05 July Tuesday

വിജയക്കുതിപ്പിന്‌ ചിറക്‌ നൽകി നാട്‌

അമൽ ഷൈജുUpdated: Wednesday May 25, 2022


കൊച്ചി
വിജയത്തിലേക്ക്‌ പറന്നുയരാൻ തൃക്കാക്കരയുടെ ജനകീയമുഖം, ഡോ. ജോ ജോസഫിനെ ചിറകുകളിലേറ്റി തൃക്കാക്കര ജനത. കുഞ്ഞുചിത്രശലഭങ്ങളായി ചിറകുകളിൽ പ്രിയഡോക്ടറുടെ ചിത്രവുമായി സ്വീകരണകേന്ദ്രങ്ങളിൽ എത്തിയ കുരുന്നുകളെ ആവേശത്തോടെ എൽഡിഎഫ്‌ സാരഥി ഏറ്റെടുത്തു. പൊതുപര്യടനത്തെ തൃക്കാക്കര വെസ്റ്റിലെ തോട്ടപ്പാടിൽ കുട്ടിച്ചിത്രശലഭങ്ങളും ആകാശം നിറഞ്ഞ വർണക്കാഴ്ചകളും ചേർന്നാണ്‌ വരവേറ്റത്‌. കൊച്ചുകൂട്ടുകാരും മുതിർന്നവരും പ്രായഭേദമന്യേ താലത്തിൽ പൂക്കളും പഴങ്ങളുമായി ഡോ. ജോക്കായി കാത്തുനിന്നു. വാദ്യമേളങ്ങളും മുദ്രാവാക്യം വിളികളും സ്വീകരണത്തിന്‌ അകമ്പടിയേകി.

രാവിലെ ഇടപ്പള്ളി ചങ്ങമ്പുഴ ക്രോസ്‌ റോഡിൽനിന്ന്‌ ആരംഭിച്ച പര്യടനം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. അഞ്ചനപ്പള്ളി, മിൽമ, ആൽത്തറ തുടങ്ങിയ പ്രദേശങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ഉച്ചയോടെ കായിക്കര ജങ്‌ഷനിലെത്തി. സ്വീകരണകേന്ദ്രങ്ങളിൽ നൂറുകണക്കിന്‌ വോട്ടർമാർ സ്ഥാനാർഥിക്ക്‌ പിന്തുണയുമായി എത്തി. വൈകിട്ട്‌ നാലിന്‌ ഇന്ദിര ജങ്‌ഷനിൽനിന്ന്‌ പുനരാരംഭിച്ച പര്യടനം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്‌ഘാടനം ചെയ്തു. മൂന്നിന്‌ നിശ്ചയിച്ചിരുന്ന ഉദ്‌ഘാടനം സ്ഥാനാർഥി എത്താൻ അൽപ്പം വൈകിയതോടെ രാമചന്ദ്രൻ കടന്നപ്പള്ളിയോട്‌ ഗോദയിലേക്ക്‌ ഇറങ്ങാൻ കേരള ബാങ്ക്‌ പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കലിന്റെ ക്ഷണം. ‘ഞങ്ങൾ തമ്മിൽ അടുത്തബന്ധമാണെന്നും ക്ഷണമായിട്ടല്ല ആജ്ഞാപനമായി കാണുന്നു’ എന്നു പറഞ്ഞ്‌ മൈക്കുമെടുത്ത്‌ കടന്നപ്പള്ളിയുടെ വക പാട്ട്‌. സദസ്സിനെ ആവേശത്തിലാക്കി പാട്ട്‌ അവസാനിച്ചതോടെ സ്ഥാനാർഥി എത്തി പര്യടനം ആരംഭിച്ചു. ലിസി ആശുപത്രിയിലെ സഹപ്രവർത്തകൻ ഡോ. തോമസ് പുത്തനങ്ങാടിയെ വഴിയരികിൽ കണ്ടതോടെ വണ്ടിയിൽനിന്ന്‌ ഇറങ്ങി ഡോ. ജോ ഓടിയെത്തി. ഡോ. തോമസിനോടും കുടുംബത്തോടും പിന്തുണ തേടിയും വിശേഷങ്ങൾ പറഞ്ഞും രണ്ടുമിനിറ്റിൽ തിരികെ തുറന്നവാഹനത്തിലേക്ക്‌. താണപാടത്ത്‌ മുത്തുക്കുടകളുമായി നാട്‌ ഡോ. ജോയെ വരവേറ്റു. മുൻ കോൺഗ്രസ്‌ പ്രവർത്തകൻ ടി ആർ ഷൺമുഖൻ മാലയിട്ട്‌ സ്വീകരിച്ചു.

കോൺഗ്രസ്‌ നേതാക്കളുടെ അഴിമതിയിലും ഗുണ്ടായിസത്തിലും പ്രതിഷേധിച്ച്‌ രാജിവച്ചാണ്‌ ഷൺമുഖൻ എൽഡിഎഫിനൊപ്പം ചേർന്നത്‌. പര്യടനവഴിയിലെല്ലാം നിരവധി ആളുകൾ സെൽഫി എടുക്കാനും പൂക്കൾ നൽകാനും കാത്തുനിന്നു. പര്യടനം പൊയ്യച്ചിറയിൽ എത്തിയപ്പോൾ എൽഡിഎഫ്‌ പ്രവർത്തകർ ഒരുക്കിയ വഞ്ചിയിൽ കയറണമെന്ന്‌ സ്ഥാനാർഥിക്ക്‌ ആഗ്രഹം. തൃക്കാക്കര നഗരസഭയുടെ രണ്ടേക്കറിലുള്ള ചിറ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മീൻകൃഷി നടത്തിയിരുന്നതാണ്‌. സിപിഐ എം ടിവി സെന്റർ ബ്രാഞ്ച്‌ അംഗം എം ഐ അബ്ദുറഹിം നടത്തിയിരുന്ന കൃഷി രണ്ടാഴ്ചമുമ്പാണ്‌ വിളവെടുത്തത്‌.

വഞ്ചിയിൽ കയറി എൽഡിഎഫ്‌ പ്രവർത്തകരോടൊപ്പം അൽപ്പസമയം ചെലവഴിച്ച്‌ ഫോട്ടോ എടുത്ത്‌ പര്യടനം തുടർന്നു. വൈകിട്ടോടെ ഓരോ കേന്ദ്രത്തിലും ആളുകളുടെ എണ്ണം വർധിച്ചു. സെസിനുമുന്നിൽ തൊഴിലാളികളുടെ സ്വീകരണം ആവേശക്കടലായി. തുതിയൂരിൽ രണ്ടു കലാകാരികൾ വരച്ച ഡോ. ജോയുടെ കാരിക്കേച്ചർ സ്വീകരണത്തിനിടെ അദ്ദേഹത്തിന്‌ കൈമാറി. ഈച്ചമുക്ക്‌, ചാത്തനാംപാറ, ആനമുക്ക്‌, ലക്ഷംവീട്‌ എന്നിവിടങ്ങളിൽ പര്യടനം നടത്തി രാത്രിയോടെ പാലച്ചുവട്ടിൽ സമാപിച്ചു.


ഡോ. ജോ ജോസഫ്‌ ഇന്ന്‌ തമ്മനത്തും 
തൃക്കാക്കരയിലും

എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫ്‌ ബുധനാഴ്ച തമ്മനത്തും തൃക്കാക്കരയിലും പര്യടനം നടത്തും. രാവിലെ 7.30ന്‌ കതൃക്കടവ്‌ കെടിഎച്ചിനുമുമ്പിൽനിന്ന്‌ ആരംഭിക്കും. എ കെ ജി നഗർ, കളത്തുങ്കൽ ബാവ റോഡ്‌, അഞ്ചുമുറി കപ്പപ്പള്ളി എന്നിവിടങ്ങളിൽ പര്യടനംനടത്തി ഉച്ചയോടെ ലേബർ നഗറിലെത്തും. പകൽ 3.30ന്‌ തൃക്കാക്കര ജുമാ മസ്‌ജിദിൽനിന്ന്‌ ആരംഭിച്ച്‌ കരിമക്കാട്‌, ഇഞ്ചിപ്പറമ്പ്‌, ചെമ്പുമുക്ക്‌, ചാത്തൻവേലി പാടം, കണ്ണംകുളം എന്നിവിടങ്ങളിൽ പര്യടനം നടത്തി അമ്പാടിമൂലയിൽ സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top