28 March Thursday

വെള്ളക്കെട്ടുനിവാരണം : കൊച്ചിക്ക്‌ ഇയു സഹായം ഉടൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

യൂറോപ്യൻ യൂണിയൻ, ഫ്രഞ്ച് സർക്കാർ, ഫ്രഞ്ച് വികസന ഏജൻസി പ്രതിനിധികളുമായി മേയർ എം അനിൽകുമാർ ചർച്ച നടത്തുന്നു


കൊച്ചി
കൊച്ചിയിലെ വെള്ളക്കെട്ടുനിവാരണത്തിന്‌ സാങ്കേതിക, സാമ്പത്തിക സഹായം നൽകാനുള്ള നടപടികൾ അവസാനവട്ട ചർച്ചയിലാണെന്ന്‌ യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ. വ്യാഴാഴ്ച കൊച്ചിയിലെത്തിയ യൂറോപ്യൻ യൂണിയൻ, ഫ്രഞ്ച് സർക്കാർ, ഫ്രഞ്ച് വികസന ഏജൻസി (എഎഫ്‌ഡി) പ്രതിനിധികളാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. വിവിധ പദ്ധതികളുടെ സമയബന്ധിത പൂർത്തീകരണവും കാലാവസ്ഥാ വ്യതിയാനം, വെള്ളക്കെട്ടുനിവാരണം എന്നീ പ്രശ്നങ്ങളും മേയർ എം അനിൽകുമാർ വിശദീകരിച്ചു. പദ്ധതികളിൽ സാങ്കേതികസഹായത്തിനുപുറമെ സാമ്പത്തികസഹായവും മേയർ അഭ്യർഥിച്ചു.

നോർത്ത്, സൗത്ത് കൊറിഡോർ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കൽ, ബസ് പാത യുക്തിസഹമാക്കാനുള്ള പദ്ധതി, റോഡ് ക്ലസ്റ്റർ പദ്ധതി, ജനറൽ ആശുപത്രിയും 12 പ്രാഥമികാരോഗ്യകേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന 16 കോടിയുടെ സിറ്റീസ് പദ്ധതി എന്നിവയാണ്‌ യൂറോപ്യൻ യൂണിയന്റെയും എഎഫ്‌ഡിയുടെയും സഹകരണത്തോടെ നഗരസഭ ആരംഭിച്ചത്‌.

വിദ്യാർഥികൾക്ക്‌ ഉന്നതവിദ്യാഭ്യാസ സാധ്യത മെച്ചപ്പെടുത്താനുള്ള പരിപാടി സംഘടിപ്പിക്കാൻ ഫ്രഞ്ച് സർക്കാർ തീരുമാനിച്ച വിവരം പ്രതിനിധികൾ മേയറെ അറിയിച്ചു. സംസ്ഥാനത്തെ വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ പഠിക്കാൻ അവസരമൊരുക്കണമെന്ന്‌ മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു. ഇത്‌ പരിഗണിച്ചാണ്‌ ഒക്ടോബറിൽ പരിപാടി സംഘടിപ്പിക്കുന്നത്‌. നഗരങ്ങൾക്കുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നത്‌ കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണെന്നും ഇതിലേക്ക്‌ കൊച്ചിയെ  തെരഞ്ഞെടുക്കുമെന്നാണ്‌ പ്രതീക്ഷയെന്നും സംഘം അറിയിച്ചു.

ഇ-–-ഓട്ടോറിക്ഷ, വാട്ടർ മെട്രോ, നഗരഗതാഗത പദ്ധതികൾ എന്നിവയ്‌ക്ക്‌ പ്രതിനിധിസംഘം പിന്തുണ അറിയിച്ചു. യൂറോപ്യൻ യൂണിയൻ ഹെഡ് ഓഫ് കോ-–-ഓപ്പറേഷൻ ഡാനിയൽ ഹാച്ചെസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ കൊച്ചിയിലെത്തിയത്‌. സ്മാർട്ട്‌ സിറ്റി പ്രതിനിധികളും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top