19 December Friday

അവരുടെ ഓർമകളിൽ ഓമനയായി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023


കൊച്ചി
സുഹൃത്തായും അധ്യാപകനായും ഹൃദയത്തിൽ ഇടംനേടിയ സി ആർ ഓമനക്കുട്ടന്റെ മുഖമായിരുന്നു എല്ലാവരുടെയും മനസ്സിൽ. ഒരുമിച്ചുണ്ടായിരുന്ന വേളകൾ ഓർമയിൽ നിറഞ്ഞു. ഇനിയൊരു കൂടിച്ചേരലില്ലെന്ന്‌ ഓർത്തപ്പോൾ മനംനൊന്തു. മനസ്സിൽ ചേർത്തുവച്ച നിമിഷങ്ങൾ വാക്കുകളായപ്പോൾ തെളിഞ്ഞത്‌ അവരുടെ ഓമനയായ സി ആർ ഓമനക്കുട്ടന്റെ മിഴിവാർന്ന ചിത്രം. ഓമനക്കുട്ടന്റെ സ്വന്തം മഹാരാജാസ്‌ കോളേജിലാണ്‌ ‘ഓമനയോർമകൾ’ എന്നപേരിൽ സുഹൃത്തുക്കളും ശിഷ്യരും സാഹിത്യാസ്വാദകരും ഒത്തുചേർന്നത്‌.

മനുഷ്യബന്ധങ്ങളുടെ ഊഷ്മളത എന്താണെന്നറിയിച്ച അധ്യാപകനാണ്‌ ഓമനക്കുട്ടൻ മാഷെന്ന്‌ ബാലചന്ദ്രൻ ചുള്ളിക്കാട്‌ പറഞ്ഞു. ‘സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആജന്മബന്ധം സൂക്ഷിച്ചു. പാഠപുസ്തകത്തിനപ്പുറംവിദ്യാർഥികളെ പഠിപ്പിച്ചു. ക്ലാസ് മുറിയും സിലബസും മാത്രമുള്ള ലോകമാണ് ഭൂരിഭാഗം അധ്യാപകരും പിന്തുടരുന്നത്. വിദ്യാർഥികളുടെ മനസ്സറിഞ്ഞ് അവരെ എഴുത്തിന്റെയും അനുഭവങ്ങളുടെയും പുതിയ തലങ്ങളിലൂടെ കൊണ്ടുപോകുന്നതാണ്‌ അദ്ദേഹത്തിന്റെ ശൈലി’–- ചുള്ളിക്കാട്‌ പറഞ്ഞു. 

മലയാളഭാഷയിലും പത്രപ്രവർത്തന മേഖലയിലും വേറിട്ടവഴി തുറന്നുകാണിച്ച വ്യക്തിയായിരുന്നു ഓമനക്കുട്ടനെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു. കഥകൾകൊണ്ടും ആഴമുള്ള രാഷ്ട്രീയ നിലപാടുകൾകൊണ്ടും ശ്രദ്ധനേടിയ വ്യക്തിത്വമായിരുന്നുവെന്ന്‌ സുനിൽ പി ഇളയിടം അനുസ്‌മരിച്ചു. കലോത്സവത്തിൽ ജയിച്ച കുട്ടിയെയും തോറ്റ കുട്ടിയെയും ഒരുപോലെ ചേർത്തുനിർത്താനായിരുന്നു മാഷ്‌ ശ്രമിച്ചതെന്ന് സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. സിഐസിസി ജയചന്ദ്രൻ, ഡോ. എം എസ് മുരളി, സുമി ജോയി ഓലിയപ്പുറം, കോളേജ് യൂണിയൻ ചെയർമാൻ പി എസ് ശ്രീകാന്ത്, ഉണ്ണി ആർ, വിജയലക്ഷ്മി, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, റാം മോഹൻ പാലിയത്ത്‌, രമ എസ് കർത്ത എന്നിവരും സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top