19 December Friday

എൻ പത്മനാഭൻ വൈദ്യൻ നാടകം സാമൂഹ്യമാറ്റത്തിനായി ഉപയോഗിച്ച നടൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023


പെരുമ്പാവൂർ
സാമൂഹ്യമാറ്റത്തിന് നാടകം നെഞ്ചിലേറ്റിയ കാലങ്ങൾ ഓർത്തെടുക്കുകയാണ് കുറിച്ചിലക്കോട് മൂലേക്കുടി എൻ പത്മനാഭൻ വൈദ്യൻ (90). നാടകാചാര്യന്മാരായ പി ജെ ആന്റണിയും  ശ്രീമൂലനഗരം വിജയനും നാടകം സംവിധാനം ചെയ്യാനും അഭിനയിക്കാനും കുറിച്ചിലക്കോട് ഗ്രാമത്തിലെത്തിയതും തന്നെ നടനാക്കി മാറ്റിയതും ഇന്നും തിളക്കമുള്ള ഓർമകളാണ്‌ വൈദ്യർക്ക്‌.

ജന്മിത്വം, ജാതി, സാമൂഹിക വ്യവസ്ഥ ഇതൊക്കെയായിരുന്നു നാടക ഇതിവൃത്തങ്ങൾ. കുറിച്ചിലക്കോട് കലാസമിതിയുടെ പേരിലാണ് നാടകം അരങ്ങേറിയിരുന്നത്. കമ്യൂണിസ്റ്റ് പാർടി നേതാവായിരുന്ന പി കെ നാരായണപിള്ളയുടെ വീട്ടിലും പിന്നീട് കർഷകസംഘം ഓഫീസിലുമായിരുന്നു പരിശീലനം. സ്ത്രീ വേഷങ്ങളിലാണ് പത്മനാഭൻ വൈദ്യൻ അഭിനയിച്ചിരുന്നത്. 1960കളിലാണ്‌ പി ജെ ആന്റണിയും ശ്രീമൂലനഗരം വിജയനും കുറിച്ചിലക്കോട് എത്തുന്നത്‌. അവിടെവച്ചാണ്‌ പി ജെ ആന്റണി ‘നമ്മളൊന്ന്’ നാടകം സംവിധാനം ചെയ്യുന്നത്‌. ഭക്ഷണവും വണ്ടിക്കൂലിയും മാത്രമാണ് ചെലവ്.

ശ്രീമൂലനഗരം വിജയൻ സംവിധാനം ചെയ്ത പൊൻകുന്നം വർക്കിയുടെ പൂജ, ഏരൂർ വാസുദേവിന്റെ ജീവിതം അവസാനിക്കുന്നില്ല, സിപിഐ എം നേതാവായിരുന്ന പി ആർ ശിവൻ സംവിധാനം ചെയ്ത കാലടി ഗോപിയുടെ തിളയ്ക്കുന്ന കടൽ തുടങ്ങിയ 20ൽപ്പരം നാടകങ്ങളിൽ വേഷമിട്ടു. കവിയും കർഷകനുമായിരുന്നു. സംസ്കൃതത്തിൽ പഞ്ചമംവരെ പഠിച്ച് ചെറുപ്പത്തിലേതന്നെ പാരമ്പര്യ തൊഴിലായ വൈദ്യചികിത്സ തുടങ്ങി. വാർധക്യത്തിലും കുറിച്ചിലക്കോട് ജങ്ഷനിൽ ആയൂർവേദ കടയും ചികിത്സയും നടത്തുന്നുണ്ട്. ഭാര്യ: ചന്ദ്രിക. മക്കൾ: പത്മകുമാരി, ഉഷാകുമാരി, വത്സല കുമാരി, ബിന്ദു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top