കൊച്ചി
ചേരാനല്ലൂർ ജിഎൽപിഎസിൽ കുരുന്നുകൾക്ക് പഠനം ഇനി കൂടുതൽ രസകരമാകും. പുതിയ കെട്ടിടത്തിനൊപ്പം സമഗ്രശിക്ഷാ കേരളയുടെ വർണക്കൂടാരവും സ്കൂളിൽ ഒരുങ്ങി. പ്രീ പ്രൈമറി കുട്ടികളുടെ പഠനം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ ലക്ഷ്യമിട്ടുള്ള സമഗ്രശിക്ഷാ കേരളയുടെ സ്റ്റാഴ്സ് പദ്ധതിയിലാണ് "വർണക്കൂടാരം' നിർമിക്കുന്നത്. ശിശുസൗഹൃദ ഇടങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് കണ്ടും കേട്ടും തൊട്ടറിഞ്ഞും പഠിക്കാനുള്ള 30 തീമുകളിൽ 13 എണ്ണമാണ് ക്ലാസ്‌മുറികളിലും പുറത്തുമായി ഒരുക്കിയിട്ടുള്ളത്. ഇതിൽ വാഹനം എന്ന തീമിൽ സ്കൂൾമുറ്റത്ത് കപ്പലും വിമാനവും നിർമിച്ചിട്ടുണ്ട്.
സിമന്റിൽ നിർമിച്ച കപ്പലിനകത്തും പുറത്തും കുട്ടികൾക്ക് പഠിക്കാനും കളിക്കാനും സൗകര്യമുണ്ട്. കാടിന്റെ പശ്ചാത്തലത്തിലാണ് സ്കൂളിന്റെ പുറംചുവരുകൾ. ചുവരിൽ മരങ്ങളും മൃഗങ്ങളും വെള്ളച്ചാട്ടവുമെല്ലാം മനോഹരമായി വരച്ചിരിക്കുന്നു. സ്കൂളിനുമുന്നിൽ നിർമിച്ചിട്ടുള്ള ഹരിത ഉദ്യാനപാർക്കിൽ സിമന്റിൽ നിർമിച്ച ഡോൾഫിൻ മാതൃകയിലുള്ള രണ്ട് ആർച്ച്, ഏറുമാടങ്ങൾ, പഴങ്ങളുടെയും പച്ചക്കറികളുടെയും ആകൃതിയിൽ നിർമിച്ച ഇരിപ്പിടങ്ങൾ, ശലഭോദ്യാനം തുടങ്ങിയവയുമുണ്ട്. ക്ലാസ്‌മുറികളിൽ അഭിനയം, ശാസ്ത്രം, വായന, ഗണിതം, സംഗീതം തുടങ്ങിയവയ്ക്കായി വിവിധ കോർണറുകളുമുണ്ട്. 10 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..