കൊച്ചി
ടെമ്പറ ചിത്രരചനയെ പരിചയപ്പെടുത്തുന്ന ‘-ടെമ്പറ മെന്റർ’ ശിൽപ്പശാലയ്ക്ക് തുടക്കം. ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ശനി, ഞായർ ദിവസങ്ങളിലാണ് ശിൽപ്പശാല. നയിക്കുന്നത് കൊൽക്കത്തയിൽനിന്നുള്ള യുവചിത്രകാരി മീനാക്ഷിസെൻ ഗുപ്‌തയാണ്. പരമ്പരാഗത ഇന്ത്യൻ സമ്പ്രദായത്തിലുള്ള ടെമ്പറ ചിത്രരചനയെ കൂടുതൽപേർക്ക് പരിചയപ്പെടുത്താൻ ശിൽപ്പശാല സഹായിക്കുമെന്ന് മീനാക്ഷി പറഞ്ഞു. അന്തരിച്ച ബിനോദ് ബിഹാരി മുഖർജിയുടെ ചിത്രപ്രദർശനം നിലവിൽ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ നടക്കുന്നതിൽ ടെമ്പറ ചിത്രങ്ങളുമുണ്ട്. ഹാൻഡ്മെയ്ഡ് പേപ്പർകൊണ്ട് ചിത്രം വരയ്ക്കാൻ പ്രതലം ഒരുക്കുകയാണ് ആദ്യം ചെയ്യുന്നത്. ശിൽപ്പശാലയ്ക്കെത്തിയവർക്ക് മീനാക്ഷി അത് വിവരിച്ചുനൽകി.
കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 22 പേരാണ് ശിൽപ്പശാലയിൽ പങ്കെടുക്കാൻ എത്തിയത്. ജലച്ചായ പ്രകൃതിവർണങ്ങൾ ഉപയോഗിച്ചാണ് രചന. വർണങ്ങളുടെ തിളക്കത്തിനും നീണ്ടകാലത്തെ നിലനിൽപ്പിനും വഴക്കത്തിനും മുട്ടയുടെ വെള്ള, തുരിശ് എന്നിവ ചേർക്കും. മുട്ടയുടെ മഞ്ഞ ഉപയോഗിക്കുന്ന എഗ് ടെമ്പറ, കെസിൻ ടെമ്പറ എന്നീ വിദേശസങ്കേതങ്ങളും പ്രചാരത്തിലുണ്ട്. സാംസ്‌കാരികവകുപ്പും ലളിതകലാ അക്കാദമിയും ചേർന്നാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. ഞായറാഴ്ച സമാപിക്കും. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..