്ടർ പി വിഷ്‌ണുരാജ്‌, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ പി ആർ റെനീഷ്‌, വി എ ശ്രീജിത്, വടവുകോട്‌–-പുത്തൻകുരിശ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സോണിയ മുരുകേശൻ തുടങ്ങിയവർ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ഫയർ ഓഫീസർ കെ എൻ സതീശ്‌, റീജണൽ ഫയർ ഓഫീസർ ജെ എസ്‌ സുജിത്‌കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തീയണച്ചത്‌. സ്ഥലത്ത്‌ അഗ്നി രക്ഷാസേന ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top