കൊച്ചി
കൊച്ചി മെട്രോ ചരിത്രത്തിലാദ്യമായി പ്രവർത്തനലാഭം കൈവരിച്ചു. 2022–-23 വർഷത്തിൽ 5.35 കോടി രൂപയുടെ പ്രവർത്തനലാഭമാണ് കൊച്ചി മെട്രോ നേടിയത്. മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 145 ശതമാനമാണ് വർധന. പ്രവർത്തനമാരംഭിച്ച് അഞ്ചുവർഷത്തിനുള്ളിൽ പ്രവർത്തനലാഭത്തിലെത്തിയത് അഭിമാനാർഹമായ നേട്ടമായി.
കൊച്ചി മെട്രോ 2017 ജൂണിലാണ് സർവീസ് ആരംഭിച്ചത്. ആദ്യമാസം 59,894 പേർ യാത്ര ചെയ്തു. ആഗസ്‌തിൽ യാത്രക്കാരുടെ എണ്ണം 32,603 ആയി കുറഞ്ഞെങ്കിലും ഡിസംബറിൽ 52,254 ആയി ഉയർന്നു. 2018ൽ യാത്രക്കാർ നാൽപ്പതിനായിരത്തോളമായിരുന്നു. എന്നാൽ, 2019 ഒക്ടോബറിനും ഡിസംബറിനുമിടയിൽ അറുപതിനായിരത്തിലധികം യാത്രക്കാരുണ്ടായി. കോവിഡ് കാലത്ത് 2021 മേയിൽ യാത്രക്കാർ 5300 ആയി കുറഞ്ഞെങ്കിലും പ്രതിസന്ധിക്കുശേഷം ജൂലൈയിൽ 12,000 ആയി ഉയർന്നു. 2022 സെപ്തംബറിനും നവംബറിനുമിടയിൽ ശരാശരി 75,000 യാത്രക്കാരുണ്ടായി. 2023 ജനുവരിയിൽ 80,000 കടന്നു. പിന്നീട് സ്ഥിരതയോടെ ഒരു ലക്ഷത്തിലേറെ യാത്രക്കാരായി.
2020-–-21 ൽ 12.90 കോടിയായിരുന്നു ടിക്കറ്റ് വരുമാനം. 2022-–-23ൽ 75.49 കോടിയായി. 485 ശതമാനം വർധന കൈവരിച്ചു. ടിക്കറ്റിതര വരുമാനത്തിലും പുരോഗതിയുണ്ടായി. 2020–-21 ലെ 41.42 കോടിയിൽനിന്ന് ഈ സാമ്പത്തികവർഷം 58.55 കോടിയായി ഉയർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..