18 December Thursday

പതിനേഴുകാരന് ക്രൂരമർദനം: 
അമ്മയും സുഹൃത്തും അമ്മൂമ്മയും അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023


കളമശേരി
പതിനേഴുകാരനെ ഇരുമ്പുവടിക്ക്‌ അടിച്ച്‌ പരിക്കേൽപ്പിച്ച കേസിൽ അമ്മയും കൂട്ടുകാരനും അമ്മൂമ്മയും അറസ്റ്റിൽ. തമിഴ്‌നാട്ടുകാരായ വിടാക്കുഴ രണ്ടുസെന്റ് കോളനി അരിമ്പാറ വീട്ടിൽ രാജേശ്വരി (31), അമ്മ വളർമതി (49), രാജേശ്വരിയുടെ സുഹൃത്ത് വയനാട് സുൽത്താൻ ബത്തേരി ചാപ്പക്കൊല്ലി വീട്ടിൽ സുനീഷ് (32) എന്നിവരെയാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

അമ്മ രാജേശ്വരിയും സുഹൃത്തുമായുള്ള ബന്ധം മകൻ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തെ തുടർന്ന് മർദിച്ചുവെന്നാണ് പൊലീസ് കേസ്. തിങ്കൾ രാവിലെ  രാജേശ്വരി മകന്റെ നെഞ്ചിലും വയറിലും കത്രികയ്ക്ക് വരഞ്ഞു. വളർമതി ഇരുമ്പുവടികൊണ്ട് തലയിലും രണ്ട് കൈയിലും തോളിലും അടിക്കുകയുമായിരുന്നു. പതിനേഴുകാരന്റെ വലതു കൈപ്പത്തിയിൽ രണ്ടു പൊട്ടലുണ്ട്‌. ഇരുകൈകളിലും തോളിലും പരിക്കുണ്ട്‌. വലതു ചെന്നിയിൽ കടിയേറ്റ മുറിവുമുണ്ട്. മര്യാദയ്ക്ക് താമസിച്ചില്ലെങ്കിൽ വീട്ടിൽനിന്ന് ഇറക്കിവിടുമെന്ന്‌ ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം. മർദനത്തെ തുടർന്ന് തിങ്കൾ വൈകിട്ട് കൂട്ടുകാരന്റെ സഹായത്തോടെ പതിനേഴുകാരൻ ആലുവ താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

പരിക്കിന്റെ സ്വഭാവം കണ്ടാണ് ഡോക്ടർ കളമശേരി പൊലീസിന് വിവരം നൽകിയത്. കുട്ടിയെ മർദിച്ച ദിവസംതന്നെ അമ്മയും കാമുകനും ഹോട്ടലിലേക്ക് താമസം മാറി. ഇവിടെവച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ജനുവരിയിൽ സുനീഷ് പതിനേഴുകാരനെ കഴുത്തിൽ ഞെക്കി മതിലിനോട് ചേർത്തുപിടിച്ച് തലയ്ക്കും ശരീരം മുഴുവനും വടികൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. കാന്താരി മുളക് തീറ്റിക്കുകയും ചെയ്തതായി പറയുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്‌തികരമാണ്‌. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top